Your Image Description Your Image Description

പാമ്പിന്റെ ഒരു ഫോട്ടോ കാണുമ്പോൾ തന്നെ എല്ലാവർക്കും വലിയ ഭയമായിരിക്കും. പാമ്പുകളുമായി ബന്ധപ്പെട്ട വീഡിയോകൾ മിക്കപ്പോഴും സമൂഹ മാധ്യമങ്ങളിൽ കാണാറുണ്ട്. അത്തരത്തിൽ ഏറെ ആശങ്കപ്പെടുത്തുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയുണ്ടായി. ഒരു വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിൽ ഫോൺ വിളിച്ചു കൊണ്ടിരിക്കുന്ന ഒരു യുവാവിനെ പിന്നിൽ നിന്നും പാമ്പ് ആക്രമിക്കുന്നതാണ് ദൃശ്യങ്ങളിൽ. പാമ്പ് നിരവധി തവണ ഇയാളുടെ തലയിൽ കൊത്തുന്നുണ്ടെങ്കിലും രക്ഷയായത് തലയിൽ വെച്ചിരിക്കുന്ന തൊപ്പിയാണ്. ‘നേച്ചർ ഈസ് അമേസിങ്’ എന്ന അക്കൗണ്ട് എക്സില്‍ പങ്കുവെച്ച ഈ വീഡിയോ മൂന്നു ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.

‘ഇദ്ദേഹം ധരിച്ചിരിക്കുന്ന തൊപ്പിക്ക് നന്ദി’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. വീഡിയോയിൽ ഒരു മനുഷ്യൻ തന്റെ പിന്നിൽ പതിയിരിക്കുന്ന അപകടത്തെ കുറിച്ച് അറിയാതെ ഫോൺ വിളിച്ചുകൊണ്ടിരിക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്. പെട്ടെന്ന് ഒരു പാമ്പ് അദ്ദേഹത്തിൻറെ പിന്നിലുള്ള ഒരു കമ്പിയിലൂടെ ഇഴഞ്ഞുവന്ന് തലയിൽ കൊത്തുന്നു. ഒന്നിലധികം തവണ ഇത്തരത്തിൽ ചെയ്യുന്നത് വീഡിയോയിൽ കാണാം.

പക്ഷേ ഇതൊന്നും ആ മനുഷ്യൻ അറിയുന്നില്ല എന്ന് മാത്രമല്ല ഒടുവിൽ പാമ്പിൻ്റെ പല്ലിൽ കൊളുത്തി തൊപ്പി തലയിൽ നിന്നും ചാടിപ്പോകുമ്പോൾ മാത്രമാണ് ഇയാൾ പിന്നോട്ട് തിരിഞ്ഞു നോക്കുന്നതും പാമ്പിനെ കാണുന്നതും. അതോടെ വീഡിയോ അവസാനിക്കുന്നു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പാമ്പുകൾ എവിടെ വേണമെങ്കിലും പതിയിരിക്കാമെന്നും ആളുകൾ അവർ ഇരിക്കുന്ന ചുറ്റുപാടുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കണം എന്നും നിരവധിപ്പേർ അഭിപ്രായപ്പെട്ടു. എന്നാല്‍, ഇത് യഥാർഥ വീഡിയോ തന്നെയാണോ എന്ന് സംശയമുണ്ടെന്നും കമന്റുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *