Your Image Description Your Image Description

തിരുവനന്തപുരം: ഉടുപ്പഴിച്ചേ പോകാവൂ എന്ന് നിര്‍ബന്ധം പിടിക്കുന്ന ക്ഷേത്രങ്ങളില്‍ പോകേണ്ടെന്ന് സച്ചിദാനന്ദ സ്വാമികള്‍. ക്ഷേത്രത്തില്‍ വസ്ത്രം ധരിച്ച് കയറാമെന്ന തീരുമാനം സര്‍ക്കാര്‍ സധൈര്യം എടുക്കണമെന്നും അതിന് തന്ത്രിമാരുടെ അനുവാദം കാത്തിരിക്കരുത്. ക്ഷേത്രങ്ങളില്‍ ആനകളെ എഴുന്നള്ളിക്കരുതെന്നും വെടിക്കെട്ട് വേണ്ടെന്നുമാണ് ശ്രീനാരായണ ഗുരു പറഞ്ഞതെന്നും ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡണ്ട് പറഞ്ഞു. ശിവഗിരി മഠത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതി-മത-ദേശ ഭേദമന്യേ ശാസ്ത്ര യുഗത്തില്‍ ജീവിക്കുന്ന പരിഷ്‌കൃത സമൂഹമെന്ന നിലയില്‍ ദുരാചാരങ്ങളെ ഇല്ലാതാക്കാന്‍ കേരളത്തിലെ ജനങ്ങള്‍ മുന്നോട്ട് പോകണം. കാലോചിതമായ രീതിയില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സാധിക്കണം. ധാര്‍മ്മികമായ പരിഷ്‌കാരം നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് സാധിക്കും. ക്ഷേത്ര പ്രവേശന വിളംബരം നടപ്പാക്കാന്‍ ഒരു തന്ത്രിയുടെയും അഭിപ്രായം ചോദിച്ചില്ല. അയിത്ത ജാതികളില്‍ പെട്ടവര്‍ക്ക് ക്ഷേത്രങ്ങളില്‍ പൂജാരിമാരാകാം എന്ന പിണറായി സര്‍ക്കാരിന്റെ തീരുമാനം നല്ലതായിരുന്നു. പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പൂജാരിമാരാകാം എന്നത് ഉചിതമായ തീരുമാനമാണ്. അത് ഇവിടെയുള്ള തന്ത്രിമാരുടെ അഭിപ്രായം തേടി എടുത്തതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

താന്‍ ഈ നിലപാട് മുന്‍പ് പറഞ്ഞപ്പോള്‍ ഇതൊക്കെ പറയാന്‍ ഇയാള്‍ക്കെന്ത് അധികാരമെന്ന് ചോദിച്ചവരുണ്ട്. അത് അവരുടെ സംസ്‌കാരം എന്നാണ് താന്‍ പ്രതികരിച്ചത്. അവര്‍ സ്വാമികളെന്നല്ല ഇയാള്‍ എന്നാണ് തന്നെ പരാമര്‍ശിച്ചത്. എന്നിട്ടും കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഈ പരിവര്‍ത്തനം നടക്കുന്നുണ്ട്. ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിച്ച് കയറാമെന്ന മാറ്റം പലയിടത്തും വന്നുവെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യത്വമാണ് ഈശ്വരീയത. ഈ നിലപാടിലൂന്നിയാണ് ശ്രീനാരായണ ഗുരുദേവന്‍ ക്ഷേത്രങ്ങള്‍ സ്ഥാപിച്ചത്. ആനയും വെടിക്കെട്ടും വേണ്ടെന്ന് ഗുരുദേവന്‍ പ്രഖ്യാപിച്ചതാണ്. എന്നാല്‍ ഇന്നും ആ മാമൂലുകള്‍ പിന്തുടരുകയാണ്. തലശേരിയിലെ ജഗന്നാഥ ക്ഷേത്രത്തിലും കൊല്ലത്ത് പുറ്റിങ്ങലിലും ഉണ്ടായ അപകടങ്ങള്‍ മുന്നിലുണ്ട്. നാരായണ ഗുരു പറഞ്ഞത് നമ്മുടെ കോടതികള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. എന്നിട്ടും മാമൂല്‍ പയ്യന്‍മാര്‍ വീണ്ടും വീണ്ടും കോടതികളില്‍ കേസ് കൊടുത്ത് ഇത് നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. തന്ത്രി അനുവദിക്കുന്നില്ലെന്നാണ് പലപ്പോഴും തടിതപ്പാനുള്ള കാരണമായി പറയുന്നതെന്നും എന്നാല്‍ ആനകളും വെടിക്കെട്ടും എത്രയെത്ര ജീവനുകള്‍ അപഹരിച്ചുവെന്നത് ഓര്‍ക്കണമെന്നും സച്ചിദാനന്ദ സ്വാമികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *