Your Image Description Your Image Description

അമേരിക്കയുടെ പിന്തുണയില്ലാതെ റഷ്യയുടെ ആക്രമണത്തെ അതിജീവിക്കാന്‍ യുക്രെയിന് സാധിക്കില്ലെന്ന് സെലന്‍സ്‌കി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഈ ആഴ്ച സെലന്‍സ്‌കിയുമായും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായും നടത്തിയ ഫോണ്‍ കോളുകള്‍ക്ക് ശേഷമാണ് സെലന്‍സ്‌കി ഇത്തരത്തിലുള്ള പ്രസ്താവനയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ‘ അമേരിക്കയുടെ സഹായമില്ലാതെ റഷ്യയെ എതിരിടാന്‍ വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും, എല്ലാ ദുഷ്‌കരമായ സാഹചര്യങ്ങളിലും യുക്രെയ്‌നെ അമേരിക്ക പിന്തുണയ്ക്കണമെന്നും സെലന്‍സ്‌കി അഭ്യര്‍ത്ഥിച്ചു. എന്‍ബിസി ന്യൂസ് പ്രോഗ്രാമായ ‘മീറ്റ് ദി പ്രസ്സിനു’ നല്‍കിയ അഭിമുഖത്തിലാണ് സെലന്‍സ്‌കി ഇക്കാര്യം വ്യക്തമാക്കിയത്.

യുക്രെയ്ന്‍-റഷ്യ യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്ത ട്രംപ് കഴിഞ്ഞ ദിവസങ്ങളില്‍ പുടിനും സെലന്‍സ്‌കിയുമായും ഫോണിലൂടെ സമാധാന ചര്‍ച്ചയ്ക്കായി ആഹ്വാനം ചെയ്തിരുന്നു. യുക്രെയ്ന്‍ നാറ്റോയില്‍ ചേരുന്നത് പ്രായോഗികമല്ലെന്ന് താന്‍ കരുതുന്നുണ്ടെന്നും യുക്രെയ്‌നിന് അതിന്റെ മുഴുവന്‍ ഭൂമിയും തിരിച്ചുപിടിക്കാന്‍ സാധ്യതയില്ലെന്നും ട്രംപ് പിന്നീട് പറഞ്ഞു. 2014 ല്‍ ക്രിമിയ പിടിച്ചടക്കിയ റഷ്യ 2022 ഫെബ്രുവരിയില്‍ യുക്രെയ്‌നില്‍ പൂര്‍ണ്ണ തോതിലുള്ള അധിനിവേശം ആരംഭിക്കുകയായിരുന്നു. പിടിച്ചെടുത്ത പ്രദേശത്ത് നിന്ന് റഷ്യ പിന്മാറണമെന്നും, റഷ്യ വീണ്ടും ആക്രമിക്കുന്നത് തടയാന്‍ നാറ്റോ അംഗത്വമോ തത്തുല്യമായ സുരക്ഷാ ഗ്യാരണ്ടിയോ ലഭിക്കണമെന്നുമാണ് സെലന്‍സ്‌കിയുടെ പ്രധാന ആവശ്യം.

യുദ്ധം അവസാനിപ്പിക്കാനല്ല, മറിച്ച് റഷ്യയ്ക്കുമേലുള്ള ചില ആഗോള ഉപരോധങ്ങള്‍ നീക്കുന്നതിനും റഷ്യയുടെ സൈന്യത്തെ പുനഃസംഘടിപ്പിക്കാന്‍ അനുവദിക്കുന്നതിനും വെടിനിര്‍ത്തല്‍ കരാര്‍ നേടുന്നതിനാണ് പുടിന്‍ ചര്‍ച്ചാ മേശയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നതെന്ന് സെലന്‍സ്‌കി എന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പുടിനുമായുള്ള തന്റെ ഫോണ്‍ സംഭാഷണം ഒരു മണിക്കൂറിലധികം നീണ്ടുനിന്ന നല്ല സംഭാഷണമായിരുന്നുവെന്ന് ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ക്രെംലിനും സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *