Your Image Description Your Image Description

തിരുവനന്തപുരം: കേരളത്തിലെ സഹകരണ ബാങ്കുകളിലെ കിട്ടാക്കടം പെരുകുന്നു. 50,000  കോടിയിലേറെ രൂപ തിരിച്ചു കിട്ടാനുണ്ടെന്ന റിപ്പോർട്ട് പുറത്ത്.സഹകരണ ബാങ്കുകളിലെ മൊത്തം വായ്പയുടെ15 ശതമാനത്തിലേറെയും കിട്ടാക്കടമാണ്. മൂന്ന് ലക്ഷം പേരാണ് തുക അടയ്ക്കാനുള്ളത്. വായ്പ നൽകിയ 17,148.7 കോടി രൂപ 15 കൊല്ലത്തിലേറെയായി കുടിശികയായതിന്റെ പലിശയും പിഴപ്പലിശയും കൂടി ചേർന്നാണ് 50,000 കോടി കവിഞ്ഞത്.

കിട്ടാക്കടത്തിൽ 3142.98 കോടി രൂപയും പലിശയും ആർബിട്രേഷൻ കേസ് നടത്തിപ്പിലെ കാലതാമസത്തിൽ കുടുങ്ങിക്കിടക്കുന്നതാണ്. 57,255 പേരിൽ നിന്നാണ് ഈ തുക കിട്ടാനുള്ളത്. വായ്പ നൽകിയതിൽ 1,40,005.72 കോടി രൂപയും അതിന്റെ പലിശയും കേസിൽ വിധിയായി ജപ്തി മുടങ്ങിക്കിടക്കുന്നതാണ്.

പൊതുമേഖലാ ബാങ്കുകളിലേത് 5 ശതമാനത്തിൽ താഴെ മാത്രമാണ്. സഹകരണമേഖലയിലേത് 7% എങ്കിലുമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ജില്ലാതലത്തിൽ കണക്കുകൾ ശേഖരിച്ചത്. ജപ്തി വസ്തുക്കൾ ലേലം ചെയ്തും സമവായത്തിലൂടെ പണം തിരികെയടപ്പിച്ചും 6000 കോടി രൂപ ഉടൻ ലഭിക്കുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ.

അതേസമയം, കിട്ടാക്കടം ഏറെയും സാമ്പത്തിക ശേഷിയുള്ളവരുടേതാണ്. രാഷ്ട്രീയ സ്വാധീനം മൂലം ബാങ്ക് ഭരണസമിതികൾ ജപ്തിയിൽ മനഃപൂർവം കാലതാമസം വരുത്തിയതും സെയിൽ ഓഫിസർമാരും കക്ഷികളും ഒത്തുകളിച്ച് നടപടികൾ വൈകിപ്പിച്ചതുമൊക്കെ കിട്ടാക്കടം പെരുകാൻ കാരണമായി.

അതേസമയം പുതിയ നടപടിയുടെ ഭാഗമായി വായ്പ കുടിശികയ്ക്കുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ പലിശയിളവ് ലഭിക്കുന്നവർക്ക് പിന്നീട് രണ്ടുവർഷം കഴിഞ്ഞേ ഇനി വായ്പ ലഭിക്കൂ. തിരിച്ചടവ് പതിവായി മുടക്കി ആനുകൂല്യം പറ്റിയ ശേഷം അതേ ബാങ്കിൽ ഭരണസമിതിയെ സ്വാധീനിച്ച് വീണ്ടും വായ്പ സംഘടിപ്പിക്കുന്ന പതിവുകാരുള്ളതിനാലാണ് ഈ തീരുമാനം.

ബാങ്കിന് പ്രതിസന്ധിയെങ്കിൽ 5 ലക്ഷം 15 ദിവസത്തിനകം

സഹകരണ ബാങ്ക് പ്രതിസന്ധിയിലായാൽ നിക്ഷേപകന് അഞ്ചു ലക്ഷം രൂപ വരെ ഉടനെ ലഭ്യമാക്കുന്ന ഗാരന്റി പദ്ധതിയിൽ എല്ലാ സംഘങ്ങളും ചേരണമെന്നത് നിർബന്ധമാക്കി. നിക്ഷേപകർക്ക് 15ദിവസത്തിനകം 5 ലക്ഷം രൂപ വരെ ലഭിക്കുന്ന രീതിയിലാണ് പദ്ധതിയിൽ മാറ്റം. ഒരാൾക്ക് നിക്ഷേപമുള്ള ഒന്നിലേറെ ബാങ്കുകൾ പ്രതിസന്ധിയിലായാൽ അവിടെ നിന്നെല്ലാം ഈ താൽക്കാലിക സഹായം ലഭിക്കും. ഗാരന്റി സ്‌കീമിൽ ചേരാതെ സംഘങ്ങൾ നിക്ഷേപം സ്വീകരിച്ചാൽ രജിസ്‌ട്രാർ തടഞ്ഞ് പിഴ ഈടാക്കുമെന്ന ഉത്തരവ് ഭേദഗതി ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *