Your Image Description Your Image Description

ഉത്തര്‍പ്രദേശ്: ഉത്തർപ്രദേശിലെ ബാഗ്പത്തില്‍ ജൈന സമുദായത്തിൻ്റെ ‘ലഡ്ഡു മഹോത്സവ’ത്തിനിടെ വൻ അപകടം. ആദിനാഥ് ക്ഷേത്രത്തിലെ മാനസ്തംഭ് സമുച്ചയത്തിലാണ് സംഭവം. ഉത്സവത്തിനായുള്ള സജ്ജീകരണങ്ങളുടെ ഭാഗമായി മരം കൊണ്ട് നിർമ്മിച്ച പ്ലാറ്റ്ഫോം തകർന്ന് വീണാണ് അപകടം നടന്നത്. താങ്ങാവുന്നതിലും കൂടുതൽ ആളുകൾ പ്രവേശിച്ചതോടെയാണ് പ്ലാറ്റ്ഫോം തകർന്നു വീണത്.

പ്ലാറ്റ്‌ഫോമിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 50-ലധികം ഭക്തർക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തെത്തുടർന്ന് സംഭവസ്ഥലത്ത് വലിയ തിക്കുംതിരക്കുമാണുണ്ടായത്. ആംബുലൻസ് കുറവായതിനാൽ ഇ-റിക്ഷകളിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റവരെ എല്ലാം ആശുപത്രിയിലെത്തിച്ചതായി ബാഗ്പത് പൊലീസ് മേധാവി അര്‍പിത് വിജയവര്‍ഗിയ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ആളുകള്‍ ചികിത്സയിലാണ്. ചെറിയ മുറിവുകളുള്ളവരെ പ്രഥമശുശ്രൂഷ നല്‍കി വീട്ടിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു. ബാഗ്പത് ജില്ലയുടെ ഭാഗമായ ബറൗട്ടിലെ ഗാന്ധി റോഡിലാണ് അപകടമുണ്ടായത്.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനുള്ള നിർദ്ദേശം നൽകി. പരിക്കേറ്റവർക്ക് ശരിയായ ചികിത്സ നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിക്കേറ്റവരുടെ സൗഖ്യത്തിനായി പ്രാര്‍ത്ഥന നടത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *