Your Image Description Your Image Description

ന്യൂഡല്‍ഹി: മണിപ്പുരിലെ എല്ലാ നിരത്തുകളിലും മാര്‍ച്ച് എട്ട് മുതല്‍ ജനങ്ങള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷായുടെ നിര്‍ദേശം. റോഡുകളില്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കാനും അമിത് ഷാ നിര്‍ദേശിച്ചു. സംഘര്‍ഷബാധിതമായ മണിപ്പുരിലെ സുരക്ഷാ സ്ഥിതിഗതികള്‍ സംബന്ധിച്ച് അമിത് ഷായുടെ നേതൃത്വത്തില്‍ ശനിയാഴ്ച ഉന്നതതലയോഗം ചേർന്നിരുന്നു.

2023 മേയ് മുതല്‍ സംഘര്‍ഷാവസ്ഥ തുടരുന്ന മണിപ്പുരിലെ ജനജീവിതം സാധാരണനിലയിലേക്ക് തിരിച്ചുകൊണ്ടുവരുന്നത് അടക്കമുള്ള വിഷയങ്ങളാണ് ഡല്‍ഹിയില്‍ നടന്ന ഉന്നതതലയോഗം ചര്‍ച്ച ചെയ്തത്. സംസ്ഥാനത്ത് രാഷ്ട്രപതിഭരണം നിലവില്‍ വന്നതിനുശേഷം ആദ്യമായി നടത്തുന്ന പുനരവലോകനയോഗമായിരുന്നു ഇത്. രണ്ടു വര്‍ഷക്കാലയളവിനിടെ സംസ്ഥാനത്ത് പലസമയത്തായി ഒട്ടേറെ കലാപങ്ങള്‍ ഉണ്ടാകുകയും ഇരുന്നൂറിലേറെ പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു.

മണിപ്പുരിനെ ലഹരിമുക്തമാക്കുന്നതിന് ലഹരിക്രയവിക്രയങ്ങളുടെ കണ്ണികൾ നിര്‍വീര്യമാക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ നിര്‍ദേശിച്ചു. മണിപ്പുര്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല, സംസ്ഥാന സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍, സൈനിക-അര്‍ധസൈനിക വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

അനധികൃതവും കൊള്ളയടിച്ചതുമായ ആയുധങ്ങള്‍ കൈവശം സൂക്ഷിച്ചിട്ടുള്ള വ്യക്തികളും സംഘനകളും ഏഴുദിവസത്തിനുള്ളില്‍ ഹാജരാക്കണമെന്ന് ഗവര്‍ണര്‍ അന്തിമശാസനം നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ അവലോകനയോഗം നടന്നത്. ഗവര്‍ണറുടെ അന്ത്യശാസനത്തെ തുടര്‍ന്നുള്ള ഏഴ് ദിവസങ്ങള്‍ക്കിടെ മുന്നൂറിലധികം ആയുധങ്ങള്‍ ഹാജരാക്കിയിരുന്നു. മെയ്ത്തി വിഭാഗത്തില്‍ പെടുന്ന ആരംഭായ് ടെങ്കോല്‍ ആയുധങ്ങള്‍ ഹാജരാക്കിയിരുന്നു. കുന്നിന്‍പ്രദേശങ്ങളും താഴ് വരകളിലുമുള്ളവരുടെ അഭ്യര്‍ഥന മാനിച്ച്‌ ആയുധങ്ങൾ എത്തിക്കുന്നതിന്റെ സമയം മാര്‍ച്ച് ആറ് വരെ ഗവര്‍ണര്‍ നീട്ടിയിട്ടുണ്ട്.

ഗോത്രവിഭാഗങ്ങള്‍ നടത്തിവരുന്ന പ്രതിഷേധങ്ങളുടെ ആദ്യഘട്ടത്തില്‍ ആയിരക്കണക്കിന് ആയുധങ്ങളാണ് സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളില്‍നിന്ന് അപഹരിക്കപ്പെട്ടത്. ഈ ആയുധങ്ങള്‍ അധികൃതരുടെ കൈവശം മടക്കിയെത്തിക്കാനും മണിപ്പുരിന്റെ ആഭ്യന്തരാവസ്ഥ സാധാരണനിലയിലേക്ക് എത്തിക്കാനുമുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്നുവരികയാണ്. ഫെബ്രുവരി മൂന്നിന് മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് രാജിവെച്ചതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നിലവില്‍ വന്നത്.

Leave a Reply

Your email address will not be published. Required fields are marked *