Your Image Description Your Image Description

ന്യൂഡൽഹി: കുംഭമേളക്ക് കൊണ്ടുപോയ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിന്റെ പിടിയിൽ. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഭർത്താവ് അശോക് കുമാറിനൊപ്പം ഭാര്യ മീനാക്ഷി(40) കുംഭമേളയിൽ പ​ങ്കെടുത്തത്. ഇരുവരും സന്തോഷത്തോടെയാണ് വീട്ടിൽ നിന്ന് കുംഭമേളയ്ക്ക് പോയത്. യാത്രയുടെയും കുംഭമേളയിൽ സ്നാനം ചെയ്യുന്നതിന്റെയും നിരവധി ചിത്രങ്ങളും, വീഡിയോയോകളും അശോക് കുമാർ മക്കൾക്ക് അയച്ചുകൊടുത്തിരുന്നു. കുംഭമേളയിലെത്തി പ്രദേശത്തെ ഹോംസ്റ്റേയിലാണ് ഇരുവരും താമസിച്ചിരുന്നത്.

ഫെബ്രുവരി 18നാണ് കൊലപാതകം നടന്നത്. പിറ്റേദിവസം രാവിലെ ആസാദ് നഗർ കോളനിയിലെ ഹോംസ്റ്റേയിലെ ബാത്റൂമിൽ രക്തത്തിൽ കുളിച്ച നിലയിൽ 40കാരിയുടെ മൃതദേഹം കിടക്കുന്നതായി ഡൽഹി​ പൊലീസിന് സന്ദേശം ലഭിച്ചു. മഹാകുംഭമേളക്ക് എത്തുന്നവർക്ക് താമസിക്കാനായിരുന്നു ഹോംസ്റ്റേയിൽ സൗകര്യമൊരുക്കിയത്. ഹോംസ്റ്റേയിൽ കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. ഭർത്താവിനൊപ്പമാണ് യുവതി ഹോംസ്റ്റേയിൽ മുറിയെടുത്തതെന്ന് കണ്ടെത്തി. ഭർത്താവായതിനാൽ കൂടുതൽ പരിശോധനകൾ നടത്താതെയാണ് ഹോംസ്റ്റേ മാനേജർ അവർക്ക് മുറി നൽകിയത്.

ന്യൂ​ഡൽഹിയിൽ നിന്നായിരുന്നു ദമ്പതികൾ പ്രയാഗ് രാജിലെത്തിയത്. മൂന്നു മാസം മുമ്പേ ഭാര്യയെ ​കൊല്ലാൻ തീരുമാനിച്ചിരുന്നതായി അശോക് കുമാർ പൊലീസിനോട് പറഞ്ഞു. കിഴക്കൻ ഡൽഹിയി​ലെ ശുചീകരണ തൊഴിലാളിയായ അശോകിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നു. ഈ ബന്ധം തുടരാനാണ് ഭാര്യയെ കൊലപ്പെടുത്താൻ ഇയാൾ തീരുമാനിച്ചത്. തുടർന്ന് ഫെബ്രുവരി 17ന് കുംഭമേളക്ക് പോകാമെന്ന് പറഞ്ഞ് ഇയാൾ ഭാര്യയെയും കൂട്ടിയിറങ്ങി. അന്ന് രാത്രി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. മീനാക്ഷി ബാത്റൂമിലേക്ക് പോയപ്പോൾ കൈയിൽ സൂക്ഷിച്ച കത്തിയുമായി അശോക് കുമാർ ആക്രമിക്കുകയായിരുന്നു. ഭാര്യയുടെ കഴുത്തറുത്ത ശേഷം രക്തം പുരണ്ട വസ്ത്രങ്ങൾ മാറ്റി അയാൾ രക്ഷപ്പെട്ടു. കൊല്ലാനുപയോഗിച്ച ആയുധവും മാറ്റി.

പിന്നീട് മകൻ ആഷിഷിനെ വിളിച്ച് തിരക്കേറിയ മേളയിൽ മീനാക്ഷിയെ കാണാതായെന്ന് അശോക് കളവ് പറഞ്ഞു. അമ്മയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്ന് അയാൾ ആശങ്കയോടെ തൻ്റെ കുട്ടികളോട് പറഞ്ഞു. എന്നാൽ അച്ഛൻ പറഞ്ഞ കാര്യങ്ങളിൽ മകന് സംശയം തോന്നി. ഫെബ്രുവരി 20ന് മീനാക്ഷിയുടെ കുടുംബം പ്രയാഗ് രാജിലെത്തി. മീനാക്ഷിയുടെ ഫോട്ടോയും അവരുടെ കൈവശമുണ്ടായിരുന്നു. ബന്ധുക്കളാണ് ഹോംസ്റ്റേയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ അശോകിനെ അറസ്റ്റ് ചെയ്തു. സത്യം വെളിപ്പെട്ടതോടെ കൊലപാതകത്തിനും തെളിവ് നശിപ്പിക്കലിനുമാണ് കേസ് ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *