Your Image Description Your Image Description

തൃശൂർ: ജാതിപ്പേര് വിളിച്ച് പഞ്ചായത്ത് പ്രസിഡന്റിനെ അധിക്ഷേപിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. പ്രതിയായ തൃശ്ശൂര്‍ എടത്തിരുത്തി സ്വദേശി വിശാഖിന് 2 വർഷം തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള തൃശൂര്‍ എസ്.സി./ എസ്.ടി. സ്പെഷല്‍‍ കോടതിയുടേതാണ് വിധി. പിഴത്തുക അടയ്ക്കാതിരുന്നാൽ പ്രതിക്ക് 2 മാസം അധിക തടവ് അനുഭവിക്കേണ്ടി വരും. പിഴത്തുക അടയ്ക്കുകയാണെങ്കിൽ അത് അധിക്ഷേപത്തിന് ഇരയാക്കപ്പെട്ട ആൾക്ക് നൽകണമെന്നും കോടതി വിധിയിൽ പറയുന്നു. ജഡ്ജ് കെ. കമനീസിന്റേതായിരുന്നു വിധി.

കേസിനാസ്പദമായ സംഭവമുണ്ടായത് 2014 ഫെബ്രുവരി 3 നാണ്. പ്രതിയുടെ അച്ഛന്‍ ബാലകൃഷ്ണന്റെ സ്ഥലത്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള കനാലിലെ നീരൊഴുക്കിനെ തടസ്സപ്പെടുത്തുന്ന രീതിയില്‍ മതില്‍ നിർമ്മിക്കുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍, അന്നത്തെ പഞ്ചായത്ത് വികസന കമ്മറ്റി ചെയര്‍മാനായിരുന്ന കെ.ആർ. ഹരിയോടൊപ്പം സംഭവസ്ഥലത്ത് ചെന്ന എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന എ. വി. സതീഷിനെയാണ് പ്രതി ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചത്.

അന്ന് മതിലകം പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടറായിരുന്ന വി.ആര്‍. മണിലാല്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ കേസിൽ ഇരിഞ്ഞാലക്കുട ഡിവൈഎസ്പി ആയിരുന്ന പി.എ. വര്‍ഗ്ഗീസ് ആണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഇ.എസ്. സിജിത്ത് പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു. കേസിലെ തെളിവിലേക്കായി പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 11 സാക്ഷികളെ വിസ്തരിക്കുകയും 13 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.കെ. കൃഷ്ണന്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *