Your Image Description Your Image Description

സീറോ മലബാർ സഭയും എറണാകുളം അതിരൂപതയും എന്ന പംക്തിയിൽ കഴിഞ്ഞ എപ്പിസോഡിൽ
പറഞ്ഞതുപോലെ , ചില കാര്യങ്ങൾ ആന്റണി നരിക്കുളം അച്ഛനോട് പങ്കുവയ്ക്കാതെ പോകുന്നത് ശരിയല്ല. അതിലെ ഏറ്റവും പരമപ്രധാനമായ കാര്യം , അച്ഛനെ പോലെ ദൈവശാസ്ത്ര പണ്ഡിതനായ ഒരാൾ ,അത് പോരാഞ്ഞിട്ട് പ്രായത്തിന്റെ പക്വതയും ,വർഷങ്ങളോളം സെമിനാരിയിൽ പഠിപ്പിച്ച അനുഭവ ജ്ഞാനവും, ഉള്ള ഒരാൾ ഒരിക്കലും ഒരു പക്ഷം ചേർന്ന് നിന്ന് മാർപാപ്പയെ അനുസരിക്കരുതെന്ന് പഠിപ്പിക്കരുത്.

എന്ത് കാരണം കൊണ്ടുമാകട്ടെ , ആരെല്ലാം തെറ്റിദ്ധരിപ്പിച്ചതുകൊണ്ടുമാകട്ടെ ഒരു തീരുമാനം പറഞ്ഞാൽ ആ തീരുമാനം നടപ്പിലാക്കണമായിരുന്നു. കാരണം തിരുസഭയെ സംബന്ധിച്ച കാര്യങ്ങൾ പഠിപ്പിക്കുമ്പോൾ മാർപാപ്പയ്ക്ക് തെറ്റാ വരമുണ്ടന്ന് സാധാരണ വിശ്വാസികളെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത് നിങ്ങളൊക്കെ തന്നെയാണ്.

അടിസ്ഥാനപരമായി എറണാകുളം രൂപതക്കാർക്ക് പറ്റിയ തെറ്റുകൾ പരിശോധിച്ചാൽ , ആദ്യമായി രണ്ട് വികാരിയാത്തുകൾ ഉണ്ടാകുന്നത് തൃശ്ശൂരും കോട്ടയവും ആണ്. അതിന്റെ കാരണം ഒരുപക്ഷേ അന്ന് നാട്ടുരാജ്യങ്ങളായിരുന്നപ്പോൾ തിരുവിതാംകൂർ നാട്ടുരാജ്യത്ത് ക്രിസ്ത്യൻ ജനസംഖ്യ വളരെ കൂടുതലായിരുന്നു.

കൊച്ചിയും മലബാറും കൂടി ചേർത്താകാം കൊച്ചി രാജ്യത്തിന്റെ ഏതാണ്ട് വടക്കേ അറ്റമായ തൃശ്ശൂരിൽ വികാരിയാത്തു തുടങ്ങിയത്. മലബാറിലെ ഈ പറയുന്ന ജനസംഖ്യ ഒന്നുമില്ല, പിന്നീട് തിരുവിതാംകൂർ പ്രദേശത്തുനിന്ന് കുടിയേറി പാർത്തവരാണ് മലബാറിലുള്ള ഭൂരിപക്ഷം പേരും.

ഇതിനിടയിലാണ് മുൻപ് പറഞ്ഞിട്ടുള്ളതുപോലെ ചാലക്കുടി പുഴയ്ക്ക് തെക്കും തലയോലപ്പറമ്പിനും ചേർത്തലയ്ക്കുമിടയിലുമായി ഒരു രീതിയിലും വളർച്ച സാധ്യതയില്ലാത്ത നിലയിൽ ഒരു വികാരിയത്തു രൂപം കൊള്ളുന്നത്.

ഇതിനിടയിലെ തൃശൂർ രൂപത വിഭജിച്ച് തലശ്ശേരി രൂപത രൂപം കൊണ്ടു. അതിന് സമാന്തരമായി കോതമംഗലം രൂപത വന്നു . ഏതാണ്ട് ആ സമയത്ത് തന്നെ ചങ്ങനാശ്ശേരി വിഭജിച്ച് പാലാ രൂപതയും വന്നു .
ഇങ്ങനെ ഏതാണ്ട് 1970 കൾ വരെ സമാസമം മുന്നോട്ടുപോയി. പിന്നീട് രൂപതകളുടെ ഒരു പ്രളയം തന്നെയായിരുന്നു.

തലശ്ശേരി രൂപത വിഭജിച്ച് മാനന്തവാടിയും താമരശ്ശേരിയും രൂപീകൃതമായപ്പോൾ തൃശ്ശൂരിലും വിഭജനം നടന്ന്‌ പാലക്കാട് ഇരിഞ്ഞാലക്കുടയുണ്ടായി. ചങ്ങനാശ്ശേരിക്കാരും വെറുതെ ഇരുന്നില്ല , അവരുടെ വക ഒരു കാഞ്ഞിരപ്പള്ളി രൂപതയുമുണ്ടായി. തിരുവനന്തപുരം ആസ്ഥാനമാക്കി ഒരു രൂപത സ്ഥാപിക്കണമെന്ന് അവർക്കുണ്ടായിരുന്നുവെങ്കിലും മറ്റ് രണ്ട് റീത്തുകളുടെയും അതിരൂപതകൾ അവിടെയുള്ളതുകൊണ്ടായിരിക്കണം ,എന്തുകൊണ്ടോ അനുവാദം കിട്ടിയില്ല.

പിന്നീട് കോതമംഗലത്തെ വിഭജിച്ച് ഇടുക്കിയുണ്ടായി. അങ്ങനെ സീറോ മലബാർ സഭയ്ക്ക് കേരളത്തിൽ മാത്രം ക്നാനായക്കാരുടെ കോട്ടയം രൂപത അടക്കം 12 ഓളം രൂപതകൾ സ്ഥാപിതമായി. എന്നാൽ എറണാകുളം അതിരൂപതയ്ക്ക് വിഭജനം നടത്തി പുതിയൊരു രൂപത സൃഷ്ടിച്ച് അംഗബലം കൂട്ടുവാനുള്ള സാഹചര്യം ഇല്ലാതെ പോയി.

ഇതിനിടയിൽ കേരളത്തിന് വെളിയിൽ രൂപതകൾ സൃഷ്ടിക്കുകയും അവയെല്ലാം മത്സരബുദ്ധിയോടെ ഓരോ രൂപതക്കാർ കയ്യടക്കുകയും ചെയ്തുകൊണ്ടിരുന്നു. അവിടെയും എറണാകുളംകാർക്ക് വേണ്ടത്ര ശോഭിക്കുവാൻ സാധിച്ചില്ല.

റോമിൽ സർവ്വാധികാര്യക്കാരനായി വാണിരുന്ന പൊടിപാറ പ്ലാസിഡ് അച്ഛന്റെ സ്വാധീനവും തുടർന്ന് പവ്വത്തിൽ മെത്രാന്റെ സഹപാഠിയായിരുന്ന ഒരു മുതിർന്ന കർദിനാൾളിന്റെ സ്വാധീനവും ഇവരെ വളരെ ഏറെ സഹായിച്ചിട്ടുണ്ട്.

കണ്ടത്തിൽ മെത്രാന്റെ കാലത്ത് എറണാകുളംകാർ മറ്റുള്ളവരോട് ചെയ്ത മുഴുവൻ കാര്യങ്ങൾക്കും കണക്ക് തീർക്കുന്ന രീതിയിലായിരുന്നു പിന്നീട് വന്ന അര നൂറ്റാണ്ട് കാലത്തെ പ്രവർത്തനം. എറണാകുളംകാർക്ക് കാതലായി സംഭവിച്ച രണ്ട് തെറ്റുകളിൽ ഒന്ന് കേരള സഭയെ നയിക്കുവാൻ നിയോഗിക്കപ്പെട്ടിരിക്കുന്നവർ തങ്ങളാണന്നുള്ള അവരുടെ വിശ്വാസമാണ്. രണ്ടാമതായി അവർ കാണിച്ച ഏറ്റവും വലിയ മണ്ടത്തരം മാർപാപ്പയെ അനുസരിക്കില്ലന്ന നിലപാടാണ്.

ലക്ഷക്കണക്കിന് വരുന്ന വിശ്വാസികളിൽ ഭൂരിപക്ഷം പേർക്കും ആബേലച്ചൻ എഴുതി തയ്യാറാക്കിയ കുർബാന ക്രമവും അദ്ദേഹം രചിച്ച ഗാനങ്ങളുമാണ് ഇന്നും പ്രിയങ്കരമായിട്ടുള്ളത്.
പുതിയതായി സൃഷ്ടിച്ചെടുത്ത കുർബാന ക്രമത്തിന് ദൈവശാസ്ത്രപരമായ ഒരു മേന്മയും അവകാശപ്പെടാനില്ല.

എന്നിട്ടും ഭൂരിപക്ഷം പേരും അത് അംഗീകരിക്കുന്നതു മാർപാപ്പയെ അനുസരിക്കണമെന്നുള്ള ഒറ്റ കാരണം കൊണ്ടാണ്. മറ്റു രൂപതകളിലെ സാധാരണക്കാരായ വിശ്വാസികൾ എറണാകുളംകാരെ അംഗീകരിക്കാത്തതും അവർ മാർപാപ്പയെ അനുസരിക്കുന്നില്ലന്ന ഒറ്റ കാരണം കൊണ്ട് മാത്രമാണ്.

ഇതിനുള്ള പരിഹാരം ഇരു കൂട്ടരും ഒരുമിച്ചിരുന്ന് കണ്ടെത്തണം . അതിനു വേദപണ്ഡിതനായ നരികുളം അച്ഛൻ മുൻകൈയെടുക്കണം. ഇരു കൂട്ടരോടും സംസാരിച്ചു ,ആദ്യം മാർപാപ്പയെ അനുസരിക്കുകയും മാർപാപ്പ അംഗീകരിച്ച മാർപാപ്പ പറഞ്ഞ കുർബാന നടത്തുവാൻ പ്രേരിപ്പിക്കണം.

എറണാകുളം അതിരൂപതയുടെ തനിമ നിലനിർത്തണം. സെൻതോമസ് മൗണ്ട് ആസ്ഥാനമാക്കി പുതിയ ഒരു അതിരൂപത സ്ഥാപിക്കുകയും മേജർ അതിന്റെ അധിപനായി നിശ്ചയിക്കുകയും ചെയ്യണം. രൂപതാഭരണം മേജർ ആർച്ച് ബിഷപ്പിന്റെ കയ്യിൽ നിന്നും മാറ്റണം.

പുതിയ അതിരൂപതയ്ക്ക് എറണാകുളം അതിരൂപതയിലെ ഇടപ്പള്ളി പള്ളിയോ അങ്കമാലി ബസീലിക്കയോ ഇല്ലെങ്കിൽ തോമാശ്ലീഹായുടെ പുണ്യപാദം തൊട്ട മലയാറ്റൂർ പള്ളിയോ കത്തീഡ്രൽ പള്ളിയായി നിശ്ചയിക്കണം.

അവിടെയും ഇടവകയുടെ ഭരണം തർക്കമില്ലാതെ എറണാകുളം അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുകയും പള്ളിയുടെ പരമാധികാരം പുതിയ അതിരൂപയ്ക്ക് വിട്ടുകൊടുക്കുകയും ചെയ്യണം.
കോടാനുകോടി രൂപ മുടക്കി പുതിയൊരു കത്തീഡ്രൽ പള്ളി പണിയുന്നതിനോടുള്ള വിയോജിപ്പ് കൊണ്ടാണിത് പറഞ്ഞത് .

ഒരു 25 വർഷം കൂടി മുന്നോട്ടു പോയാൽ യൂറോപ്പിന്റെ മണ്ണിൽ സംഭവിച്ചിരിക്കുന്നത് തന്നെയാണ് ഇവിടെയും സംഭവിക്കാൻ പോകുന്നത്. പള്ളിയിൽ പോകുവാനോ ഇക്കാണുന്നതുപോലെ പെരുന്നാളാഘോഷിക്കുവാനോ ഒന്നും ആളെ കിട്ടത്തില്ല. പിന്നെ കോടിക്കണക്കിന് രൂപ മുടക്കി എന്തിനു പള്ളികൾ പണിയണം.

സംസ്ഥാന സർക്കാരോ കേന്ദ്രസർക്കാരോ ഇക്കാര്യങ്ങളിൽ അടിയന്തരമായി ഇടപെടണം. ഇരുകൂട്ടരെയും വിളിച്ചു വരുത്തി ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് പ്രശ്നപരിഹാരം ഉണ്ടാക്കണം. സഭയിൽ ശാശ്വതമായ സമാധാനം സൃഷ്ടിക്കണം.

Leave a Reply

Your email address will not be published. Required fields are marked *