Your Image Description Your Image Description

മംഗളൂരു: നവജാത ശിശുവിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് മാതാവ്. രണ്ടാമതും പിറന്നത് പെൺകുഞ്ഞായതോടെ കുടുംബത്തിലെ പഴി ഭയന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. സിറ താലൂക്കിൽ കല്ലമ്പെല്ലക്കടുത്ത മതനഹള്ളി ഗ്രാമത്തിലാണ് സംഭവം. പെൺകുഞ്ഞ് പിറന്നതിനാൽ കുടുംബത്തിൽ നിന്ന് കേൾക്കേണ്ടിവരുന്ന ശകാരവും പഴിയും ഭയന്നാണ് കമലമ്മ എന്ന സ്ത്രീ തനിക്ക് രണ്ടാമതും പിറന്ന കുഞ്ഞിനെ ഉപേക്ഷിച്ചത്. വീട്ടിലായിരുന്നു കമലമ്മയുടെ പ്രസവം. കുഞ്ഞിനെ പുതപ്പിൽ പൊതിഞ്ഞ് കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ കാലി മേയ്ക്കാൻ വന്ന സ്ത്രീകൾ കുറ്റിക്കാട്ടിൽ കിടന്ന കുഞ്ഞിനെ രക്ഷപെടുത്തി.

ഇവർ കുഞ്ഞിന്റെ കരച്ചിൽ കേൾക്കുകയും. തുടർന്ന് നടത്തിയ തെരച്ചിലിൽ കുഞ്ഞിനെ കണ്ടെത്തുകയും ചെയ്തു. ഒപ്പമുള്ള സ്ത്രീകൾ കുഞ്ഞിനെ പരിപാലിക്കുകയും മുലയൂട്ടുകയും ചെയ്തു. കല്ലമ്പെല്ല പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് എത്തി കുഞ്ഞിനെ പിന്നീട് വനിതാ ശിശു വികസന വകുപ്പിന് കൈമാറുകയുമായിരുന്നു. ദാരിദ്ര്യവും വീണ്ടും പെൺകുട്ടിയെ പ്രസവിച്ചതിന് കുടുംബത്തിൽ നിന്നുണ്ടായ ശകാരവുമാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ കാരണമെന്ന് കമലമ്മ ഉദ്യോഗസ്ഥരോട് പറഞ്ഞു. അമ്മയും കുഞ്ഞും ഇപ്പോൾ സിറയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

വീട്ടിലെ ദാരിദ്രവും, പെൺകുഞ്ഞിനെ വളർത്തുന്നതിനുള്ള ചെലവും ഭയന്നാണ് കുട്ടിയെ ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് കമലമ്മ പറഞ്ഞു. തനിക്ക് കുട്ടിയെ ഉപേക്ഷിക്കണമെന്ന് താൽപര്യമില്ലായിരുന്നുവെന്നും, സാഹചര്യത്തിന്റെ സമ്മർദ്ദം മൂലം അങ്ങനെ ചെയ്യേണ്ടി വന്നതാണെന്നും കമലമ്മ ഉദ്യോഗസ്ഥരോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *