Your Image Description Your Image Description

സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ട സംഭവത്തിൽ അടിമുടി ദുരൂഹത എന്ന് അഭ്യൂഹം. ഇത്രയും സുരക്ഷിതമായ വീടിനുള്ളില്‍ ഒരു മോഷ്ടാവിന് എങ്ങനെ കടക്കാന്‍ കഴിയും എന്ന് തുടങ്ങി, ഇത്രയും മാരകമായി പരിക്കേറ്റ ഒരാള്‍ക്ക് ആറുദിവസത്തിനുള്ളിൽ എങ്ങനെയാണ് ആശുപത്രി വിടാൻ കഴിയുക എന്നുവരെ സംശയമുയരുന്നു. ഇപ്പോഴിതാ നടനെ പ്രവേശിപ്പിച്ച ആശുപത്രിയിലെ രേഖകളിലുള്ള ചില വൈരുദ്ധ്യങ്ങളും പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്.

പോലീസിന് സെയ്ഫ് നല്‍കിയ മൊഴിയില്‍ പറഞ്ഞിരിക്കുന്നത് പ്രകാരം, ജനുവരി 16 പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ബാന്ദ്രയിലെ വസതിയില്‍വെച്ച് അദ്ദേഹം ആക്രമിക്കപ്പെട്ടത്. ഇളയ മകന്‍ ജഹാംഗീറിന്റെ ആയ ഏലിയാമ്മ ഫിലിപ്പിന്റെ നിലവിളി കേട്ടാണ് അദ്ദേഹം സംഭവം നടന്ന മുറിയില്‍ എത്തിയത്. അവിടെ ഒരാള്‍ മകനെയും ആയയേയും ആക്രമിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതുതടയാന്‍ ശ്രമിക്കുമ്പോള്‍ അക്രമിയുമായി മല്‍പിടിത്തം ഉണ്ടായി, ഇതിനിടെ അയാള്‍ പുറത്തും കഴുത്തിലുമായി തുരുതുരെ കുത്തി എന്നാണ് സെയ്ഫിന്റെ മൊഴി.ആക്രമണം നടത്തിയ മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്‌സാദിന്റെ വിരലടയാളം വീടിന്റെ പലഭാഗങ്ങളില്‍നിന്നും ലഭിച്ചതായി പോലീസ് വ്യക്തമാക്കി. വീടിന്റെ കോണിപ്പടിയുടെ കൈവരികളിലും ശുചിമുറിയുടെ വാതിലിലും ജഹാംഗീറിന്റെ മുറിയുടെ വാതിലിന്റെ പിടിയിലും ഷരീഫുളിന്റെ വിരലടയാളങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇവയെല്ലാം കേസിലെ പ്രധാന തെളിവുകളാണെന്നും പോലീസ് പറഞ്ഞു.

അതേസമയം, ആരാണ് സെയ്ഫിനെ ആശുപത്രിയില്‍ എത്തിച്ചത് എന്നത് സംബന്ധിച്ച് ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നുണ്ട്‌. സെയ്ഫിനെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ച ഓട്ടോ ഡ്രൈവര്‍ ഭജന്‍ സിങ് റാണയുടെ മൊഴിയനുസരിച്ച് സെയ്ഫിനൊപ്പം ഒരു കുട്ടിയും ഒരു മുതിര്‍ന്ന ആളുമായിരുന്നു ഉണ്ടായിരുന്നത്. ഓട്ടോയില്‍ കയറിയത് സെയ്ഫ് ആണെന്നുപോലും മനസിലായില്ല എന്നുപറഞ്ഞ റാണ, കൂടെയുണ്ടായിരുന്നത് ആരാണെന്നത് സംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച് ആദ്യം മുതല്‍ വ്യത്യസ്തമായ വാര്‍ത്തകളാണ് പുറത്തുവന്നിരുന്നത്. എട്ടുവയസുകാരന്‍ മകന്‍ തയ്മൂര്‍ അലി ഖാനാണ് സെയ്ഫിനൊപ്പം ആശുപത്രിയിലെത്തിയത് എന്നായിരുന്നു ആദ്യം ഒരു ഡോക്ടര്‍ പറഞ്ഞത്.

സെയ്ഫിനെ ആശുപത്രിയില്‍ എത്തിച്ച ഉടന്‍ പരിചരിച്ച ഡോക്ടറാണ് ഈ വിവരം പുറത്തുവിട്ടത്. മാരകമായി പരിക്കേറ്റിട്ടും സെയ്ഫ് തനിച്ച് നടന്നാണ് ആശുപത്രിക്കുള്ളിലേക്ക് വന്നതെന്നും അദ്ദേഹത്തിന്റെ ആത്മധൈര്യം സമ്മതിക്കണമെന്നുമാണ് അന്ന് ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍, സെയ്ഫിനൊപ്പം ആശുപത്രിയിലെത്തിയത് മൂത്തമകന്‍ ഇബ്രാഹിം അലി ഖാനാണ് എന്നാണ് പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ ഉണ്ടായിരുന്നത്.

എന്നാല്‍, ശരിക്കും സെയ്ഫിനെ ആശുപത്രിയില്‍ എത്തിച്ചത് അദ്ദേഹത്തിന്റെ മാനേജരും സുഹൃത്തുമായ അഫ്‌സര്‍ സെയ്ദിയാണ് എന്നാണ് ആശുപത്രിയില്‍ നിന്നുള്ള ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നത്. ആശുപത്രിയിലെ അഡ്മിഷന്‍ പേപ്പറില്‍, ആരാണ് രോഗിയെ എത്തിച്ചത് എന്നിടത്ത്, അഫസര്‍ സെയ്ദി എന്നും ഇയാള്‍ക്ക് രോഗിയുമായുള്ള ബന്ധം പറയേണ്ടയിടത്ത് സുഹൃത്ത് എന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സെയ്ഫിനെ ആശുപത്രിയില്‍ എത്തിച്ചത് സെയ്ദിയാണ് എന്ന് നിഗമനത്തിലാണ് പോലീസ് എത്തിച്ചേര്‍ന്നിട്ടുള്ളത്.

അതേസമയം, പുലര്‍ച്ചെ 2.30-ന് സെയ്ഫിന്റെ വീടിനടുത്തുകൂടി പോകുമ്പോഴാണ് അദ്ദേഹത്തിന്റെ ഗേറ്റിന് പുറത്തുനിന്നുള്ള നിലവിളി കേട്ടതെന്നും അങ്ങോട്ടുചെന്ന് പരിക്കേറ്റ ആളെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുകയായിരുന്നെന്നുമാണ് ഓട്ടോ ഡ്രൈവര്‍ റാണ പറയുന്നത്. എത്രസമയം കൊണ്ട് ആശുപത്രിയില്‍ എത്തുമെന്ന് മാത്രമാണ് സെയ്ഫ് ചോദിച്ചതെന്നും റാണ പറയുന്നു. സെയ്ഫിന്റെ വീട്ടില്‍നിന്ന് ലീലാവതി ആശുപത്രിയിലേക്ക് ഏകദേശം 10-15 മിനിറ്റ് യാത്രയാണുള്ളത്. എന്നാല്‍, ആശുപത്രി രജിസ്റ്ററിൽ സെയ്ഫിനെ പ്രവേശിപ്പിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത് 4.11-നാണ്. ഈ റിപ്പോര്‍ട്ട് അനുസരിച്ച്, ആക്രമിക്കപ്പെട്ട് രണ്ടുമണിക്കൂറോളം കഴിഞ്ഞാണ് സെയ്ഫ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. മാനേജര്‍ ആശുപത്രിയില്‍ എത്തിയ ശേഷമാവാം ഔദ്യോഗിക രേഖകള്‍ പൂരിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്തത്. അതാവാം സമയത്തിലുണ്ടായിരിക്കുന്ന ഈ വലിയ അന്തരം എന്നാണ് ഒരുവാദം. അങ്ങനെയെങ്കില്‍ സെയ്ഫിനെ ആരാണ് ആശുപത്രിയില്‍ എത്തിച്ചത് എന്ന ചോദ്യം വീണ്ടും ബാക്കിയാണ്. ഇതൊന്നുമല്ല ആക്രമണം നാടകമാണെന്ന മഹാരാഷ്ട്ര കാബിനറ്റ് മന്ത്രി നിതേഷ് റാണെയുടെയും ശിവസേനാ നേതാവ് സഞ്ജയ് നിരുപമിന്റെയും വാദം ശരിവെക്കുന്നതാണ് ഈ റിപ്പോര്‍ട്ട് എന്നതാണ് മറ്റൊരു വാദം.

അതേസമയം, കേസില്‍ അറസ്റ്റിലായ പ്രതി ഇസ്ലാം ഷെഹ്‌സാദിനെ പോലീസ് വെള്ളിയാഴ്ച മുംബൈ കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളുടെ കസ്റ്റഡി കാലയളവ് ജനുവരി 29 വരെ നീട്ടിയിട്ടുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും അധോലോക സംഘങ്ങള്‍ക്കോ തീവ്രവാദ സംഘങ്ങള്‍ക്കോ ബന്ധമുണ്ടോ എന്നതടക്കം പരിശോധിക്കാന്‍ കൂടുതല്‍ ചോദ്യംചെയ്യല്‍ ആവശ്യമാണെന്ന് പോലീസ് കോടതിയില്‍ വ്യക്തമാക്കി. നിലവില്‍, മോഷണശ്രമത്തിന്റെ ഭാഗമായാണ് സെയ്ഫിന്റെ വീട്ടില്‍ കയറിയതെന്നാണ് പ്രതിയുടെ മൊഴി

Leave a Reply

Your email address will not be published. Required fields are marked *