കോട്ടയം: ഭരണങ്ങാനത്തിനു സമീപം ഇടമറ്റത്ത് സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു. ബസ് ഡ്രൈവര്‍ ഇടമറ്റം സ്വദേശി എം.ജി. രാജേഷാണ് മരിച്ചത്.
ഇന്നു രാവിലെ 8.15ന് ചേറ്റുതോട്ടില്‍ നിന്നും പാലായ്ക്കു വരുകയായിരുന്ന സ്വകാര്യ ബസ് ഇറക്കം ഇറങ്ങുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ബസ് റോഡരികിലെ കലുങ്ക് ഇടിച്ചു തെറിപ്പിച്ച ശേഷം സമീപത്തെ തെങ്ങിലിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ രാജേഷിനെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പരിക്കേറ്റവരെ പാലാ ജനറല്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്നു പേരുടെ പരിക്ക് ഗുരുതരമാണ്.