Your Image Description Your Image Description

നാഗ്പൂർ: രഞ്ജി ട്രോഫി ഫൈനലിൻ്റെ നാലാം ദിവസം കളി നിർത്തുമ്പോൾ കേരളത്തിനെതിരെ വിദർഭ രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റിന് 249 റൺസെന്ന നിലയിൽ. വിദർഭയ്ക്ക് ഇപ്പോൾ ആകെ 286 റൺസിൻ്റെ ലീഡുണ്ട്. കരുൺ നായരുടെ സെഞ്ച്വറിയാണ് നാലാം ദിവസം വിദർഭ ഇന്നിങ്സിന് കരുത്ത് പകർന്നത്.

രണ്ടാം ഇന്നിങ്സിൻ്റെ തുടക്കത്തിൽ തന്നെ വിദർഭയുടെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി കേരള ബൌളർമാർ പ്രതീക്ഷ നല്കി. ഒരു റണ്ണെടുത്ത പാർഥ് റെഖാഡെയെ ജലജ് സക്സേനയും അഞ്ച് റൺസെടുത്ത ധ്രുവ ഷോറെയെ നിധീഷും പുറത്താക്കി. രണ്ട് വിക്കറ്റിന് ഏഴ് റൺസെന്ന നിലയിൽ തകർച്ചയെ നേരിട്ട വിദർഭയ്ക്ക് രണ്ടാം ഇന്നിങ്സിലും രക്ഷകരായത് ഡാനിഷ് മലേവാർ – കരുൺ നായർ കൂട്ടുകെട്ടാണ്. അതീവ ശ്രദ്ധയോടെ ബാറ്റ് വീശിയ ഇരുവരും ചേർന്ന് കേരളത്തിൻ്റെ വിജയപ്രതീക്ഷകൾക്ക് മങ്ങലേല്പിക്കുകയായിരുന്നു. 182 റൺസാണ് മൂന്നാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത്. 73 റൺസെടുത്ത ഡാനിഷ് മലേവാറിനെ അക്ഷയ് ചന്ദ്രനാണ് പുറത്താക്കിയത്. മറുവശത്ത് ഉറച്ച് നിന്ന കരുൺ നായർ സെഞ്ച്വറി പൂർത്തിയാക്കി ബാറ്റിങ് തുടരുകയാണ്. പത്ത് ബൌണ്ടറികളും രണ്ട് സിക്സുമടക്കം 132 റൺസുമായി കരുൺ നായർ പുറത്താകാതെ നില്ക്കുകയാണ്. ആദ്യ ഇന്നിങ്സിൽ നേരിയ വ്യത്യാസത്തിനായിരുന്നു കരുൺ നായർക്ക് സെഞ്ച്വറി നഷ്ടമായത്.

കളി അവസാനിക്കാൻ ഏതാനും ഓവറുകൾ കൂടി ബാക്കിയിരിക്കെ യഷ് റാഥോഡിൻ്റെ വിക്കറ്റ് കൂടി വിദർഭയ്ക്ക് നഷ്ടമായി. 24 റൺസെടുത്ത യഷ് റാഥോഡിനെ ആദിത്യ സർവാടെയാണ് പുറത്താക്കിയത്. ഇതിനിടെ ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോഡ് റാഥോഡ് പിന്നിട്ടിരുന്നു. 18 ഇന്നിങ്സുകളിൽ നിന്ന് അഞ്ച് സെഞ്ച്വറികളും മൂന്ന് അർദ്ധ സെഞ്ച്വറികളും അടക്കം 53.3 ശരാശരിയിൽ 960 റൺസാണ് റാഥോഡ് ഈ സീസണിൽ നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *