Your Image Description Your Image Description

താനൂരിൽ രണ്ട് പ്ലസ്ടു വിദ്യാർത്ഥിനികളെ കാണാതായ സംഭവത്തിൽ പുതിയ വിവരങ്ങൾ. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്‌കൂളിലെ ഫാത്തിമ ഷഹദ, അശ്വതി എന്നിവരെയാണ് ഇന്നലെ ഉച്ചമുതൽ കാണാതായത്. ഒരേ നമ്പറിൽ നിന്ന് രണ്ടുപേരുടെയും ഫോണിലേയ്ക്ക് കോൾ വന്നതായി കണ്ടെത്തി. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി താനൂർ സിഐ മാദ്ധ്യമങ്ങളോട് പറഞ്ഞു. കുട്ടികളുടെ കോൾ റെക്കാഡുകൾ വിശദമായി പരിശോധിക്കുകയാണ്. കുട്ടികളുടെ ടവർ ലൊക്കേഷൻ നിലവിൽ കോഴിക്കോടാണ്. ഇവരുടെ ഫോണിലേയ്ക്ക് കോൾ വന്നത് എടവണ്ണ സ്വദേശിയുടെ പേരിൽ രജിസ്റ്റർ ചെയ്ത സിം കാർഡിൽ നിന്നാണെന്ന് കണ്ടെത്തി. ഈ നമ്പറിന്റെ ലൊക്കേഷൻ നിലവിൽ മഹാരാഷ്ട്രയാണെന്നും താനൂർ സിഐ ടോണി ജെ മറ്റം പറഞ്ഞു.

ഇന്നലെ പന്ത്രണ്ട് മണിക്ക് ശേഷമാണ് ഇരുവരെയും കാണാതായത്. സ്‌കൂളിലേക്കെന്ന് പറഞ്ഞാണ് ഇരുവരും വീട്ടിൽ നിന്നിറങ്ങിയത്. പരീക്ഷയ്‌ക്കെത്താതായതോടെ അദ്ധ്യാപിക വീട്ടിലേക്ക് വിളിക്കുകയായിരുന്നു. തുടർന്നാണ് പൊലീസിൽ വിവരമറിയിച്ചത്. ഇവർ കോഴിക്കോട് ഭാഗത്തേക്ക് പോയതായി സൂചന ലഭിച്ചിരുന്നു. ഈ ഭാഗത്ത് തെരച്ചിൽ നടത്തി. ഇന്നലെ താനൂർ റെയിൽവേ സ്റ്റേഷനിലും കോഴിക്കോട് റെയിൽവേ സ്റ്റേഷനിലുമടക്കം കുട്ടികളുടെ ലൊക്കേഷൻ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്. ഇരുവരുടെയും ഫോണുകൾ സ്വിച്ച് ഓഫാണ്.

കോഴിക്കോട് വച്ചാണ് ഫോണുകൾ സ്വിച്ച് ഓഫായത്. ഇരുവരും കോഴിക്കോട് തന്നെയുണ്ടാകും എന്ന നിഗമനത്തിലാണ് അന്വേഷണമെന്നും പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *