Your Image Description Your Image Description

പരിയാരം: നിരവധി കേസുകളിലെ പ്രതിയായ മോഷ്ടാവ് ഒടുവിൽ പോലീസ് പിടിയിൽ. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗിലെ ഗാര്‍ഡന്‍ വളപ്പില്‍ പി.എച്ച് ആസിഫിനെയാണ് (24) പോലീസ് അറസ്റ്റ് ചെയ്തത്. പരിയാരം ഇന്‍സ്‌പെക്ടര്‍ എം.പി വിനീഷ്‌ കുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ബുധനാഴ്ച ഇയാളെ പിടികൂടിയത്. ഈ മാസം 14-ന് ചെറുതാഴം കക്കോണിയിലും, അറത്തിപ്പറമ്പിലുമായി രണ്ട് വീടുകളിൽ കയറി പ്രതി സ്വർണ്ണവും പണവും കവർന്നിരുന്നു. ആറര ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും 20,300 രൂപയുമാണ് രണ്ട് വീടുകളില്‍ നിന്നായി ഇയാൾ മോഷ്ടിച്ചത്. മോഷണത്തിന് ശേഷം മുങ്ങാൻ ശ്രമിച്ച പ്രതിയെ കാഞ്ഞങ്ങാട് നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. 25 കേസുകളില്‍ പ്രതിയാണ് ആസിഫെന്ന് പോലീസ് പറഞ്ഞു.

ചെറുതാഴം കക്കോണി സ്വദേശിയായ കെ രാജന്‍റെ വീട്ടിലാണ് ഇയാൾ ആദ്യം മോഷ്ടിക്കാൻ കയറിയത്. രാവിലെ 10 മണിക്കും ഉച്ചക്ക് ഒന്നിനും ഇടയിലായിരുന്നു സംഭവം. അടുക്കള ഭാഗത്തെ ഗ്രില്ലും ഡോറും തുറന്നാണ് ഇയാള്‍ അകത്ത് കടന്നത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച രാജന്‍റെ മകളുടെ നാല് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഭാര്യയുടെ പേഴ്സില്‍ ഉണ്ടായിരുന്ന 2,300 രൂപയും ഇയാൾ മോഷ്ടിച്ചു.
ചെറുതാഴം അറത്തിപ്പറമ്പ് സ്വദേശിയായ കെ വി സാവിത്രിയുടെ വീട്ടിലാണ് ഇയാള്‍ രണ്ടാമത് കയറിയത്. ഉച്ചക്ക് 12 നും വൈകുന്നേരം 5 നും ഇടയിലായിരുന്നു കവര്‍ച്ച. ഒന്നരലക്ഷം രൂപ വിലമതിക്കുന്ന രണ്ടരപവന്‍ സ്വര്‍ണാഭരണങ്ങളും 18,000 രൂപയുമാണ് സാവിത്രിയുടെ വീട്ടില്‍ നിന്നും നഷ്ടപ്പെട്ടത്. രണ്ടു വീട്ടുകാരും ഉത്സവം കാണാന്‍ പോയപ്പോഴായിരുന്നു മോഷണം.

സാധാരണ മോഷ്ടാക്കൾ സ്വീകരിക്കാറുള്ള രീതികളിൽ നിന്നും വ്യത്യസ്തമായ മോഷണ രീതിയാണ് പ്രതിയുടേതെന്ന് പോലീസ് പറഞ്ഞു. അപരിചിതമായ സ്ഥലങ്ങളിൽ മോഷണത്തിനായി പോകുമ്പോൾ ഇയാൾ ബസുകളിലാണ് യാത്ര ചെയ്യാറുള്ളത്. കൂടാതെ യാത്രാ വേളയിൽ ഫോൺ ഉപയോഗിക്കില്ല. ഗ്രാമപ്രദേശങ്ങളിലൂടെ ചുറ്റി സഞ്ചരിച്ച് മോഷണം നടത്തേണ്ട വീടുകൾ കണ്ടുവെക്കും. ഇതിന് വേണ്ടി 20 കിലോ മീറ്ററോളം ഇയാൾ നടക്കാറുമുണ്ട്. ആൾതാമസമില്ലാത്ത വീടുകൾ കണ്ടെത്തിയ ശേഷം തക്ക സമയം നോക്കി മോഷണം നടത്തും. പണമാണ് ഇയാൾ കൂടുതലായും മോഷ്ടിക്കുക. ഇത്തരത്തിൽ മോഷ്ടിച്ച് കിട്ടുന്ന പണം കൊണ്ട് മംഗളൂരു, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലെത്തി ആഡംബര ഹോട്ടലുകളിൽ താമസിക്കുകയാണ് പതിവെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *