Your Image Description Your Image Description

കട്ടപ്പന: പൊലീസുകാരെ മദ്യപിച്ചെത്തി ആക്രമിച്ച നാല് യുവാക്കൾ അറസ്റ്റിൽ. വാഴവര സ്വദേശികളായ പാറക്കൽ നന്ദു മോൻ സണ്ണി, വിരിപ്പിൽ വിഷ്ണു വിഎസ്, നിർമ്മലാസിറ്റി സ്വദേശിയായ പുതുശേരി കുടിയിൽ അഭിജിത്ത് സുരേന്ദ്രൻ, മുളകരമേട് സ്വദേശി പൂവത്തുംമൂട്ടിൽ ശ്രീജിത്ത് പി ശശി എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിൽ കട്ടപ്പന സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. പ്രതികൾ പ്രദേശത്തെ സ്ഥിരം പ്രശ്നക്കാരാണെന്ന് പോലീസ് പറഞ്ഞു.

ഇന്നലെ രാത്രിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഓപ്പറേഷൻ ഡീ ഹണ്ടിന്റെ ഭാഗമായി സാമൂഹിക വിരുദ്ധ ശല്യവുമായി ബന്ധപ്പെട്ട് നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷിക്കാനെത്തിയതായിരുന്നു പൊലീസുകാർ. ഏഴംഗ സംഘം മദ്യപിച്ച് സ്ഥിരം പ്രശ്‌നമുണ്ടാക്കുന്നു എന്നായിരുന്നു നാട്ടുകാരുടെ പരാതി. സ്ത്രീകൾക്കും കുട്ടികൾക്കും സന്ധ്യ ആയാൽ വഴിയിലൂടെ നടക്കാൻ വയ്യാത്ത സ്ഥിതി ആണെന്ന് നാട്ടുകാർ ആരോപിച്ചു. ഉദ്യോഗസ്ഥരെ കണ്ടയുടൻ പ്രതികൾ ആക്രമിക്കുകയായിരുന്നു. ജിലൂപ് ജോസ്, അൽ ബാഷ് പി രാജു, ബിബിൻ മാത്യൂ, രാഹുൽ മോഹൻ ദാസ് എന്നീ ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്.

ഇവർക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പൊലീസുകാരെ ആക്രമിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. സംഭവം നടക്കുന്നതിനിടെ പൊലീസിനെ കണ്ട് സംഘത്തിലെ മൂന്നുപേർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇവർ വീണ് പരിക്കേറ്റ് കോട്ടയത്തെ ആശുപത്രിയിലാണ്. പൊലീസ് നിരീക്ഷണത്തിലുള്ള ഇവരുടെ അറസ്റ്റും രേഖപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *