Your Image Description Your Image Description

മലപ്പുറം: മരുന്ന് കഴിക്കാത്തത് ചോദ്യം ചെയ്തതിന്റെ പേരിൽ അമ്മയെ മകൻ കൊലപ്പെടുത്തി. ഗ്യാസ് സിലിണ്ടറുകൊണ്ട് തലക്കടിച്ചും വെട്ടിയുമാണ് ക്രൂരമായി അമ്മയെ മകൻ കൊലപ്പെടുത്തിയത്. നന്നാട്ട് ആമിന (62)യാണ് മരിച്ചത്. ആമിനയുടെ മകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. ആമിനയുടെ ഭർത്താവായ അബു ജോലിക്ക് പോയിരുന്ന സമയത്താണ് കൊലപാതകം നടന്നത്.

ആമിനയുടെയും അബുവിന്റെയും മുപ്പതുവയസുകാരനായ മകൻ ഏറെ നാളായി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും കഴിഞ്ഞ ഒരാഴ്ചയായി ഇയാൾ മരുന്ന് കൃത്യമായി കഴിച്ചിരുന്നില്ലെന്നുമാണ് ലഭിക്കുന്ന വിവരം. ഇതിനെ ചൊല്ലി അമ്മയും മകനും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇന്ന് രാവിലെയും മകൻ മരുന്ന് കഴിക്കാൻ കൂട്ടാക്കിയില്ല. ഇതിനെ ചൊല്ലി ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിന് പിന്നാലെ പ്രകോപിതനായ മകൻ അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുകയായിരുന്ന ഉമ്മയെ ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് നിലത്ത് വീണ് കിടന്ന ആമിനയെ അടുക്കളയിലുണ്ടായിരുന്ന വെട്ടുകത്തികൊണ്ട് മകൻ വെട്ടി കൊലപ്പെടുത്തി എന്ന് പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൽപ്പകഞ്ചേരി പൊലീസ് മകനെ കസ്റ്റഡിയിലെടുത്തു. തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം ആമിനയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *