Your Image Description Your Image Description

നമ്മുടെ നാടൻ പച്ചക്കറികൾ നമ്മുടെ നാട്ടിൽ മാത്രമല്ല അങ്ങ് അറബി നാട്ടിൽ അതെയതെ മസ്കറ്റിലും വിളയുമെന്ന് കാണിച്ചു തന്നിരിക്കുകയാണ് തൃശ്ശൂർ ചേലക്കര സ്വദേശിനി സുനി ശ്യാം. 17 വർഷമായി ഒമാനിൽ താമസിക്കുന്ന സുനി തന്റെ വീടിനു ചുറ്റും സൃഷ്ടിച്ചിരിക്കുന്നത് കേരളത്തിലെ പച്ചക്കറി തോട്ടം തന്നെയാണ് .

പച്ചക്കറി കൃഷി പോലെതന്നെ പല രാജ്യങ്ങളിലൂടെയുള്ള യാത്രകളും സുനിക്ക് പ്രിയപ്പെട്ടതാണ്.
വ്യത്യസ്തമായ വിളകൾ കൃഷി ചെയ്യാനിഷ്ടപ്പെടുന്ന സുനി തന്റെ യാത്രകളിലും അന്വേഷിക്കുന്നത് വ്യത്യസ്ത വിളകൾ തന്നെയാണ് .

അതിനാൽ തന്നെ സുനിയുടെ കൃഷിയിടത്തിൽ വിളയുന്നത് പല രാജ്യങ്ങളിൽനിന്നുള്ള കാർഷിക വിളകളാണ്. സാധാരണ നമ്മൾ കാണറാുള്ള പല പച്ചക്കറികളുടെയും വ്യത്യസ്തയിനങ്ങളുണ്ട് ഈ തോട്ടത്തിൽ.
ചെറിയ ഉള്ളി, ഉരുളക്കിഴങ്ങ്, സവാള, പുളി, കറിവേപ്പ്, പച്ചമുളക്, വഴുതന, മത്തൻ, കുമ്പളം, പടവലം, ചുരയ്ക്ക, പയർ, കൊത്തമര, വാഴ, മുരിങ്ങ, വെള്ളരി, വെണ്ട, കാരറ്റ്, ചേമ്പ്, റാഡിഷ്, പടവലം എന്നിങ്ങനെയുള്ള പച്ചക്കറികൾ സമൃദ്ധമായി വളരുന്നു, വിളയുന്നു.

കൂടാതെ നാട്ടിലെ പൂച്ചെടികളും ഈ തോട്ടത്തെ അലങ്കരിക്കുന്നു. മുന്തിരി, അത്തി, മൾബെറി, മാവ്, പലതരം വാഴകൾ, പേര, മാതളം, കസ്റ്റാർഡ് ആപ്പിൾ, തുടങ്ങിയ പഴ വർഗ്ഗങ്ങളും കൃഷിയിടത്തിലുണ്ട്.
കർഷക കുടുംബത്തിലാണ് ജനിച്ചതെങ്കിലും കുട്ടക്കാലത്തെ കൃഷി സങ്കൽപ്പം പൂച്ചെടികൾ വളർത്തലായിരിന്നു.

വിവാഹശേഷം വിദേശത്ത് എത്തിയപ്പോൾ ധാരാളം ഒഴിവുസമയം കിട്ടി. ഈ സമയത്താണ് ചെറിയ രീതിയിൽ കൃഷി എന്ന ആശയം മനസ്സിൽ മുളപൊട്ടിയത്. മുളകിലും പയറിലുമായിരിന്നു തുടക്കം. ഫോട്ടോ ഫെയ്സ്ബുക്കിൽ പങ്കുവച്ചപ്പോൾ ഒമാനിലെ പരിചയക്കാരായ മലയാളികളിൽനിന്നും നല്ല പ്രതികരണം ലഭിച്ചു.

അതോ‌ടെ കൃഷി വിപുലമാക്കി. പലരും ഇതിൽനിന്നു പ്രചോദനമുൾക്കെണ്ട് ചെടികൾ നട്ടുതുടങ്ങി. അതൊരു വലിയ കൂട്ടായ്മയ്ക്കു തുടക്കമിട്ടു. 2014 ലാണ് ഒമാനിലെ മലയാളിക്കൾക്കിടയിൽ പച്ചക്കറിക്കൃഷി പ്രചരിപ്പിക്കണം എന്ന ലക്ഷ്യത്തോടെ ‘ഒമാൻ കൃഷിക്കൂട്ടം’ സ്ഥാപിതമായത്.

ഇന്നിതിൽ ആറായിരത്തോളം പേരുണ്ട് . പരസ്പരം അറിവുകൾ പങ്കുവയ്ക്കാനും സംശയ നിവാരണത്തിനും ഇതുപകരിക്കുന്നു. അറിയാത്ത പല കാര്യങ്ങളും ഇന്റർനെറ്റിലൂടെ മനസിലാക്കുന്നു . നാട്ടിൽനിന്ന് അവധികഴിഞ്ഞ് മടങ്ങിയെത്തുന്ന അംഗങ്ങളുടെ കൈവശം നിറയെ വിത്തുകളുണ്ടായിരിക്കും. എല്ലാ വിത്തുകളും തരംതിരിച്ച് പായ്ക്ക് ചെയത് കൂട്ടായ്മയിലെ അംഗങ്ങൾക്ക് സൗജന്യമായി നൽകും.

എല്ലാ വർഷവും വിളവെടുപ്പ് ഉൽസവം നടത്താറുണ്ട്. മത്സരങ്ങൾ നടത്തി മാതൃകാ കർഷകനെയും കർഷകയെയും തിരഞ്ഞെടുക്കാറുണ്ട്. മത്സാരാർഥികളുടെ വീട്ടിൽ നേരിട്ടു പോയി അവരുടെ കൃഷി രീതികൾ കണ്ടു മനസിലാക്കിയാണ് പുരസ്കാരം നൽകുന്നത്.

മരുഭൂമിയിൽ പച്ചക്കറിക്കൃഷി വെല്ലുവിളികൾ നിറഞ്ഞതാണ്. 50 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും. മഴ വളരെ കുറവാണ്. ചില വർഷങ്ങളിൽ മഴ കിട്ടിയിട്ടേയില്ലന്നാണ് പറയപ്പെടുന്നത് . അതുകൊണ്ടു തന്നെ സീസണൽ കൃഷിയാണ് കൂടുതലും നടത്തുന്നത് .

ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് എല്ലാത്തരം കൃഷികൾക്കും അനുയോജ്യം. മധുരക്കിഴങ്ങ്, വെണ്ട, ചീര, കപ്പ എന്നിവ മറ്റു സമയങ്ങളിലും വളരാറുണ്ട്. സമൃദ്ധമായി വെള്ളം ലഭ്യമല്ലാത്തതിനാൽ അടുക്കളയാവശ്യത്തിനും മറ്റും ഉപയോഗിച്ച ജലമാണ് ചെടികൾ നനയ്ക്കാനും വിത്തുകൾ പാകാനും ഉപയോഗിക്കുന്നത്.

കെട്ടിട നിർമാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള അവശിഷ്ടങ്ങൾ അതത് സ്ഥലത്തു തന്നെ മണ്ണിൽ കുഴിച്ചിടുന്ന പതിവാണിവിടെയുള്ളത്. അതുകൊണ്ട് കൃഷിക്കു വേണ്ടി മണ്ണൊരുക്കുന്നതാണ് വലിയ കടമ്പ.
ഇവിടെയുള്ള ഫാമുകളിൽനിന്ന് പശു, കോഴി എന്നിവയുടെ വളം വാങ്ങാൻ കിട്ടും.

അറവുശാലകളിൽനിന്ന് ആടിന്റെ വളവും കിട്ടും . അടുക്കളമാലിന്യം നല്ല രീതിയിൽ തന്നെ ഉപയോഗപ്പെടുത്തുന്നു. മത്സ്യം, മാംസം എന്നിവ കഴുകാനുപയോഗിക്കുന്ന ജലം ചെടികളുടെ വളർച്ചയെ നല്ല രീതിയിൽ സ്വാധീനിക്കുന്നു ,കൂടാതെ മത്സ്യവും ചെടികൾക്ക് നല്ല വളമാണ്.

ലഭ്യമായ സ്ഥലത്ത് മികച്ച രീതിയിൽ കൃഷി നടത്തി എന്നതിലാണ് സുനിയുടെ വിജയം. വിളവെടുപ്പിലൂടെ ലഭിക്കുന്ന പച്ചക്കറികൾ ഫ്രീസറിൽ സൂക്ഷിച്ച് പിന്നീടുള്ള മാസങ്ങളിൽ ഉപയോഗിക്കുന്നു. കൂടാതെ പരിചയക്കാർക്കും സുഹൃത്തുകൾക്കും നൽകാറുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *