Your Image Description Your Image Description

ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ എട്ട് വില്ലേജ് ഓഫീസുകൾ കൂടി സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.നവീകരിച്ച ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിന്റെയും ഓഫീസിന്റെയും സ്‌നേഹ പൂർവ്വം കളക്ടർ എന്ന ജില്ലാ കളക്ടറുടെ പരാതി പരിഹാര പോർട്ടലിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

അരൂർ മണ്ഡലത്തിലെ അരൂർ, ആലപ്പുഴ- പാതിരാപ്പള്ളി, കുട്ടനാട് – വീയപുരം ,അമ്പലപ്പുഴ- പുറക്കാട്, ഹരിപ്പാട്- ആറാട്ടുപുഴ, മാവേലിക്കര – നൂറനാട്, കായംകുളം- പെരിങ്ങാല, ചെങ്ങന്നൂർ – മാന്നാർ എന്നീ എട്ടു വില്ലേജ് ഓഫീസുകളാണ് സ്മാർട്ട് ഓഫീസുകളാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഒരോ വില്ലേജ് ഓഫീസിനും 45 ലക്ഷം രൂപ വീതമാണ് ഇതിനായി അനുവദിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ വിവിധ 10 രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്ക് കേരളത്തിലുള്ള അവരുടെ ഭൂമിയുടെ പോക്കുവരവ് നടത്താനും ഭൂമി തരംമാറ്റുവാനും ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ ആ രാജ്യങ്ങളിൽ തന്നെ ഇരുന്ന് ഓൺലൈനായി ചെയ്യുന്നതിനുള്ള സംവിധാനം റവന്യൂ വകുപ്പ് നടത്തികൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ പല ഭാഗത്തും നെൽപ്പാടങ്ങൾ അനധികൃതമായി മണ്ണിട്ട് നികത്തുന്നത് തടയും.
അനധികൃതമായ മണ്ണിട്ട് നികത്തിയ പാടങ്ങളും തണ്ണീർതടങ്ങളും കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം അനുസരിച്ച് പൂർവ്വ സ്ഥിതിയിലാക്കുവാൻ ഉടമ വിസമതിക്കുകയാണെങ്കിൽ ജില്ലാ കളക്ടറുമാരുടെ നേതൃത്വത്തിൽ അവ പൂർവ്വസ്ഥിതിയിലാക്കുന്നതിനും ഇതിനായി 2 കോടി രൂപ 14 ജില്ലാ കളക്ടർമാർക്കും റിവോൾവിങ് ഫണ്ടായി അനുവദിക്കുന്ന കാര്യവും റവന്യൂ വകുപ്പിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷത വഹിച്ചു. ഉദ്യോഗസ്ഥ സംവിധാനം ജനാധിപത്യത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണെന്നും ഈ സംവിധാനത്തിന് ജനതയോട് വലിയ ഉത്തരവാദിത്തം ഉണ്ടെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *