Your Image Description Your Image Description

കൊച്ചി: കലൂരിൽ പൂട്ടിയിട്ട വീട്ടിൽനിന്ന് 45 ലക്ഷം രൂപയോളം വിലമതിക്കുന്ന​ 70 പവന്‍ ആഭരണങ്ങളും പണവും ആധാരങ്ങളും കവര്‍ന്ന വിവരം പുറത്ത് വന്നത് അയൽവീട്ടിലെ സി.സി.ടി.വിയുടെ സഹാ​യത്തോടെ. കലൂര്‍ ദേശാഭിമാനി റോഡിലെ ഫ്രണ്ട്‌സ് ലെയിനിലുള്ള കല്ലുംപുറത്ത് കോശി ഐസക് പണിക്കരുടെ വീട്ടിൽ വെള്ളിയാഴ്ച അർധരാത്രിയാണ് മോഷണം നടന്നത്. രണ്ടുപേരാണ്​ വീടിന്റെ മതിൽചാടി അകത്തുകടന്നതെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന്​ വ്യക്തമായതായി പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച അയല്‍വാസി വീട്ടില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. രണ്ടുപേർ മതിൽ ചാടിക്കടക്കുന്ന ദൃശ്യങ്ങള്‍ വീടിന്റെ ഉടമക്ക്​ അയച്ചുകൊടുത്തു. തുടർന്ന് ഉടമ വീട്ടിലെത്തി മോഷണം നടന്നത് സ്ഥിരീകരിക്കുകയായിരുന്നു. നോര്‍ത്ത് പൊലീസ് കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാവിലെ ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും പൊലീസ് ഡോഗ് സ്‌ക്വാഡും വീട്ടില്‍ പരിശോധന നടത്തി.

സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പ്രത്യേക അന്വേഷണസംഘം പ്രതികളെ തിരിച്ചറിയാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. നോര്‍ത്ത് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാര്‍ ഉള്‍പ്പെടുന്ന ഏഴംഗ സംഘമാണ് അന്വേഷണം നടത്തുക. സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് ഈ വീടിനും പരിസരത്തും സ്ഥിരമായി ആക്രി പെറുക്കുന്ന സംഘങ്ങളുടെ സാന്നിധ്യം കണ്ടെത്തി. അടുത്തിടെ ജയില്‍ മോചിതരായവരെ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *