Your Image Description Your Image Description

സമത്വം, തുല്യത, സ്വാതന്ത്ര്യം, ഒപ്പം വിവേചനവും അടിച്ചമർത്തലുകളുമില്ലാത്ത ലോകം ഇതാണ് ഓരോ അന്താരാഷ്ട്ര വനിതാദിനവും ആഹ്വാനം ചെയ്യുന്നത്. സ്വാതന്ത്രവും അവസരവും സന്തോഷവും എല്ലാവരുടെയും അവകാശമാണെന്നും വനിതാദിനങ്ങൾ ഓർമ്മപ്പെടുത്തുന്നു. 2025ലെ വനിതാദിനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ഈ ദിവസത്തിന്റെ പ്രത്യേകതയും ചരിത്രവും പ്രാധാന്യവും എല്ലാം നമുക്കൊന്ന് മനസ്സിലാക്കിയിരിക്കാം.

അന്താരാഷ്ട്ര വനിതാ ദിനം-

സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി സ്ത്രീശാക്തീകരണത്തിന് പ്രാധാന്യം കൊടുക്കുന്ന ദിനമാണ് വനിതാദിനം. സ്ത്രീത്വത്തിന്റെ മഹത്തായ ആഘോഷമാണ് ഓരോ വനിതാദിനവും. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക സാംസ്കാരിക നേട്ടങ്ങളെ ആദരിക്കുന്ന ദിനം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിൽ അവളെ ശാക്തീകരിക്കുന്നതിന്റെ അവൾ വിദ്യാഭ്യാസം ആർജിക്കുന്നതിന്റെ പ്രാധാന്യമെടുത്ത് പറയുന്ന ദിനം. സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിച്ച്, ലിംഗസമത്വവും ഉറപ്പാക്കുക എന്നതിനൊപ്പം സ്ത്രീയുടെ അവകാശങ്ങളെ കുറിച്ച് ബോധവൽക്കരിക്കുക എന്നതാണ് ദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യം.

20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായിരുന്ന യു.എസ് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുമായും, തൊഴിലാളി പ്രസ്ഥാനങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീകൾ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കും വോട്ടവകാശത്തിനും വേണ്ടി പോരാടിയിരുന്നു കാലമായിരുന്നു അത്. 1911-ൽ ഓസ്ട്രിയ, ഡെൻമാർക്ക്, ജർമനി, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലാണ് ആദ്യമായി അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചത്. സ്ത്രീകളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തി ഒരു ദശലക്ഷത്തിലധികം ആളുകൾ അന്ന് അണിനിരന്നു. അതിനു ശേഷം ഇത്തരമൊരു ദിനാചാരണത്തിന്റെ അർത്ഥവും വ്യാപ്തിയും കൂടുതൽ വർദ്ധിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ മുതൽ ജോലിസ്ഥലത്തെ തുല്യത വരെയുള്ള വിഷയങ്ങൾ ഇന്ന് ചർച്ചയാകുന്നു.

1977-ലാണ് ആദ്യമായി യുഎൻ അന്താരാഷ്ട്ര വനിതാ ദിനം ഔദ്യോഗികമായി അംഗീകരിച്ചത്. വനിതകൾ തങ്ങളുടെ കരുത്തിന്റെ പിൻബലത്തിൽ എല്ലാ മേഖലകളിലും ഉയരങ്ങൾ കീഴടക്കിയിട്ടുണ്ടെങ്കിലും, ഇപ്പോഴും അവളെ പുരുഷന്റെ അടിമയായും പുരുഷ മേധാവിത്വം കാട്ടുന്നതിനുള്ള ഇടമായും കാണുന്നവർ സമൂഹത്തിലുണ്ട് എന്നത് അവരുടെ പ്രതീക്ഷകളെ കെടുത്തുന്നതാണ്.ഉയരങ്ങളിൽ നിന്ന് കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ അവൾക്ക് കരുത്ത് പകരുന്നതാകട്ടെ ഈ വരുന്ന വനിതാദിനവും . പെൺകരുത്തിന്റെ കാഹളം മുഴങ്ങാൻ വരാനിരിക്കുന്ന നാളുകൾ അവളുടെത് കൂടിയായി മാറട്ടെ എന്ന് നമുക്ക് ആശംസിക്കാം അതിനായി ഒപ്പം നിൽക്കാം.

Leave a Reply

Your email address will not be published. Required fields are marked *