Your Image Description Your Image Description

മലപ്പുറം : മാലിന്യ സംസ്കരണ രംഗത്ത് പൊതുജനത്തിൻ്റെ മനോഭാവം മാറ്റാൻ കഴിഞ്ഞുവെന്നത് ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ചു വരുന്ന ഊർജിത നടപടികളുടെ നേട്ടമാണെന്ന് കായിക – ന്യൂനപക്ഷ ക്ഷേമ- വഖഫ് – ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. നിലമ്പൂർ തേക്ക് മ്യൂസിയം ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി വലിയ മാറ്റങ്ങളാണ് കേരളത്തിലുണ്ടായത്. അടുത്ത കാലം വരെ നമ്മുടെ പൊതുനിരത്തുകളും ജലാശയങ്ങളും മാല്യന്യം കുമിഞ്ഞ് കൂടിയ നിലയിലായിരുന്നു. തദ്ദേശ സ്ഥാപനങ്ങൾ വഴി നടത്തിയ ആസൂത്രിതമായ നടപടികളിലൂടെ നാടിനെ മാലിന്യ മുക്തമാക്കാൻ കഴിഞ്ഞു. അതിൻ്റെ സമ്പൂർണ പ്രഖ്യാപനം ഉടൻ നടക്കാൻ പോകുകയാണ്. വിദേശ മാതൃകയിൽ കേരളത്തെ വൃത്തിയുള്ള, വലിച്ചെറിയൻ മുക്ത സംസ്ഥാനമാക്കുകയാണ് സർക്കാർ ലക്ഷ്യം.

മാലിന്യങ്ങൾ തള്ളുന്നവരോട് ജനങ്ങൾ പ്രതികരിക്കാനും അവരെ സംസ്കാര ശൂന്യരും സാമൂഹ്യ വിരുദ്ധരുമായി കാണാനും തയ്യാറാവുന്നു എന്നത് പൊതു സമൂഹത്തിൻ്റെ മനോഭാവത്തിൽ വന്ന വലിയ മാറ്റമാണ്.മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ പിടി വീഴുന്ന തരത്തിലുള്ള ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ തുടങ്ങിയതും സർക്കാർ സ്വീകരിച്ച ഉറച്ച നിലപാടിൻ്റെ ഭാഗമാണെന്ന് മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *