Your Image Description Your Image Description

വാഷിംഗ്‌ടണ്‍: എഐ സാങ്കേതികവിദ്യ ആരോഗ്യ മേഖലയിലും വിപ്ലവം സൃഷ്ടിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന് (AI) കാന്‍സര്‍ കണ്ടെത്താനും ഓരോ രോഗിക്കും അനുസരിച്ച് 48 മണിക്കൂറിനുള്ളിൽ കസ്റ്റമൈസ്‌ഡ് കാൻസർ വാക്സിനുകൾ (Customised mRNA Vaccines) സൃഷ്ടിക്കാനും കഴിവുണ്ടെന്ന് ടെക് സ്ഥാപനമായ ഒറാക്കിളിന്‍റെ എക്‌സിക്യുട്ടീവ് ചെയർമാൻ ലാറി എലിസണ്‍ വ്യക്തമാക്കി.

അടുത്തിടെ വൈറ്റ് ഹൗസിൽ നടന്ന സ്റ്റാർഗേറ്റ് പ്രൊജക്‌ടിന്‍റെ ലോഞ്ച് വേളയിലാണ് ലാറി എലിസണ്‍ കാന്‍സര്‍ ചികിത്സ രംഗത്ത് എഐയുടെ പുത്തന്‍ സാധ്യത അനാവരണം ചെയ്‌തത്. എഐ ഉപയോഗിച്ച് കാൻസർ കണ്ടെത്തുക മുതൽ കസ്റ്റം വാക്സിൻ നിര്‍മ്മിക്കുക വരെ 48 മണിക്കൂറിനുള്ളിൽ സാധ്യമാണെന്നാണ് ഒറാക്കിള്‍ ചെയര്‍മാന്‍ ലാറി എലിസണിന്‍റെ പ്രതീക്ഷാനിര്‍ഭരമായ വാക്കുകള്‍.

വ്യക്തികളില്‍ കാൻസർ നേരത്തെ കണ്ടെത്തിയാൽ കാൻസറിനുള്ള പ്രത്യേക വാക്സിൻ ഭാവിയിൽ റോബോട്ടിക്ക് സംവിധാനം ഉപയോഗിച്ച് എത്രയും വേഗം വികസിപ്പിച്ചെടുക്കാൻ സാധിക്കുമെന്നും അദേഹം വ്യക്തമാക്കി. വളരെ ലളിതമായ രക്തപരിശോധനയിലൂടെയും ട്യൂമറിന്‍റെ ജീൻ സീക്വൻസിംഗിലൂടെയും കാന്‍സര്‍ ശകലങ്ങൾ നേരത്തേ തിരിച്ചറിയാൻ എഐ സാങ്കേതികവിദ്യയിലൂടെ സാധിക്കും. ഇതിന്‍റെ അടിസ്ഥാനത്തില്‍ കാന്‍സറിനെതിരായ വാക്സിൻ രണ്ട് ദിവസത്തിനുള്ളില്‍ രൂപകൽപ്പന ചെയ്യാൻ കഴിയുമെന്നാണ് ലാറി എലിസണിന്‍റെ വാദം. റോബോട്ടിക് സംവിധാനങ്ങൾക്ക് ഈ വാക്സിനുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ നിർമിക്കാൻ കഴിയുമെന്നും എലിസൺ പരാമർശിച്ചു. എലിസണിന്‍റെ അവകാശവാദം സത്യമെങ്കില്‍ ആരോഗ്യമേഖലയിലെ എഐയുടെ നിര്‍ണായക ചുവടുവെപ്പായി കസ്റ്റമൈസ്‌ഡ് എംആര്‍എന്‍എ വാക്‌സിന്‍ മാറും

Leave a Reply

Your email address will not be published. Required fields are marked *