Your Image Description Your Image Description

ഉച്ചഭക്ഷണത്തിന്റെ മണി മുഴങ്ങുമ്പോൾ കുട്ടികൾക്ക് അനുഭവപ്പെടുന്ന ആനന്ദം ഒന്നുവേറെ തന്നെയാണ്. ഭക്ഷണത്തിന് വരിവരിയായി നിൽകുമ്പോൾ നാട്ടിലെ സ്കൂളുകളിലെ കുട്ടികളുടെ മനസിലേയ്ക്ക് ഓടിയെത്തുന്നത് കഞ്ഞിയും പയറും പപ്പടവും സാമ്പാറും ഒക്കെയാണ്. ഒരേ രുചി തന്നെ ദിവസേനെ കഴിക്കുന്ന നമ്മുടെ കുട്ടികൾക്ക് വേഗം ഈ ഭക്ഷണമെല്ലാം മടുക്കും. എന്നാൽ മറ്റ് രാജ്യങ്ങളിലെ സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് എന്തായിരിക്കും കിട്ടുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ജപ്പാനിൽ ഒരു സ്കൂളിൽ കുട്ടികൾക്ക് വേണ്ടി തയ്യാറാക്കുന്ന ഉച്ചഭക്ഷണം ഭയങ്കര വെറൈറ്റിയാണ് കേട്ടോ… ഈ സ്കൂളിൽ വിളമ്പുന്ന ഭക്ഷണങ്ങളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയാണ്. ഇത്രമാത്രം ആരോഗ്യദായകവും രുചികരവുമായ ഭക്ഷണം ഒരുപക്ഷേ ലോകത്ത് മറ്റൊരു സ്കൂളിലും കുട്ടികൾക്കായി തയ്യാറാക്കി കൊടുക്കുന്നുണ്ടാവില്ല എന്നാണ് വീഡിയോ കണ്ടവർ അഭിപ്രായപ്പെട്ടത്.

ഉയർന്ന പോഷകം ഉള്ളതും സമീകൃതവുമായ ഭക്ഷണമാണ് ജപ്പാനിലെ സ്കൂളിൽ കുട്ടികൾക്കായി തയ്യാറാക്കുന്നത്. ജപ്പാനിലെ സൈതാമയിലെ ഒരു പബ്ലിക് മിഡിൽ സ്കൂളിൽ ഉച്ചഭക്ഷണം തയ്യാറാക്കുന്നതാണ് വൈറലായ വീഡിയോ. വെജിറ്റബിൾ ചിക്കൻ മീറ്റ്ബോൾ സൂപ്പ് എന്ന വിഭവമാണ് കുട്ടികൾക്കായി തയ്യാറാക്കുന്നത്. പച്ചക്കറികൾ ശ്രദ്ധാപൂർവ്വം കഴുകി മുറിച്ച് എടുക്കുന്നതു മുതൽ വിഭവം തയ്യാറാക്കി കഴിയുന്നതുവരെയുള്ള കാര്യങ്ങൾ വീഡിയോയിൽ കാണിച്ചിട്ടുണ്ട്. പൂർണമായും ആരോഗ്യകരമായ പാചകരീതിയാണ് ഇവർ പിന്തുടർന്നിരിക്കുന്നത്. വൃത്തിയിലും യാതൊരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല. പാചകം ചെയ്യുന്ന എല്ലാ വ്യക്തികളും വൃത്തിയുള്ള കിച്ചൺ ഗൗണുകൾ, ആപ്രണുകൾ, ഷെഫ് തൊപ്പികൾ, കയ്യുറകൾ എന്നിവ ധരിച്ചിരുന്നു.

വീഡിയോ വളരെ വേഗത്തിലാണ് സമൂഹ മാധ്യമത്തിൽ വൈറലായത്. ഈ സ്കൂളിൽ ചേരാൻ എന്ത് ചെയ്യണം എന്നായിരുന്നു വീഡിയോയ്ക്ക് താഴെ ചിലർ കുറിച്ചത്. മുതിർന്നവരടക്കം ഈ സ്കൂളിൽ ഒന്ന് പഠിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ചോദിക്കുകയാണ്. വിഡിയോ ഇതുവരെ 12 ദശലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു. സ്‌കൂൾ അടുക്കളയിൽ പ്രവേശിക്കാനും വീഡിയോ എടുക്കാനും നാഷണൽ സ്‌കൂൾ ലഞ്ച് ഓർഗനൈസേഷനിൽ നിന്ന് ഔദ്യോഗികമായി അനുമതി വാങ്ങണമെന്നും വീഡിയോ പങ്കുവെച്ച വ്യക്തി ഇതോടൊപ്പം കുറിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *