Your Image Description Your Image Description

മുംബൈ: ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ വാർ 2 ചിത്രീകരണത്തിനിടെ ഹൃത്വിക്ക് റോഷന് പരിക്ക്. ജൂനിയർ എൻ‌ടി‌ആറിനൊപ്പമുള്ള ഡാന്‍സിന്‍റെ റിഹേഴ്സലിനിടെയാണ് ഹൃത്വിക്കി​ന്റെ കാലിന് പരിക്കേറ്റതെന്നാണ് റിപ്പോർട്ട്. നാലാഴ്ചത്തേക്ക് വിശ്രമം വേണമെന്ന് ഡോക്ടർ പറഞ്ഞതിനാൽ ഡാൻസ് ചിത്രീകരണം മാറ്റിവെച്ചിരിക്കുകയാണ്. ഹൃത്വിക് റോഷനും ജൂനിയർ എൻടിആറും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.

നാല് ആഴ്ചത്തേക്ക് കാലിന് വിശ്രമം നൽകാനാണ് താരത്തോട് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഇതോടെ അവസാ ഷെഡ്യൂളായി നിശ്ചയിച്ചിരുന്ന ചിത്രത്തിലെ ഗാനത്തിന്റെ ചിത്രീകരണം ഇപ്പോൾ മാറ്റിവച്ചിരിക്കുകയാണ്. മെയ് മാസത്തിൽ ഈ ഗാന രംഗം ചിത്രീകരിക്കും. എന്നാല്‍ ഇത് മൂലം സിനിമയുടെ റിലീസ് വൈകില്ലെന്നാണ് വിവരം.

ബോളിവുഡ് ഹംഗാമയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ‘വാർ 2’ എന്ന ചിത്രത്തിനായി ജൂനിയർ എൻ‌ടി‌ആറിനൊപ്പമുള്ള ഗാനത്തിന്റെ റിഹേഴ്സലിനിടെ ഹൃത്വിക് റോഷൻ വീഴുകയായിരുന്നു. കൂടുതൽ അപകടസാധ്യതകൾ വരുത്താതെ ഈ വലിയ ഗാനം ചിത്രീകരിക്കുന്നതിന് മുമ്പ് കാലിന് വിശ്രമം നൽകണമെന്ന് ഹൃത്വിക്കിനോട് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത് എന്ന് ഒരു വൃത്തം വ്യക്തമാക്കി.

ഹൃത്വിക്, ജൂനിയർ എൻ‌ടി‌ആർ എന്നിവർ അഭിനയിക്കുന്ന ഡാൻസ് മെയ് മാസത്തിൽ ചിത്രീകരിക്കുമെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. “എല്ലാ പ്രധാന അഭിനേതാക്കളുടെയും ചിത്രീകരണം പൂർത്തിയായി, ചിത്രം ഇതിനകം പോസ്റ്റ് പ്രൊഡക്ഷനിലാണ്. ഗാനം ബാക്കിയുള്ളത് ചിത്രത്തിന്റെ പ്രൊമോഷൻ മാർക്കറ്റിംഗ് എന്നിവയെ തടസ്സപ്പെടുത്തുന്നില്ല. വാർ 2 2025 ഓഗസ്റ്റ് 14 ന് ലോകമെമ്പാടും തിയേറ്ററുകളിൽ റിലീസ് ചെയ്യും” വൃത്തങ്ങൾ അറിയിച്ചു.

അയാൻ മുഖർജി സംവിധാനം ചെയ്ത ‘വാർ 2’, ആദിത്യ ചോപ്രയുടെ വൈആർഎഫ് സ്പൈ യൂണിവേഴ്‌സിന്റെ ഭാഗമാണ്. ഹൃത്വിക് റോഷനും ജൂനിയർ എൻ‌ടി‌ആറും കൂടാതെ, ചിത്രത്തിൽ കിയാര അദ്വാനിയും അഭിനയിക്കുന്നു.

മേജർ കബീർ ധാലിവാൾ എന്ന കഥാപാത്രത്തെ ഹൃത്വിക് വീണ്ടും അവതരിപ്പിക്കും, എൻ‌ടി‌ആർ ജൂനിയർ ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ഇത്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത 2019 ലെ ആക്ഷൻ ത്രില്ലർ ചിത്രമായ വാറിന്റെ തുടർച്ചയായാണ് ഈ ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *