Your Image Description Your Image Description

ഐഫോണ്‍ 16 സീരീസിനുള്ള വില്‍പന വിലക്ക് നീക്കാന്‍ ഇന്തോനേഷ്യൻ സര്‍ക്കാരും ആപ്പിള്‍ കമ്പനിയും തമ്മില്‍ ധാരണയായതായി ബ്ലൂംബെര്‍ഗിന്‍റെ റിപ്പോര്‍ട്ട്. രാജ്യത്തെ നിക്ഷേപം സംബന്ധിച്ച് ആപ്പിളും ഇന്തോനേഷ്യന്‍ സര്‍ക്കാരും തമ്മില്‍ വ്യവസ്ഥകളില്‍ ധാരണയിലെത്തിയതിനെ തുടര്‍ന്നാണിത്. ഇരു കക്ഷികളും ഈ ആഴ്ച തന്നെ കരാറില്‍ ഒപ്പുവെക്കും. 2024 ഒക്ടോബറില്‍ ഇന്തോനേഷ്യയില്‍ ഐഫോണ്‍ 16 സീരീസ് ഫോണുകള്‍ക്ക് വില്‍പന വിലക്ക് പ്രാബല്യത്തില്‍ വന്നിരുന്നു. ഏറ്റവും പുതിയ ഐഫോണ്‍ 16ഇ-യ്ക്കും ഈ വിലക്ക് ബാധകമാകുമായിരുന്നു.

എന്നാൽ ഇത് മറികടക്കാന്‍ ആപ്പിള്‍ ഇന്തോനേഷ്യയില്‍ നിക്ഷേപത്തിനും മറ്റ് പദ്ധതികള്‍ക്കും സമ്മതിച്ചതായാണ് വിവരം. ഇന്തോനേഷ്യയില്‍ പ്രാദേശിക നിക്ഷേപം നടത്താന്‍ ആപ്പിളിന് കഴിയാതെ പോയതാണ് രാജ്യത്ത് ഐഫോണ്‍ 16 സീരീസ് വില്‍പന സാധ്യമാകാതിരിക്കാന്‍ കാരണമായത്. ഉപകരണങ്ങളുടെ 35 ശതമാനം ഭാഗങ്ങളും ഇന്തോനേഷ്യയില്‍ തന്നെ നിര്‍മിക്കുന്നവയാകണം എന്നാണ് രാജ്യത്തെ ചട്ടം. ഇതുപ്രകാരം ഇന്തോനേഷ്യയില്‍ ആപ്പിള്‍, ഐഫോണ്‍ ഭാഗങ്ങള്‍ നിര്‍മിക്കാനുള്ള യൂണിറ്റുണ്ടാക്കാന്‍ ശ്രമം നടത്തിയെങ്കിലും പൂര്‍ത്തിയാക്കാനായിരുന്നില്ല. ഇതിന് ശേഷം എയര്‍ടാഗ് ട്രാക്കറുകള്‍ നിര്‍മിക്കാന്‍ ആപ്പിള്‍ ശ്രമിച്ചെങ്കിലും നിരോധനം നീങ്ങിയില്ല.

ഒടുവിൽ ഇന്തോനേഷ്യയില്‍ ഒരു ബില്യണ്‍ ഡോളര്‍ മുടക്കി ഐഫോണുകളുടെയും മറ്റ് ഗാഡ്‌ജറ്റുകളുടെയും നിര്‍മാണ യൂണിറ്റ് ആരംഭിക്കാന്‍ ആപ്പിള്‍ തീരുമാനിച്ചു. കൂടാതെ കമ്പനി ഇന്തോനേഷ്യയില്‍ നിന്നുള്ളവര്‍ക്ക് ആപ്പിള്‍ ഉത്പന്നങ്ങളില്‍ പരിശീലനത്തിനും അവസരമൊരുക്കും. അതേസമയം സമ്മതം മൂളിയെങ്കിലും ഇന്തോനേഷ്യയില്‍ ഉടനടി ഐഫോണ്‍ അസംബിളിംഗ് യൂണിറ്റ് ആപ്പിള്‍ ആരംഭിക്കില്ല എന്ന് ബ്ലൂംബെര്‍ഗിന്‍റെ റിപ്പോര്‍ട്ടിൽ പറയുന്നു. എന്നാല്‍ നിലവിലെ ധാരണ കാരണം ഐഫോണുകളുടെ വില്‍പന സാധ്യമാകണമെങ്കില്‍ നിർമാണ യൂണിറ്റ് രാജ്യത്ത് തുടങ്ങിയേ പറ്റൂ.

Leave a Reply

Your email address will not be published. Required fields are marked *