Your Image Description Your Image Description

ന്യൂഡൽഹി: ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന പരാതിയിൽ മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ റാണ അയ്യൂബിനെതിരെ കേസെടുക്കാൻ കോടതിയുടെ നിർദേശം. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഡൽഹി കോടതിയാണ് ഉത്തരവിട്ടത്. അയ്യൂബിൻ്റെ പോസ്റ്റുകൾ ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നതും ഇന്ത്യാ വിരുദ്ധ വികാരം പ്രചരിപ്പിക്കുന്നതുമാണെന്ന് ആരോപിച്ച് അമിതാ സച്ച്‌ദേവ എന്ന അഭിഭാഷകയാണ് പരാതി നൽകിയത്. ഒരു പോസ്റ്റിൽ അയ്യൂബ് വിനായക് ദാമോദർ സവർക്കറിനെതിരെ ക്ഷുദ്രകരമായ ആരോപണങ്ങൾ ഉന്നയിക്കുകയും അദ്ദേഹത്തെ തീവ്രവാദ അനുഭാവിയായി പരാമർശിക്കുകയും ചെയ്തതായി സച്ച്ദേവ അവകാശപ്പെട്ടു.

ഇരുവിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കുന്ന പ്രവൃത്തിയിലേർപ്പെടൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഹിമാൻഷു രമൺ സിങ് കേസെടുക്കാൻ പൊലീസിന് നിർദേശം നൽകിയത്. 2016-17 കാലത്ത് ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്ന സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ പങ്കുവെച്ചു എന്ന് ആരോപിച്ചാണ് കഴിഞ്ഞ നവംബറിൽ അഭിഭാഷകയും ഹിന്ദുത്വവാദിയുമായ അമിത സച്ദേവ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി നൽകിയത്. എന്നാൽ പരാതിയിൽ നടപടിയില്ലാത്തതിനെ തുടർന്ന് ഇവർ കോടതിയെ സമീപിക്കുകയായിരുന്നു.

ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് പോലീസ് അന്വേഷണം അനിവാര്യമാണെന്ന് കോടതി വിലയിരുത്തി. പരാതി ഉന്നയിച്ച ആൾക്ക് സ്വതന്ത്രമായി തെളിവുകൾ ശേഖരിക്കാൻ സാധിക്കാത്തതിനാൽ പോലീസ് അന്വേഷണം ആവശ്യമാണെന്നും പറയുന്നു. പരാതിയുടെ ഉള്ളടക്കം എഫ്ഐആറാക്കി മാറ്റാനും നീതിയുക്തമായ അന്വേഷണം ഉറപ്പാക്കാനും സൗത്ത് ഡൽഹിയിലെ സൈബർ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് (എസ്എച്ച്ഒ) നിർദേശം നൽകിയിട്ടുണ്ട്. എഫ്ഐആർ രജിസ്‌ട്രേഷനും അന്വേഷണ പുരോഗതിയും സംബന്ധിച്ച കംപ്ലയിൻസ് റിപ്പോർട്ട് ലഭിക്കുന്നതിന് ജനുവരി 28 ചൊവ്വാഴ്ച കോടതി വിഷയം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *