Your Image Description Your Image Description

പത്ത് വർഷം കൊണ്ട് ഇന്ത്യയിൽ ഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധനയാണ് ഉണ്ടായത്. 2013ൽ 772 ലക്ഷം കോടി രൂപയുടെ 222 കോടി ഡിജിറ്റൽ ഇടപാടുകളാണ് രാജ്യത്ത് നടന്നത്. 2024 ആയപ്പോഴേക്കും ഇത് 2,758 ലക്ഷം കോടി രൂപയുടെ 20,787 കോടിയിലധികം ഡിജിറ്റൽ ഇടപാടുകൾ നടന്നതായി റിസർവ് ബാങ്ക് റിപ്പോർട്ടിൽ പറയുന്നു. അതായത് ഇടപാടുകളുടെ എണ്ണം 94 മടങ്ങും മൂല്യം 3.5 മടങ്ങയി ഉയർന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഡിജിറ്റൽ ഇടപാടുകളുടെ എണ്ണത്തിൽ 6.7 മടങ്ങും മൂല്യത്തിൽ 1.6 മടങ്ങും വർധനവുണ്ടായി.

അതേസമയം ക്രെഡിറ്റ് കാർഡുകളുടെ എണ്ണത്തിലും പ്രകടമായ വർധനയുണ്ട്. 2024 ഡിസംബറിലെ കണക്കനുസരിച്ച് രാജ്യത്ത് ക്രെഡിറ്റ് കാർഡുകളുടെ എണ്ണം കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഏകദേശം 10.80 കോടിയായി വർധിച്ചു. 2019 അവസാനം ഇത് 5.53 കോടിയായിരുന്നു. ഡെബിറ്റ് കാർഡുകളുടെ എണ്ണത്തിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ല. 2019 ഡിസംബറിലെ 80.53 കോടിയിൽ നിന്ന് 2024 ഡിസംബറിൽ 99.09 കോടിയിലേറെ മാത്രം വളർച്ച.

യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ് (യു.പി.ഐ) മറ്റ് രാജ്യങ്ങളിലെ അതിവേഗ പേയ്മെന്‍റ് സംവിധാനങ്ങളുമായി ബന്ധിപ്പിച്ച് അതിർത്തി കടന്നുള്ള പണമിടപാടുകൾ മെച്ചപ്പെടുത്തുന്നതിനായുള്ള പരിശ്രമങ്ങളിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഇന്ത്യയുടെ യു.പി.ഐയും സിംഗപ്പൂരിന്‍റെ പേ നൗവും 2023 ഫെബ്രുവരിയിൽ വിജയകരമായി ലിങ്ക് ചെയ്‌തിരുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മിൽ വേഗമേറിയതും ചെലവ് കുറഞ്ഞതുമായ ഇടപാടുകൾ സാധ്യമാക്കി. ഇന്ത്യയിലെ റീട്ടെയിൽ ഡിജിറ്റൽ ഇടപാടുകൾ 2012-13 സാമ്പത്തിക വർഷത്തിലെ 162 കോടിയിൽനിന്ന് 2023-24 സാമ്പത്തിക വർഷത്തിൽ 16,416 കോടി ഇടപാടുകളായി വർധിച്ചു. അതായത് 12 വർഷത്തിനിടെ ഏകദേശം 100 മടങ്ങിന്‍റെ വളർച്ച.

Leave a Reply

Your email address will not be published. Required fields are marked *