Your Image Description Your Image Description

വാഷിങ്ടൺ: അമേരിക്കയിലെ അഴിമതി കേസിൽ ഇന്ത്യൻ വ്യവസായി ഗൗതം അദാനിക്ക് ആശ്വാസം. അമേരിക്കയിലെ ഫോറിൻ കറപ്ട് പ്രാക്ടീസ് ആക്ട് നടപ്പാക്കുന്നത് താൽക്കാലികമായി തടഞ്ഞുകൊണ്ടുള്ള ഡോണാൾഡ് ട്രംപിന്റെ ഉത്തരവാണ് അദാനിക്ക് ആശ്വാസമായത്. വിദേശികൾക്ക് കൈക്കൂലി നൽകുന്ന കമ്പനികൾക്കെതിരെ ചുമത്തുന്ന നിയമമാണ് ട്രംപ് താൽക്കാലികമായി തടഞ്ഞത്. ഈ നിയമപ്രകാരമാണ് ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ കേസെടുത്തിരിക്കുന്നത്. കമ്പനികൾക്കെതിരെ ആഗോളതലത്തിൽ മതിപ്പുണ്ടാക്കാൻ നിയമം കാരണമാകുന്നുവെന്നാണ് ട്രംപ് പറയുന്നത്.

നിയമപ്രകാരമുള്ള നടപടികൾ നിർത്തിവെക്കാൻ അറ്റോണി ജനറൽ പാം ബോണ്ടും ഉത്തരവിട്ടിട്ടുണ്ട്. ഇതിൽ അമേരിക്കൻ വ്യക്തികൾക്കും കമ്പനികൾക്കുമെതിരായ പ്രോസിക്യൂഷൻ നടപടികളും ഉൾപ്പെടും. നേരത്തെ വ്യവസായി ഗൗതം അദാനിക്കെതിരെ സിവിൽ, ക്രിമിനൽ വിചാരണക്ക് അമേരിക്കൻ കോടതി ഉത്തരവിട്ടിരുന്നു. 265 മില്യൺ ഡോളറിന്റെ അഴിമതി കേസിലാണ് കോടതിയുടെ നടപടി. രണ്ട് കേസുകളിലും ഒരുമിച്ച് വിചാരണ നടത്തുമെന്നും കോടതി വ്യക്തമാക്കി. അമേരിക്കൻ സർക്കാർ അദാനിക്കെതിരെ നൽകിയ ക്രിമനൽ കേസാണ് ഇതിൽ ഒന്ന്. മറ്റൊന്ന് അമേരിക്കയിലെ സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ എടുത്ത സിവിൽ കേസാണ്. ജില്ലാ ജഡ്ജി നിക്കോളാസ് ഗ്രൗഫിസാണ് കേസ് പരിഗണിക്കുക. അദാനിക്കെതിരായ ക്രിമിനൽ സിവിൽ കേസുകളും ഇതേ ജഡ്ജി തന്നെയാവും പരിഗണിക്കുക.

ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ തട്ടിപ്പിനും കൈക്കൂലിക്കുമെതിരായ കേസാണ് രജിസ്റ്റർ ചെയ്തിരുന്നത്. അദാനിയെ കൂടാതെ മറ്റ് ഏഴ് പേരും കേസിൽ പ്രതികളാണ്. അദാനിയുടെ അടുത്ത ബന്ധു സാഗർ അദാനിയാണ് കേസിലെ മറ്റൊരു പ്രതി. വിവിധ കരാറുകൾ സ്വന്തമാക്കാനായി 265 മില്യൺ ഡോളർ അദാനി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇതിലൂടെ രണ്ട് ബില്യൺ ഡോളർ ലാഭമുണ്ടാക്കുകയായിരുന്നു അദാനിയുടെ ലക്ഷ്യം. ഈ അഴിമതി മറച്ചുവെച്ച് ഗൗതം അദാനിയും അദാനി ഗ്രീൻ എനർജിയുടെ മുൻ സി.ഇ.ഒ വനീത് ജയിനും മൂന്ന് ബില്യൺ ഡോളർ സ്വരൂപിച്ചുവെന്നും കേസുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *