Your Image Description Your Image Description

ജൂലൈയിൽ സാംസങിന്റെ ട്രൈഫോള്‍ഡ് സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഗാലക്‌സി സെഡ് ഫോള്‍ഡ് 7, സെട് ഫ്‌ളിപ്പ് 7 എന്നിവയ്‌ക്കൊപ്പമാവും ഇത് പുറത്തിറക്കുകയെന്നാണ് വിവരം. ഗാലക്‌സി ജി ഫോള്‍ഡ് എന്നായിരിക്കും ഇതിന്റെ പേര്. 2023 ഒക്ടോബറില്‍ നടന്ന സാംസങ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെച്ചാണ് കമ്പനി തങ്ങളുടെ ട്രിപ്പിള്‍ ഫോള്‍ഡ് സ്മാര്‍ട്‌ഫോണ്‍ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്.

അതേസമയം ലോകത്തെ ആദ്യ ട്രിപ്പിള്‍ ഫോള്‍ഡ് സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കിയത് വാവേയ് ആണ്. 2024 സെപ്റ്റംബറില്‍ അവതരിപ്പിച്ച മേറ്റ് എക്‌സ്ടി ആദ്യം ചൈനീസ് വിപണിയില്‍ മാത്രമാണ് അവതരിപ്പിച്ചത്. അടുത്തിടെയാണ് ഇത് മറ്റ് ചില രാജ്യങ്ങളിലും എത്തിച്ചത്. എങ്കിലും ട്രിപ്പിൾ ഫോൾഡബിൾ ഡിസ്പ്ലേയുള്ള ആദ്യ ആൻഡ്രോയിഡ് സ്മാർട്ഫോൺ അവതരിപ്പിക്കുന്നത് സാംസങ് ആണ്. തുടക്കത്തില്‍ പരിമിതമായ എണ്ണം ഫോണുകള്‍ മാത്രമായിരിക്കും ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കുക. അതുകൊണ്ടുതന്നെ ഫോണിന്റെ വിലയും വളരെ കൂടുതലായിരിക്കാം.

രണ്ട് വശങ്ങളില്‍ നിന്ന് മടക്കും വിധമായിരിക്കും സാംസങിന്റെ ട്രിപ്പിള്‍ ഫോള്‍ഡ് സ്‌ക്രീന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് വാവേയുടെ ട്രിപ്പിള്‍ ഫോള്‍ഡ് ഡിസ്‌പ്ലേ മടക്കുന്നത് S അല്ലെങ്കില്‍ Z ആകൃതിയിലാണ്. എന്നാല്‍ സാംസങ് ട്രിപ്പിള്‍ ഫോള്‍ഡ് ഡിസ്‌പ്ലേ സ്‌ക്രീനിന്റെ രണ്ട് വശങ്ങളും G ആകൃതിയിലായിരിക്കും മടക്കുക. 9.96 ഇഞ്ച് ഡിസ്‌പ്ലേയ്ക്ക് 6.54 ഇഞ്ച് ഉയരമുണ്ടാവും. വാവേയുടെ ട്രിപ്പിള്‍ ഫോള്‍ഡ് ഫോണിനേക്കാള്‍ സാംസങിന്റെ ട്രിപ്പിള്‍ ഫോള്‍ഡ് ഫോണിന് ഭാരമുണ്ടാകുമെന്നാണ് കരുതുന്നത്. അണ്ടര്‍ ഡിസ്‌പ്ലേ ക്യാമറ സാങ്കേതിക വിദ്യക്ക് പകരം പഞ്ച് ഹോള്‍ ക്യാമറ ആയിരിക്കാം സ്‌ക്രീനിന് എന്നാണ് കരുതുന്നത്. മെച്ചപ്പെട്ട ക്യാമറയും ഫോണിന് പ്രതീക്ഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *