Your Image Description Your Image Description

മദ്യ വ്യവസായം ഏറ്റവുമധികം പച്ച പിടിക്കുന്നത് ഇന്ത്യയിലാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. അതിനാൽ തന്നെ രാജ്യത്ത് വലിയ നിക്ഷേപങ്ങള്‍ നടത്താൻ ഒരുങ്ങുകയാണ് മദ്യ കമ്പനികള്‍. രാജ്യത്തെ യുവാക്കളുടെ എണ്ണം, ആളുകളുടെ വര്‍ദ്ധിച്ചുവരുന്ന വരുമാനം തുടങ്ങിയവ കാരണം ഇന്ത്യന്‍ മദ്യ വിപണി അതിവേഗം വളരുമെന്ന പ്രവചനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ നിക്ഷേപം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ആല്‍ക്കഹോള്‍ ബെവറേജ് വ്യവസായം 64 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് കണക്ക്. ഇതോടെ ആഗോള വിപണിയില്‍ അഞ്ചാം സ്ഥാനത്തേക്ക് ഇന്ത്യ എത്തും.

2021 ല്‍ 52.4 ബില്യണ്‍ ഡോളര്‍ മൂല്യമുള്ളതായിരുന്നു രാജ്യത്തെ മദ്യ വിപണി. സംസ്ഥാനങ്ങളുടെ ഖജനാവിലേക്ക് മദ്യ വ്യവസായത്തിലൂടെ പ്രതിവര്‍ഷം 3 ലക്ഷം കോടി രൂപയിലധികമാണ് എത്തുന്നത്. കേന്ദ്ര സര്‍ക്കാരിന് ലഭിക്കുന്ന കസ്റ്റംസ് തീരുവയും ചരക്ക് സേവന നികുതിയ്ക്കും പുറമേയാണിത്. ഇന്ത്യയിലെ ഏറ്റവും വലിയ ബ്രൂവറീസ് കമ്പനികളായ എബി ഇന്‍ബെവ്, കാള്‍സ്ബര്‍ഗ് എന്നിവ ഈ വര്‍ഷം രാജ്യത്ത് ബ്രൂവറികള്‍ സ്ഥാപിക്കുന്നതിനായി 3,500 കോടി രൂപയിലധികം നിക്ഷേപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പാണ് ബര്‍ബണ്‍ വിസ്കിയുടെ കസ്റ്റംസ് തീരുവ കുറച്ചതായി അറിയിച്ചത്.

നിരവധി തരം വൈനുകളുടെ തീരുവയും ഇന്ത്യ കുറച്ചിട്ടുണ്ട്. മുന്തിരി, വെര്‍മൗത്ത്, മറ്റ് ചില പുളിപ്പിച്ച പാനീയങ്ങള്‍ എന്നിവയില്‍ നിന്നുള്ള വൈനുകളുടെ തീരുവയാണ് കുറച്ചത്. ഇറക്കുമതി തീരുവ വെട്ടിക്കുറച്ചത് കാരണം മദ്യ നിര്‍മ്മാതാക്കള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *