Your Image Description Your Image Description

ശ്രീലക്ഷ്മി എന്ന പേര് തനിക്ക് പണ്ടേ ഇഷ്ടമല്ലായിരുന്നുവെന്ന് നടി ആരാധ്യ ദേവി. ബോളിവുഡ് സംവിധായകൻ രാം​ഗോപാൽ വർമ്മയാണ് ശ്രീലക്ഷ്മി സതീഷ് എന്ന പേര് മാറ്റി താരത്തിന് ആരാധ്യ ദേവി എന്ന പേര് നൽകിയത്. ഉടൻ റിലീസാകുന്ന രാംഗോപാൽ വർമയുടെ ‘സാരി’ എന്ന ചിത്രത്തിൽ നായികയാണ് ആരാധ്യ. ഈ ചിത്രത്തിന്റെ പ്രമോഷനായി കേരളത്തിലെത്തിയപ്പോഴാണ് താരം തന്റെ പേരിനെ കുറിച്ചും വാചാലയായത്.

ശ്രീലക്ഷ്മി എന്ന പേര് തനിക്ക് പണ്ടേ ഇഷ്ടമല്ലായിരുന്നുവെന്നാണ് താരം വെളിപ്പെടുത്തിയത്. അതൊരു കുറ്റമായി പറയുന്നതല്ലെന്നും ആരാധ്യ പറഞ്ഞു. ‘സ്‌കൂളിൽ നമ്മുടെ ക്ലാസിൽതന്നെ അഞ്ചോ ആറോ ശ്രീലക്ഷ്മിമാരുണ്ടാകും. എനിക്ക് എപ്പോഴും വ്യത്യസ്തതയുള്ള ഒരു പേര് വേണമെന്ന ആഗ്രഹമുണ്ടായിരുന്നു. എനിക്ക് എന്തിനാ ഈ പേര് ഇട്ടതെന്ന് അച്ഛനോടും അമ്മയോടും എപ്പോഴും ചോദിക്കുമായിരുന്നു. അങ്ങനെ ഒരു അവസരം വന്നപ്പോൾ എന്തുകൊണ്ട് പേര് മാറ്റിക്കൂടാ എന്ന ചിന്ത വന്നു. ശ്രീലക്ഷ്മി എന്നത് ഒരു പരമ്പരാഗത പേരാണ്. അങ്ങനെ മാതാപിതാക്കളും രാംഗോപാൽ വർമയും ചില പേരുകൾ നിർദേശിച്ചു. അതിൽ നിന്ന് തിരഞ്ഞെടുത്ത പേരാണ് ആരാധ്യ.’-ശ്രീലക്ഷ്മി പറയുന്നു.

ഗ്ലാമർ റോളുകൾ ചെയ്യില്ലെന്ന് നേരത്തെ പറഞ്ഞ പ്രസ്താവനയിൽ പശ്ചാത്തപിക്കുന്നില്ലെന്നും അന്നത്തെ എന്റെ പ്രായവും സാഹചര്യവുമാണ് അങ്ങനെ പറയാൻ പ്രേരിപ്പിച്ചതെന്നും ആരാധ്യ കൂട്ടിച്ചേർത്തു. അടുത്ത വീട്ടിലെ പെൺകുട്ടി എന്ന തരത്തിലുള്ള കഥാപാത്രമാണ് സാരി എന്ന ചിത്രത്തിലേത്. ആ കഥാപാത്രം ഒട്ടും ഗ്ലാമറസല്ല. എന്നാൽ വില്ലന്റെ സാങ്കൽപിക ലോകത്ത് അയാളുടെ ഫാന്റസിയിൽ കരുതുന്നത് ഈ കുട്ടി ഒരു സെക്‌സി ഗേൾ ആണെന്നാണ്. അത് കാണിക്കാൻവേണ്ടി മാത്രം ചില ഗ്ലാമറസ് രംഗങ്ങളിൽ അഭിനയിക്കേണ്ടി വന്നു. ആരാധ്യ പറയുന്നു.

ഗ്ലാമറിന് ഇന്ന് ഒരുപാട് വ്യാഖ്യാനങ്ങളുണ്ട്. വസ്ത്രത്തിന് അതിൽ യാതൊരു പ്രസക്തിയുമില്ല. ഇതൊരു വികാരമാണ്. ഓരോ വ്യക്തികളേയും ആശ്രയിച്ച് വ്യത്യസ്തമായ കാഴ്ച്ചപ്പാടായിരിക്കും. ചിലർക്ക് അത് വസ്ത്രങ്ങളായിരിക്കും. മറ്റു ചിലർക്ക് ഇമോഷൻസും. അന്ന് ഗ്ലാമർ റോൾ ചെയ്യുന്നില്ലെന്ന് പറഞ്ഞതുമായി ബന്ധപ്പെട്ട് ഒരുപാട് ട്രോളുകൾ വന്നിട്ടുണ്ട്. അന്നത്തെ ആ 22-കാരിയെ ഞാൻ ഭാവിയിൽ കുറ്റം പറയില്ല. ഭാവിയിൽ ഏത് തരത്തിലുള്ള വേഷം ചെയ്യാനും താൻ തയ്യാറാണെന്നും അവർ കൂട്ടിച്ചേർത്തു.

‘ഒരു സാധാരണ കുടുംബത്തിൽ നിന്ന് വരുന്ന പെൺകുട്ടി എന്ന നിലയ്ക്ക് നടിയാകുക എന്ന സാഹചര്യം എനിക്കുണ്ടായിരുന്നില്ല. ആ സ്വപ്‌നം ഞാൻ അന്നേ കുഴിച്ചുമൂടിയതാണ്. രാംഗോപാൽ വർമയുമൊത്തുള്ള സിനിമ വലിയൊരു അനുഭവമായിരുന്നു. ആദ്യത്തെ സിനിമ ആയതിനാൽ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. പിജി പഠിക്കുന്ന സമയത്ത് വെറുതെ ചെയ്ത വീഡിയോ കണ്ട് അദ്ദേഹം വിളിക്കുകയായിരുന്നു. അല്ലാതെ മോഡലിങ് എന്റെ പാഷനേ അല്ലായിരുന്നു. അഭിനയം പണ്ടേ ഇഷ്ടമായിരുന്നു. സ്‌കൂളിൽ നാടകങ്ങളിലൊക്കെ പങ്കെടുത്തിട്ടുണ്ട്. സാരി എന്ന സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലം അത് എന്നെ ബാധിക്കില്ല. കാരണം ഇതുവരെ നടന്നതെല്ലാം ഒരു സ്വപ്‌നം പോലെയാണ് ഞാൻ കാണുന്നത്. ഈ നിമിഷങ്ങളെ ഓർത്ത് സന്തോഷിക്കും. അത്രമാത്രം.’-ആരാധ്യ പറയുന്നു.

ഇൻസ്റ്റഗ്രാം റീലിലൂടെയാണ് ശ്രീലക്ഷ്മി സതീഷ് എന്ന മോഡൽ വൈറലായത്. ആഘോഷ് വൈഷ്ണവ് എന്ന ഛായാഗ്രാഹകനാണ് ഇൻസ്റ്റഗ്രാമിൽ സാരിയുടുത്തുള്ള ശ്രീലക്ഷ്മിയുടെ റീൽ പോസ്റ്റ് ചെയ്തത്. ഇത് സംവിധായകൻ രാംഗോപാൽ വർമയുടെ ശ്രദ്ധയിൽപെടുകയും ശ്രീലക്ഷ്മിയെ നായികയായി അഭിനയിക്കാൻ ക്ഷണിക്കുകയും ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *