Your Image Description Your Image Description

വിവാഹമോചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഛായാഗ്രാഹകൻ സുജിത്ത് വാസുദേവ്. സുജിത്ത് സംവിധാനം ചെയ്ത ജെയിംസ് ആന്റ് ആലീസ് എന്ന ചിത്രത്തിലേത് പോലെ തന്നെ യഥാർത്ഥ ജീവിതത്തിലും സംഭവിച്ചോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സുജിത്ത്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ആ സിനിമയിലേത് പോലെ ജീവിതത്തിൽ സംഭവിച്ചിരുന്നെങ്കിൽ നേരെ തിരിച്ചായിരിക്കും നടക്കുക. ഞാനും മഞ്ജുവും രണ്ട് മൂന്ന് വര്‍ഷങ്ങളായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് വിവാഹമോചിതരായത്. സിനിമയില്‍ സംഭവിച്ചത് പോലെയായിരുന്നുവെങ്കില്‍ ഞങ്ങള്‍ പൊരുത്തപ്പെട്ട് വീണ്ടും ഒരുമിച്ച് ജീവിക്കുമായിരുന്നില്ലേ?. ജീവിതവും സിനിമയും രണ്ടും രണ്ടാണ്. ജീവിതത്തെ ജീവിതമായും സിനിമയെ സിനിമയായും കാണണം. പല ഘടകങ്ങള്‍ കൂടിച്ചേര്‍ന്നതാണ് ജീവിതം. എത്ര നാൾ ഇങ്ങനെ വിഷമിച്ചിരിക്കും. ഒരാള്‍ നമ്മെ വിട്ടുപോകുമ്പോഴോ അല്ലെങ്കില്‍ കൂടെ ഇല്ലാത്തപ്പോഴോ അതാണ് സന്തോഷം എന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല. വിഷമഘട്ടങ്ങളിൽ നിന്ന് നമ്മൾ പുറത്തുവരണം. അതാണല്ലോ ജീവിതം. ഈയിടക്ക് എന്റെ സഹോദരൻ മരിച്ചു. അതിൽ നിന്നെല്ലാം നമ്മൾ പുറത്തു വരണ്ടേ? അതു മാത്രം ആലോചിച്ച് എപ്പോഴും വിഷമിച്ചിരിക്കാൻ പറ്റില്ലല്ലോ”, സുജിത്ത് വാസുദേവ് പറഞ്ഞു. ജീവിതത്തില്‍ നടന്നതും നടക്കുന്നതുമായ കാര്യങ്ങളെ തടയാന്‍ സാധിക്കില്ലെന്നും സുജിത്ത് വാസുദേവ് കൂട്ടിച്ചേർത്തു.

2024 ലായിരുന്നു സുജിത്ത് വാസുദേവും മഞ്ജു പിള്ളയും തമ്മിലുള്ള വിവാഹമോചനം നടന്നത്. 24 വര്‍ഷങ്ങൾ നീണ്ട ദാമ്പത്യജീവിതത്തിന് ശേഷമായിരുന്നു ഇവർ വേർപിരിഞ്ഞത്. ഇവർക്ക് ഒരു മകളുമുണ്ട്. മെമ്മറീസ്, ദൃശ്യം, അനാര്‍ക്കലി, എസ്റ, ലൂസിഫര്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ചയാളാണ് സുജിത്ത് വാസുദേവ്. മലയാളത്തിലെ പ്രശസ്ത സിനിമാ, ടെലിവിഷൻ താരമായ മഞ്ജു പിള്ള, മലയാളചലച്ചിത്ര രംഗത്തെ ആദ്യകാല ഹാസ്യനടൻമാരിൽ ഒരാളായ എസ് പി പിള്ളയുടെ കൊച്ചുമകൾ കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *