ഭൂമി കൈയേറ്റത്തിന് കുരിശ് മറയാക്കാനുള്ള പാസ്റ്ററിന്റെ കുടില ബുദ്ധിയാണ് കഴിഞ്ഞ ദിവസം പരുന്തുംപാറയിൽ പൊളിച്ചടുക്കിയത്. ജില്ലാ കളക്ടറുടെ നിരോധനാജ്ഞയും സ്റ്റോപ്പ് മെമ്മോയും മറികടക്കാനാണ് മത- സാമുദായിക സംഘടനകളുടെ പിന്തുണ കിട്ടുമെന്ന പ്രതീക്ഷയോടെ തന്റെ കൈയേറ്റ ഭൂമിയിൽ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി പാസ്റ്റർ സജിത്ത് കുരിശ് സ്ഥാപിച്ചത്.
രണ്ടാം ശനിയും ഞായറും അവധിയായതിനാൽ നടപടിയെടുക്കാൻ വൈകുമെന്നത് മുന്നിൽക്കണ്ടാണ് ഇയാൾ വെള്ളിയാഴ്ച ദിവസം മറ്റൊരു സ്ഥലത്ത് നിന്ന് കൊണ്ടുവന്ന കുരിശ് ഇവിടെ സ്ഥാപിച്ചത്. ഇതിന് പിന്നിൽ പരുന്തുംപാറയിലെ തന്നെ ചില റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടായിരുന്നു .
സ്റ്റോപ്പ് മെമ്മോ നൽകിയ സ്ഥലങ്ങളിൽ അനധികൃത നിർമ്മാണം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടറുടെ നിർദ്ദേശമുണ്ടായിരുന്നു. ഇത് മറികടന്ന് വലിയ ഒരു കുരിശ് കൈയേറ്റ ഭൂമിയിലെത്തിച്ച് കോൺക്രീറ്റ് ചെയ്ത കുഴിച്ചിട്ടു .
സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ റവന്യൂ ഉദ്യോഗസ്ഥർ നടപടിയുമായി രംഗത്തെത്തി . തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഉദ്യോഗസ്ഥർ മൂന്ന് മണിക്കൂർ സമയം എടുത്ത് ഹാമർ ബ്രേക്കർ ഉപയോഗിച്ചാണ് കോൺക്രീറ്റ് കുരിശ് പൊളിച്ച് മാറ്റിയത്.
സംഭവത്തിൽ സജിത്തിനെതിരെ വണ്ടിപ്പെരിയാർ പൊലീസ് കേസെടുത്തു . പരുന്തുംപാറയിൽ 3.31 ഏക്കർ സർക്കാർ ഭൂമി സജിത്ത് കൈയേറി റിസോർട്ട് നിർമ്മിച്ചു . ഇത് കേസാവുകയും ഹൈക്കോടതിയിലെത്തുകയും ചെയ്തു .
ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഇതിന്റെ അടിസ്ഥാനത്തിൽ കൈയേറ്റമൊഴുപ്പിക്കുന്നതിന് മുന്നോടിയായി പീരുമേട് താലൂക്കിൽ ജില്ലാ കളക്ടർ രണ്ട് മാസത്തോളം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
സർക്കാർ ഭൂമിയിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി , കൈയേറ്റഭൂമിയിൽ പണികൾ നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്താൻ പരിശോധന നടത്താനും നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത് അവഗണിച്ചാണ് മതപരമായ സഹായം കിട്ടുമെന്ന് കരുതി പൊടുന്നനെ കുരിശ് സ്ഥാപിച്ചത്.
2016ൽ ചിന്നക്കനാലിനടുത്ത് പാപ്പാത്തിചോലയിൽ സ്പിരിറ്റ് ഇൻ ജീസസ് എന്ന സംഘടന കുരിശ് സ്ഥാപിച്ച് കൈയേറിയ 300 ഏക്കറിലധികം വരുന്ന റവന്യൂ ഭൂമി തിരിച്ചു പിടിച്ചിരുന്നു. അവിടെ സ്ഥാപിച്ചിരുന്ന വലിയ കുരിശ് ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചുനീക്കിയത് അന്ന് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
കുരിശ് പൊളിച്ചു നീക്കിയതിനെതിരെ അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി വിമർശനം ഉന്നയിച്ചിരുന്നു. തുടർന്ന് കോൺഗ്രസ് അടക്കമുള്ള പാർട്ടികളും മത മേലദ്ധ്യക്ഷന്മാരും വിമർശനവുമായി രംഗത്തെത്തി . അതോടെ ചിന്നക്കനാൽ മേഖലയിലെ കൈയേറ്റമൊഴിപ്പിക്കൽ താത്കാലികമായി നിർത്തിവച്ചു .
ഇതിനിടെ പരുന്തുംപാറയിൽ യാതൊരുവിധ നിർമ്മാണപ്രവൃത്തികളും അനുവദിക്കരുതെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടു. മാത്രമല്ല പരുന്തുംപാറയിലെ കൈയേറ്റക്കാരുടെ പട്ടിക ഹാജരാക്കാൻ സർക്കാരിന് നിർദ്ദേശവും നൽകി.