Your Image Description Your Image Description

ഭൂമിക്ക് ഭീഷണി ഉയർത്തികൊണ്ടിരുന്ന 2024 വൈആര്‍4 ഛിന്നഗ്രഹത്തെകുറിച്ചുള്ള പുതിയ വാര്‍ത്ത പുറത്തുവിട്ട് നാസ.

ഒരുവേള ഛിന്നഗ്രഹം 2032ല്‍ ഭൂമിയില്‍ പതിക്കാനുള്ള സാധ്യത 3.1 ശതമാനം വരെ ഉയര്‍ന്നിരുന്നു. എന്നാൽ ഇപ്പോൾ ഈ ചിന്നഗ്രഹത്തിന്റെ കൂട്ടിയിടിക്ക് വെറും 0.004% സാധ്യതയേ ഉള്ളുവെന്നാണ് നാസയുടെ ആസ്ട്രോയ്‌ഡ് വാച്ചിന്‍റെ പുതിയ ട്വീറ്റ്. എങ്കിലും നാസയുടെ പ്ലാനറ്ററി ഡിഫന്‍സ് ടീം 2024 വൈആര്‍4 ഛിന്നഗ്രഹത്തെ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നത് തുടരും.

2024 ഡിസംബർ 27ന് ചിലിയിലെ എൽ സോസ് ഒബ്‍സർവേറ്ററിയാണ് 2024 YR4 ഛിന്നഗ്രഹം കണ്ടെത്തിയത്. ഈ ഛിന്നഗ്രഹം 2032 ഡിസംബര്‍ 22ന് ഭൂമിയില്‍ കൂട്ടിയിടിക്കാനുള്ള സാധ്യത ലോകത്തെ ആശങ്കയിലാഴ്ത്തിയിരുന്നു. ഏകദേശം 40 മുതൽ 90 മീറ്റർ വരെ വ്യാസം ഇപ്പോള്‍ കണക്കാക്കുന്ന ഈ ഛിന്നഗ്രഹത്തിന് ഒരു ചെറു നഗരത്തെ നശിപ്പിക്കാനുള്ള ശേഷിയുണ്ട്. ഇതിനാല്‍ സിറ്റി-കില്ലര്‍ എന്ന വിശേഷണവും ഇതിന് ലഭിച്ചു. 2024 വൈആര്‍4 ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനുള്ള സാധ്യത ആദ്യം 1.2 ശതമാനം ആയിരുന്നു നാസ കണക്കാക്കിയിരുന്നത്. പിന്നീട് ഇത് 2.3 ശതമാനവും 2.6 ശതമാനവും 3.1 ശതമാനവുമായി ഈ മാസം നാസ ഉയര്‍ത്തിയത് ആശങ്കകള്‍ വര്‍ധിപ്പിക്കുകയായിരുന്നു.

എന്നാല്‍ ഫെബ്രുവരി 19ന് 1.5 ശതമാനമായും, ഇതിന് ശേഷം 0.28 ശതമാനമായും ഇപ്പോള്‍ വളരെ ചെറിയ 0.004% ആയും 2024 വൈആര്‍4ല്‍ നിന്ന് ഭൂമിക്കുള്ള ഭീഷണി നാസ കുറച്ചിരിക്കുകയാണ്. ഭൂമിയില്‍ 2024 വൈആര്‍4 ഛിന്നഗ്രഹം 2032ല്‍ പതിക്കാനുള്ള സാധ്യത വളരെ കുറഞ്ഞെങ്കിലും നാസയുടെ ജെയിംസ് വെബ് ടെലിസ്കോപ്പ് നിരീക്ഷണം തുടരും. നിലവിൽ 2024 YR4 ഭൂമിയിൽ നിന്ന് ഏറെ അകലെയാണ് ഉള്ളത്. ഇത് ഏപ്രിലിൽ റഡാറിൽ നിന്ന് അപ്രത്യക്ഷമാകുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ 2028 വരെ 2024 വൈആര്‍4 ഛിന്നഗ്രഹത്തെ ദൃശ്യമാകില്ല. അതുകൊണ്ടുതന്നെ കുറഞ്ഞ സമയം കൊണ്ട് ഈ ഛിന്നഗ്രഹത്തിന്‍റെ ചലനങ്ങൾ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുകയാണ് ശാസ്ത്രജ്ഞർ. നാസയ്ക്ക് പുറമെ യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും ചൈനീസ് ബഹിരാകാശ ഏജന്‍സിയും 2024 വൈആര്‍4 ഛിന്നഗ്രഹത്തെ നിരീക്ഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *