Your Image Description Your Image Description

സമ്പന്നരായിട്ടും ഇടത്തരം വരുമാനക്കാരെപ്പോലെ ജീവിക്കുന്നവരെ തേടി ചോദ്യാവലിയുമായി എത്തുകയാണ് ആദായനികുതി വകുപ്പ്. ഡേറ്റ അനലിറ്റിക്സ് പ്രയോജനപ്പെടുത്തി നികുതി വെട്ടിപ്പ് കണ്ടെത്തുകയാണ് ഇതിന്റെ ലക്ഷ്യം. നിരവധി വ്യക്തികൾ വരുമാനത്തിന് ആനുപാതികമായി പണം ചെലവിടുന്നില്ലെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ആദായനികുതി വകുപ്പിന്റെ പുതിയ ദൗത്യമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ചില വ്യക്തികൾക്ക് വൻ വരുമാനമുണ്ടായിട്ടും ഓരോ മാസവും ബാങ്ക് അക്കൗണ്ടിൽ നിന്ന് പിൻവലിക്കുന്നത് ചെറിയ തുകയാണ്.

അതേസമയം അന്വേഷണത്തിന്റെ ഭാഗമായി പലചരക്ക് കടയിലെ ചെലവ്, റസ്റ്ററന്റ് ബിൽ, പാചകവാതക ബിൽ, വസ്ത്രവും ഷൂസും വാങ്ങിയ കണക്ക്, കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് തുടങ്ങിയവയുടെ വിശദാംശങ്ങളെല്ലാം നോട്ടീസ് അയച്ചു തേടുകയാണ് ആദായനികുതി വകുപ്പ്. ആട്ടയും അരിയും വെളിച്ചെണ്ണയും വാങ്ങിയതിന്റെയടക്കം കണക്ക് പറയണം ഇതിൽ.

വരുമാനവും ചെലവും പൊരുത്തപ്പെടുന്നുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നതെന്ന് നികുതിവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ ഭാഗമായി വ്യക്തികളോട് കുടുംബാംഗങ്ങളുടെ വിവരങ്ങൾ, വരുമാനം, പാൻ തുടങ്ങിയവയും വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിവരങ്ങൾ കൈമാറാൻ തയ്യാറായില്ലെങ്കിൽ വർഷം ഒരുകോടി രൂപയുടെ ചെലവ് നടത്തിയതായി കണക്കാക്കും. ഇത് കനത്ത പിഴ ഉൾപ്പെടെയുള്ള നടപടികൾക്ക് വഴിവെയ്ക്കുമെന്നും റിപ്പോർട്ടിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *