Your Image Description Your Image Description

തിരഞ്ഞെടുപ്പുകൾക്കു തയാറെന്ന ആത്മവിശ്വാസം അണികളിലേക്കു പകർന്നാണു സിപിഎം സംസ്ഥാന സമ്മേളനം സമാപിച്ചത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു പ്രവർത്തകരെ ഒറ്റയടിക്കു സജ്ജരാക്കാനുള്ള അവസരമാണ് സംസ്ഥാന സമ്മേളനത്തിലൂടെ പാർട്ടിക്കു ലഭിച്ചത്.

എന്നാൽ, മുന്നേറ്റത്തിനു തടസ്സമായി ചില പ്രശ്നങ്ങളുമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി സാധാരണ തോൽവിയായി കാണുന്നില്ല. പരമ്പരാഗതവോട്ടുകൾ കുത്തിയൊലിച്ചുപോയെന്നു സമ്മതിക്കുന്നുമുണ്ട്. അടിസ്ഥാന വിഭാഗങ്ങളെയും ഇടത്തരക്കാരെയും കൈവിടില്ലെന്ന സമ്മേളനത്തിലെ പ്രഖ്യാപനം തിരിച്ചടിയിൽനിന്നു കരകയറാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

സർക്കാരിന്റെ സാമ്പത്തികഞെരുക്കം മറ്റൊരു തലവേദനയാണ്. അടിസ്ഥാന വിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ മുടങ്ങുന്നത് തിരഞ്ഞെടുപ്പുകളിൽ ചർച്ചയാകും. ബജറ്റിൽ പ്രഖ്യാപിച്ച തുകകൾ പലതും വെട്ടിക്കുറയ്ക്കേണ്ടിവന്നതും പല രംഗങ്ങളിലും ജനത്തെ നേരിട്ടു ബാധിച്ചു.

ഇതിനെല്ലാം പ്രതിവിധിയായി മുഖ്യമന്ത്രി സമ്മേളനത്തിൽ അവതരിപ്പിച്ച നവകേരള രേഖയിലെ ചില നിർദേശങ്ങൾ വിവാദമായി. അതെല്ലാം ജനങ്ങളെ നേരിട്ടു ബോധ്യപ്പെടുത്തുമെന്നാണു സംസ്ഥാന സെക്രട്ടറി പറഞ്ഞത്. ആ ചുമതല കൂടി പ്രവർത്തകർക്കു മുന്നിലുണ്ട്.

ജനവിരുദ്ധ നിർദേശങ്ങളുണ്ടെങ്കിൽ പരിശോധിക്കുമെന്നു സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. സെസ് ചുമത്തുന്നതു സർക്കാരിന്റെ ലക്ഷ്യമല്ലെന്നും സാധ്യത പരിശോധിക്കുക മാത്രമാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത് .

കിഫ്ബി റോഡുകളിൽ ടോൾ ഏർപ്പെടുത്താനുള്ള തീരുമാനം നേരത്തേ വിവാദമായിരുന്നു. പുതിയ നവകേരള രേഖയിലും ഇതേക്കുറിച്ചു നിർദേശമുണ്ടായിരുന്നു. ടോൾ ഏർപ്പെടുത്തുമ്പോൾ ജനങ്ങൾക്കു ബുദ്ധിമുട്ടില്ലാത്ത വിധമായിരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. മറിച്ചായാൽ കേന്ദ്ര സർക്കാർ ടോൾ ഏർപ്പെടുത്തുമ്പോൾ എതിർക്കാനാവില്ലല്ലോ എന്ന വിശദീകരണവും നൽകി.

ഉയർന്ന വരുമാനക്കാർക്ക് സൗജന്യങ്ങൾ നൽകേണ്ടതില്ലെന്ന നിലപാടിലാണു സർക്കാർ. സർക്കാരിന്റെ സാമ്പത്തികപ്രതിസന്ധി മറികടക്കാൻ വിവിധ മേഖലകളിൽനിന്നു വരുമാനം കണ്ടെത്തിയേ പറ്റൂവെന്നു രേഖ നിർദേശിക്കുമ്പോഴും പ്രതിപക്ഷത്തു നിന്നും മറ്റും ഉയരാൻ സാധ്യതയുള്ള പ്രതിഷേധങ്ങളെ സർക്കാർ മുൻകൂട്ടി കാണുന്നു. തദ്ദേശ– നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കെ, എടുത്തുചാടിയുള്ള തീരുമാനത്തിനും സർക്കാർ തയാറാവില്ല.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മുന്നോട്ടുവച്ച പ്രകടനപത്രികയിലെ പല പദ്ധതികളും നടപ്പാക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളിൽ പലതും പണം ഇല്ലാത്തതിനാൽ വെട്ടിക്കുറയ്ക്കേണ്ടിയും വന്നു.

Leave a Reply

Your email address will not be published. Required fields are marked *