Your Image Description Your Image Description

എണ്‍പത്തിമൂന്നാം വയസ്സിലും ജോസഫ് കോര കൃഷിയിടത്തിൽ തിരക്കിലാണ്, മണ്ണിലും വെള്ളത്തിലും പൊന്ന് വിളയിച്ച്. ‘ഒരു നെല്ലും ഒരു മീനും’ എന്ന ആശയം കുട്ടനാട്ടിൽ ആദ്യം അവതരിപ്പിച്ച് വിജയിപ്പിച്ച ജോസഫ് കോരയെത്തേടി ആലപ്പുഴ ജില്ലാ അഗ്രി ഫോർട്ടികൾച്ചറൽ സൊസൈറ്റിയുടെ ആർ. ഹേലി സ്മാരക കർഷകശ്രേഷ്ഠ പുരസ്കാരമെത്തുമ്പോള്‍ അത് കൃഷിയെ നെഞ്ചോട് ചേര്‍ത്ത ഒരു മഹാമനുഷ്യനുള്ള ഒരു ജില്ലയുടെ ആദരവായി മാറുകയാണ്.

തലമുറ കൈമാറിക്കിട്ടിയ കാർഷിക പാരമ്പര്യത്തെ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടോളം ജീവശ്വാസം പോലെ കൊണ്ട് നടക്കുകയായിരുന്നു ഈ രാമങ്കരി മാമ്പുഴക്കരി സ്വദേശി. അറിയപ്പെടുന്ന നെൽകർഷകനും പഴയ തിരുവിതാംകൂർ തിരുകൊച്ചി മന്ത്രിസഭകളിൽ അംഗവുമായിരുന്ന പിതാവ് കെ.എം കോരയിൽ നിന്നാണ് ജോസഫ് കോര കൃഷിയുടെ ആദ്യപാഠങ്ങൾ പഠിക്കുന്നത്. ആറു മക്കളിൽ മൂന്നാമനായി ജനിച്ച് ബികോം ബിരുദം കരസ്ഥമാക്കിയിട്ടും ഇദ്ദേഹം മാത്രമാണ് പിതാവിന്റെ പാരമ്പര്യം ഏറ്റെടുത്ത് കുടുംബത്തിൽ നിന്ന് കാർഷിക മേഖലയിലേക്കെത്തിയത്. കുട്ടനാട്ടിൽ ആദ്യമായി ജൈവ അരിയും ജൈവ ആറ്റുകൊഞ്ചും വിളയിച്ച് ലോകശ്രദ്ധ നേടിയതുൾപ്പെടെ നിരവധി നേട്ടങ്ങൾ ഇദ്ദേഹത്തിന്റെ കാർഷിക ജീവിതത്തിന്റെ ഭാഗമാണ്. ജൈവ ആറ്റുകൊഞ്ച് ഉല്പാദിപ്പിച്ചതിനുള്ള കേന്ദ്രസർക്കാർ അവാർഡ് ഡോ. എം എസ് സ്വാമിനാഥൻ വീട്ടിൽ നേരിട്ടെത്തിയാണ് സമ്മാനിച്ചത്. സഹോദരങ്ങളുടേതടക്കം 100 ഏക്കറോളം ഭൂമിയിൽ പുതുമയും പഴമയും ഒരുപോലെ ഉൾക്കൊണ്ട് ജൈവ കാർഷിക വിപ്ലവം തീർത്ത ജോസഫ് കോര ഇന്ന് അദ്ദേഹത്തിൻ്റെ കരീലത്തറ വീടിനോട്‌ ചേർന്ന് കിടക്കുന്ന കൃഷിയിടത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നെല്ല്, നാളികേരം, ആറ്റുകൊഞ്ച്, കരിമീൻ, നേന്ത്രവാഴ, പടവലം, പാവൽ, വെണ്ട, വഴുതന, തക്കാളി, പച്ചമുളക്, പൂകൃഷി എന്നിങ്ങനെ വീടിന്റെ പരിസരം മുഴുവൻ കൃഷിഭൂമിയാക്കി മാറ്റിയിരിക്കുകയാണ് ഈ വാര്‍ധക്യത്തിലും അദ്ദേഹം. സ്വദേശത്തുനിന്നും വിദേശത്തുനിന്നും നൂറുകണക്കിന് സന്ദർശകർ കാർഷിക ജീവിതം നേരിട്ട് കാണാനും ആസ്വദിക്കാനുമായി ദിവസവും ഇവിടെയെത്തുന്നു. കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഗവേഷകരുമെല്ലാം ജോസഫ് കോരയുടെ സംയോജിത കൃഷി കാണാൻ പലവട്ടം എത്തിയിട്ടുണ്ട്. കാർഷിക ശാസ്ത്രജ്ഞനായ ആർ ഹേലിയും കോരയുടെ കൃഷിയിടത്തിലെ നിത്യ സന്ദർശകനായിരുന്നു. മുക്കം നോര്‍ത്ത് പാടശേഖരത്തെ 11 ഏക്കല്‍ വയലാണ് അന്ന് ഒരു നെല്ലും ഒരു മീനും കൃഷിക്കായി മാറ്റിവെച്ചത്. കൃഷിക്കാരെ സംഘടിപ്പിച്ച് ജൈവ അരിയും ജൈവ കൊഞ്ചും കൃഷി ചെയ്യാനുള്ള അന്നത്തെ പരിശ്രമം അല്‍പം സാഹസികമായിരുന്നു എന്ന് അദ്ദേഹം ഓര്‍മ്മിച്ചു. കൃഷിനഷ്ടത്തിന്റെ ആശങ്കപ്പെടുത്തുന്ന കണക്കുകളെ അവഗണിച്ച് ഇന്നും എനിക്ക് കൃഷിയിലാണ് താല്‍പര്യം എന്ന് ഈ വയോധികന്‍ ഉറച്ച് പറയുമ്പോള്‍ കേരളത്തിന്റെ കാര്‍ഷിക ഭാവിക്കത് പ്രതീക്ഷയുടെ പൊന്‍വെട്ടമാണ് പകരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *