Your Image Description Your Image Description

കൽപ്പറ്റ: രജിസ്‌ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി അധികൃതർ. ഗർഭസ്ഥശിശു ലിംഗ നിർണയ നിരോധന നിയമം കർശനമായി നടപ്പാക്കുമെന്നും അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ജില്ലാ തല യോഗം എ.ഡി.എം കെ. ദേവകിയുടെ അധ്യക്ഷതയിൽ വയനാട് കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്നു.

മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ സ്ഥലം മാറുമ്പോഴും പുതിയ ആളുകളെ നിയമിക്കുമ്പോഴും രേഖാമൂലം ജില്ല മെഡിക്കൽ ഓഫിസറെ വിവരം ധരിപ്പിക്കണം. ജില്ലയിലെ എല്ലാ സ്വകാര്യ ഡോക്ടർമാർക്കും ട്രാവൻകൂർ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധമാണ്. രജിസ്ട്രേഷനില്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തിയാൽ കർശന നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

ജനനി സുരക്ഷാ യോജന പ്രകാരം രജിസ്ട്രേഷൻ ചെയ്ത 11 സ്ഥാപനങ്ങൾക്ക് പുതിയ സർട്ടിഫിക്കറ്റ് നൽകുമെന്ന് അറിയിച്ചു. വിനായക ജ്യോതി ആശുപത്രി മാനന്തവാടി, ഫാത്തിമമാതാ മിഷൻ ആശുപത്രി കൽപറ്റ, ലിയോ ആശുപത്രി കൽപറ്റ, കെ.ജെ. മെഡിക്കൽ ട്രസ്റ്റ് ആശുപത്രി കൽപറ്റ, അസംപ്ഷൻ ആശുപത്രി സുൽത്താൻ ബത്തേരി, പി.ബി. എം. മെറ്റേണിറ്റി ആശുപത്രി മീനങ്ങാടി, അപ്പുക്കുട്ടൻ മെമ്മോറിയൽ ആശുപത്രി സുൽത്താൻ ബത്തേരി, വിനായക ആശുപത്രി സുൽത്താൻ ബത്തേരി, കരുണ ആശുപത്രി സുൽത്താൻ ബത്തേരി, മറീന ആശുപത്രി അമ്പലവയൽ, ഡി.എം. വിംസ് ആശുപത്രി വയനാട് എന്നീ ആശുപത്രികളാണ് പട്ടികയിൽ ഉൾപ്പെടുന്നത്. യോഗത്തിൽ ജില്ല മെഡിക്കൽ ഓഫിസർ ഡോ. പി. ദിനീഷ്, ജില്ല ആർ.സി.എച്ച് ഓഫിസർ ഡോ. ജെറിൻ എസ് ജെറോഡ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *