Your Image Description Your Image Description

ആരും പഠിപ്പിക്കാൻ വരുന്നത് രാജ്‌മോഹൻ ഉണ്ണിത്താൻ സർ നു ഇഷ്ടമുള്ള കാര്യമല്ല. അതിനി വീട്ടിലെ കാര്യമായാലും സ്കൂളിലെ കാര്യമായാലും ശെരി. കയറിയങ്ങു ഭരിക്കാൻ ചെല്ലരുത്. വല്ലതും പറയാനുണ്ടെങ്കിൽ നാല് സ്റ്റെപ് പുറകിൽ നിന്നും വേണം സംസാരിക്കാൻ. പറ്റുമെങ്കിൽ നടുവൊന്നു കുനിച്ചു മുണ്ടാണ് ഉടുത്തിരിക്കുന്നതെങ്കിൽ അത് മടക്കി കുത്താതെ ഒരു കൈ കൊണ്ട് വായ ഒന്ന് പൊത്തി ഒക്കെ സംസാരിച്ചോണം. പിന്നെ പുള്ളിക്ക്കാരൻ എന്ത് പറഞ്ഞാലും അടിയാണ്, ഓ എംബ്രാ എന്നൊക്കെ പുട്ടിനു തേങ്ങാ ഇടുന്നതു പോലെ ഇടയ്ക്കിടയ്ക്ക് പറഞ്ഞോണം. അങ്ങനെ വേണം ഒരു ജനപ്രധിനിധിയോടു നമ്മളൊക്കെ സംസാരിക്കാൻ. അല്ലാതെ ഒരുമാതിരി ഭരിക്കാൻ കയറി ചെന്നാൽ ഒടിച്ചു മടക്കി കുപ്പിയിലാക്കും. പറഞ്ഞേക്കാം.
എനിക്കിത് പറയാനുള്ളത് കഴിഞ്ഞ ദിവസം ഉണ്ണിത്താൻ സാറിനെവിളിച്ച പി സി നസീറിനോടാണ്. അല്ല, നേരത്തെ പറഞ്ഞതൊക്കെ ഫോണിന്റെ അപ്പുറം നിന്നിട്ട് എങ്ങനെ ചെയ്യുമെന്ന് ആരും ചോദിക്കരുത്. ചോദ്യങ്ങൾ ചോദിക്കുന്നത് എനിക്കും ഇഷ്ടമുള്ള കാര്യമല്ല.
കഴിഞ്ഞ ദിവസമാണ് തെക്കിൽ പറമ്പ് സ്കൂളിലെ പിടിഎ പ്രസിഡന്റും ഉതമ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയുമായ പി സി നസീർ രാജ്‌മോഹൻ ഉണ്ണിത്താൻ എം പി യെ വിളിക്കുന്നത്. സംഗതി സ്കൂളിലേക്ക് ഒരു ബസ് കൂടി അനുവദിച്ചു തരണം അങ്ങുന്നേ എന്ന് പറയാൻ ആയിരുന്നു.
സത്യം പറയാല്ലോ ഉണ്ണിത്താൻ അങ്ങുന്ന് അന്ന് ഇടതു വശം ചെരിഞ്ഞു എണീറ്റത്തിന്റെ കലിപ്പിലായിരുന്നു. അപ്പോഴാണ് ഈ കാൾ വരുന്നത്. ആർക്കായാലും ദേഷ്യം വരുമല്ലോ.
അപ്പൊ പിന്നെ വായിൽ തോന്നിയത് മുഴുവനായും അങ്ങ് വിളമ്പി.
ആയിരത്തിയിരുന്നൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളിലേക്ക് ബസിനായി രണ്ടുതവണയാണ് നിവേദനം നൽകിയത്. ഇക്കാര്യം സംസാരിച്ചപ്പോഴാണ് ബസ് നൽകാൻ കഴിയില്ലെന്ന് രാജ് മോഹൻ ഉണ്ണിത്താൻ പറയുന്നത്.
നാൽപത് ലക്ഷമാണത്രെ ഒരു ബസിന് വേണ്ടി വരുന്ന ചിലവ് . കോവിഡ് വന്ന സമയത്താണ് കഴിഞ്ഞ തവണ ബസുകൾ നൽകിയതെന്നും ഒരിക്കൽ കൂടി കൊവിഡ് മഹാമാരി വരാൻ പ്രാർത്ഥിക്ക് എന്നും പുള്ളിയങ്ങു പറഞ്ഞു . ഹല്ലാ പിന്നെ.
ആ വൈറൽ ആയ ഓഡിയോ നമുക്കൊന്ന് കേൾക്കാം.

കേട്ടല്ലോ. ഇനി ആർക്കും സംശയമൊന്നും ഇല്ലല്ലോ.
നിവേദനം ആർക്കു വേണമെങ്കിലും കൊടുക്കാമത്രേ. അതിനു വലിയ മുതൽ മുടക്കൊന്നുമില്ല എന്നാണു രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞത്. ആകെ അഞ്ചു കോടി രൂപയേയുള്ളു അത്രേ പുള്ളിയുടെ കയ്യിൽ. നെടുമുടി വേണു പറയുന്നത് പോലെ നുള്ളിപ്പെറുക്കിയാൽ രണ്ടോ മൂന്നോ ലക്ഷം കാണുമായിരിക്കും. അതിൽ നിന്നൊക്കെ നാൽപ്പതു ലക്ഷം രൂപ ചെലവ് വരുന്ന ബസ് വേണമെന്നൊക്കെ പറയുന്നത് വലിയ കഷ്ടം തന്നെയാണേ.
അപ്പൊ ഇനിയാകെ ചെയ്യാനുള്ളത് കോവിഡ് ഒന്ന് കൂടി വരണേ ഈശ്വരാ എന്ന് പ്രാര്ഥിക്കലാണെന്നു സാരം. അപ്പൊ നല്ലോണം പ്രാർത്ഥിച്ചോളു.

Leave a Reply

Your email address will not be published. Required fields are marked *