Your Image Description Your Image Description

പ്രമാദമായ കേസുകളിലെ പ്രതി പോലും നിസാരമായി പുറത്തിറങ്ങുന്നു എന്നുള്ളതാണ് നിയമസംഹിതയോടുള്ള ജനങ്ങളുടെ ഭയമില്ലായ്മയ്ക്ക് വലിയൊരു കാരണം. പൾസർ സുനിയും പ്രശസ്ത സിനിമാനടനും ഉൾപ്പെടെ പ്രതിചേർക്കപ്പെട്ട പ്രശസ്ത നടിയെ ആക്രമിച്ച കേസ് കേരളത്തിൽ ഏഴു വർഷങ്ങൾക്കു മുൻപ് കോളിളക്കം സൃഷ്ടിച്ച ഒന്നാണ്. എന്നാൽ ഇത്രയും വർഷങ്ങൾക്ക് ഇപ്പുറവും ആ കേസിന്റെ വിധി പൂർത്തിയായിട്ടില്ല എന്നുള്ളതാണ് ഏറ്റവും ഖേദകരമായ കാര്യം. സാമ്പത്തികമായും പ്രശസ്തിയുടെ കാര്യത്തിലും ഔന്നത്യം ഉള്ള ആൾക്കാരുടെ കാര്യത്തിൽ ഇതാണ് സംഭവമെങ്കിൽ സാധാരണക്കാരന്റെ സ്വത്തിനും ജീവനും ഇവിടെ എന്ത് സുരക്ഷിതത്വമാണ് ഉള്ളത്? ഈ കേസിൽ പ്രതിചേർക്കപ്പെട്ട പൾസർ സുനിക്കെതിരെ അന്നുതന്നെ പല ക്രിമിനൽ കേസുകളും ആരോപിക്കപ്പെട്ടിട്ടുണ്ടായിരുന്നു. എന്നാൽ അയാളുടെ ജയിൽ ജീവിതം സുഖ സുന്ദരം ആണെന്ന് റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ചില പ്രതികളുടെയെങ്കിലും കാര്യത്തിൽ അവർക്ക് സംരക്ഷണത്തിന് ശക്തമായ കൈകൾ പുറത്തുള്ളപ്പോൾ ജയിൽ ജീവിതം ജനങ്ങളുടെയോ ഇരയാക്കപ്പെട്ടവരുടെ വേണ്ടപ്പെട്ടവരുടെയോ ഭാഗത്തുനിന്നുള്ള കൈയേറ്റ ശ്രമങ്ങളിൽ നിന്നുള്ള ഒരു കരുതൽ തടവായി മാത്രം മാറുകയാണ്. ജയിൽ മെനുവിലെ ചിക്കനും മട്ടനും തിന്നു കൊഴുത്ത് സുഖലോലുപരായി അവർ പുറത്തിറങ്ങിയാൽ ജയിൽ ജീവിതം ഒരു സുഖവാസകാലമായി മാത്രമേ അവർക്ക് തോന്നുകയുള്ളൂ. നിയമം ശരിയാവണ്ണം നിയമത്തിന്റെ വഴിക്ക് പോകാതിരിക്കുമ്പോൾ പിന്നീട് ഇക്കൂട്ടർ പുറത്തിറങ്ങി കാണിച്ചു കൂട്ടുന്ന മുഴുവൻ പേക്കൂത്തിനും ഇരയാവുന്നത് സാധാരണ ജനങ്ങളാണ്.ന‍ടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ഏഴര വര്‍ഷത്തിനുശേഷം കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ജയിലില്‍നിന്നു ജാമ്യത്തിൽ പുറത്തിറങ്ങിയത്. സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിചാരണ കോടതി കേസിൽ പള്‍സര്‍ സുനിക്ക് അന്ന് ജാമ്യം അനുവദിച്ചത്.നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കെതിരെ ഇപ്പോൾ വീണ്ടും കേസ് വന്നിരിക്കുകയാണ് . എറണാകുളം രായമംഗലത്തെ ഹോട്ടലില്‍ കയറി അതിക്രമം കാണിച്ചതിനാണ് പള്‍സര്‍ സുനിക്കെതിരെ കുറുപ്പംപടി പൊലീസ് കേസെടുത്തത്. നടിയെ ആക്രമിച്ച കേസില്‍ കര്‍ശന വ്യവസ്ഥകളോടെ ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് പുതിയ കേസ്.ഇന്നലെ രാത്രിയിലാണ് സംഭവം. രായമംഗലത്തെ ഹോട്ടലിലെത്തിയ പള്‍സര്‍ സുനി ഭക്ഷണം ലഭിക്കാന്‍ വൈകിയതില്‍ ക്ഷുഭിതനായി ഹോട്ടല്‍ ജീവനക്കാരോട് അസഭ്യം പറയുകയും വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും, ഗ്ലാസുകള്‍ എറിഞ്ഞുടയ്ക്കുകയും ചെയ്തു എന്നാണ് പരാതി. ഹോട്ടല്‍ ജീവനക്കാര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.ഹോട്ടല്‍ ജീവനക്കാരെ വകവരുത്തുമെന്ന് ഭീഷണി മുഴക്കിയെന്നും പരാതിയിൽ പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ വിട്ടയച്ചപ്പോള്‍, മറ്റു കേസുകളില്‍ പെടരുതെന്ന് കര്‍ശന നിര്‍ദേശമുണ്ടായിരുന്നു.കേരളത്തിൽ ഒരുകാലത്ത് കോളിളക്കം സൃഷ്ടിച്ച വലിയൊരു കേസിൽ നിന്ന് നിസ്സാരമായി ഊരി പോയ പൾസർ സുനിക്ക് ഒരു ഗ്ലാസ് ജനൽ ചില്ലോ പൊട്ടിച്ചത് വലിയ കാര്യമല്ല.2017 ഫെബ്രുവരി പതിനേഴിന് തൃശൂർ നഗരത്തിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രാമദ്ധ്യേ തെന്നിന്ത്യൻ സിനിമയിലെ ഒരു നടി ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ആക്രമണ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തപ്പെടുകയും ചെയ്ത കേസോടെ ആണ് പൾസർ സുനി കുപ്രസിദ്ധി ആർജ്ജിച്ചത് .ആദ്യഘട്ടത്തിൽ പൾസർ സുനി യാതൊരു സൂചനകളും നൽകിയിരുന്നില്ല. പണത്തിനു വേണ്ടിയുള്ള ഒരു തട്ടിക്കൊണ്ടു പോകലും ദൃശ്യങ്ങൾ പകർത്തലുമെന്നായിരുന്നു അയാളുടെ ആദ്യമൊഴികൾ. എന്നാൽ മൊഴികളിലെ വൈരുദ്ധ്യങ്ങൾ പല സംശയങ്ങൾക്കും ഇടയാക്കി.പൾസർ സുനിയെന്ന ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തി തന്റെ മൊബൈലിൽ പകർത്തിയ നടിയുടെ ദൃശ്യങ്ങൾ സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുകയും ഈ അന്വേഷണം പോലീസിനു നടനിലേയ്ക്കു എത്തുന്നതിനു സഹായകമാവുകയും ചെയ്തു.ആരോപിതനായ നടൻ ദിലീപ് പ്രതിയായ സുനിയെ ഏകദേശം മൂന്നിലേറെ തവണ ബന്ധപ്പെട്ടിരുന്നു എന്ന സൂചന ആദ്യംതന്നെ പോലീസിന് ലഭിച്ചിരുന്നു. കേസിൽ പിന്നീടുണ്ടായ വഴിത്തിരിവുകളും നടനെതിരെയുള്ള കുരുക്കു മുറുകുന്നതിനു കാരണമായി.കേസിൽ പൾസറിനുവേണ്ടി വാദിച്ചത് ഒരു സുപ്രസിദ്ധ അഭിഭാഷകനായിരുന്നു എന്നതാണ് ശ്രദ്ധേയം.തന്റെ സ്വകാര്യതയെ മാനിച്ചിട്ട് ദൃശ്യങ്ങൾ പകർത്തി മൊബൈൽ തനിക്ക് വേണമെന്ന് നടി വാദിച്ചെങ്കിലും ഒരു സ്ത്രീയെന്ന പരിഗണന പോലും പലപ്പോഴും പണത്തിന്റെയും അധികാരത്തിന്റെയും മുന്നിൽ മുട്ടുമടക്കുന്നതാണ് കാണേണ്ടി വന്നത്.അന്നത്തെ കേസ് റെക്കോർഡ് വായിച്ചിട്ടുള്ള ഏതൊരാളുടെയും സാക്ഷിയെ മുറിവേൽപ്പിക്കുന്നതാണ് നടിക്ക് സംഭവിച്ച കാര്യങ്ങൾ. നീതിക്കുവേണ്ടി ഇത്രയും വർഷങ്ങൾക്ക് ശേഷവും ഒരു സ്ത്രീ അലയേണ്ടിവരുന്ന നിസ്സഹായത കൂടി ഇതിനൊപ്പം കൂട്ടി വായിക്കണം. ഇത്രയും ക്രൂരത കാണിച്ച ഒരു വ്യക്തിയാണ് നിസ്സാരമായി പുറത്തിറങ്ങി ഇപ്പോൾ വീണ്ടും ഗുണ്ടായിസം കാണിച്ച് നടക്കുന്നത്. ഇത് ആരുടെ കുറ്റമാണ് ഭാരതത്തിന്റെ നിയമസംഹിതയുടെയോ? അതോ പണക്കൊഴുപ്പിന്റെയോ?ഇതിന് ഉത്തരം മാത്രമല്ല തിരുത്തലും ഉണ്ടാവേണ്ടതാണ് .

Leave a Reply

Your email address will not be published. Required fields are marked *