Your Image Description Your Image Description

ഡല്‍ഹി: ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് പതിനെട്ട് പേര്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. അനുവദനീയമായതിലും കൂടുതല്‍ ടിക്കറ്റുകള്‍ എന്തിനാണ് വിറ്റഴിച്ചതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് സുപ്രീംകോടതി ചോദിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി സോളിസിറ്റര്‍ ജനറലിനോട് സുപ്രധാന ചോദ്യങ്ങള്‍ ആരാഞ്ഞത്.

ഓരോ ട്രെയിനിനും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ജനങ്ങളുടെ എണ്ണത്തിന് പരിധിയുണ്ട്. എന്തിനാണ് ഇതിലും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചത്? ഇത് എങ്ങനെയാണ് സംഭവിച്ചതെന്ന് സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ദേവേന്ദ്ര ഉപാധ്യായയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്.

ജസ്റ്റിസ് തുഷാര്‍ റാവു ഗഡേലയാണ് ബെഞ്ചിലുള്ള മറ്റ് അംഗം. മഹാകുംഭമേള നടക്കുന്ന പ്രയാഗ്രാജിലേക്ക് പോകാന്‍ എത്തിയ ജനങ്ങളാണ് റെയില്‍വേ സ്റ്റേഷനില്‍ നടന്ന തിക്കിലും തിരക്കിലും പെട്ട് കൊല്ലപ്പെട്ടത്. ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും നഷ്ടപരിഹാരത്തുക ഒരിക്കലും നഷ്ടപ്പെട്ട ജീവനുകള്‍ക്ക് പകരമാവില്ലെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു. ദുരന്തത്തിന് പിന്നാലെ അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ നോര്‍ത്തേണ്‍ റെയില്‍വേ രണ്ടംഗ ഉന്നതതല സമിതിയെ നിയോഗിച്ചിരുന്നു.

പ്രയാഗ്രാജ് എക്സ്പ്രസ്, പ്രയാഗ്രാജ് സ്പെഷ്യല്‍ എന്നീ ട്രെയിനുകളുടെ അറിയിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ ആശയക്കുഴപ്പമാണ് ജനങ്ങള്‍ ഒരു പ്ലാറ്റ്ഫോമിലേക്ക് ഇരച്ചെത്താന്‍ കാരണമായത്. ഇതാണ് ദുരന്തത്തിലേക്ക് വഴിവെച്ചത് എന്നുമാണ് ദേശീയ റെയില്‍വേ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *