Your Image Description Your Image Description

ജമ്മുകാശ്മീർ: ഇക്കഴിഞ്ഞ ഡിസംബര്‍ ഏഴിന് ജമ്മു കശ്മീരിലെ ഒരു മലയോര ഗ്രാമത്തിൽ അഞ്ചുപേർ മരണപ്പെട്ടു. രജൗരി ജില്ലയിലുള്ള കുടുംബത്തിലായിരുന്നു ഫസല്‍ ഹുസൈന്റെയും നാലു മക്കളുടെയും ദുരൂഹ മരണം. 45 ദിവസം പിന്നിടുമ്പോള്‍ ആ ഗ്രാമത്തില്‍ മരണങ്ങള്‍ 17 ആയി ഉയർന്നു. ഒന്നിന് പുറകെ ഒന്നായി ഓരോരുത്തർ മരിച്ചുവീഴുമ്പോള്‍ വിട്ടുമാറാത്ത ആശങ്കയിലാണ് ഗ്രാമം. എന്താണ് ഇങ്ങനെ മരണങ്ങൾ സംഭവിക്കാൻ കാരണമെന്ന് ഇപ്പോഴും വ്യക്തമല്ല. മൂന്ന് കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ഇതുവരെ മരിച്ച 17 പേരും. മരിച്ചവരിലേറെയും ഒരു വിവാഹത്തില്‍ പങ്കെടുത്തിരുന്നു എന്നതൊഴിച്ചാല്‍ മരണത്തിന്റെ കാരണം ഇതുവരെ കണ്ടെത്താന്‍ അധികൃതര്‍ക്കായിട്ടില്ലെന്നതാണ് ഭീതിപടര്‍ത്തുന്നത്.

കൂട്ടത്തോടെയുള്ള ദുരൂഹമരണങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മന്ത്രാലയ സംഘത്തെ രൂപീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഈ കേന്ദ്ര സംഘം ഗ്രാമത്തില്‍ സന്ദര്‍ശനം നടത്തി. ആഭ്യന്തര മന്ത്രാലയത്തിലെ ഡയറക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് മരിച്ചവരുടെ വീടുകളിലടക്കം സന്ദര്‍ശനം നടത്തിയത്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാനും മരണകാരണങ്ങള്‍ മനസ്സിലാക്കാനും രാജ്യത്തെ ഏറ്റവും പ്രശസ്തമായ മെഡിക്കല്‍ രംഗത്തെ വിദഗ്ധരെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.

ഗ്രാമത്തിലുള്ള ആളുകളെ പല അസുഖങ്ങൾ പിടിപെട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് പതിവായി മാറിയിരിക്കുകയാണ്. ഇതേതുടർന്ന് പനി, വേദന, ഓക്കാനം, ബോധക്ഷയം എന്നിവ ബാധിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മരിക്കുന്ന സ്ഥിതിയാണ് ഇവിടെയുള്ളതെന്നാണ് അധികൃതര്‍ പറയുന്നത്. ഭയംകൊണ്ട് ചിലര്‍ വീടിന് പുറത്തിറങ്ങുന്നില്ലെന്നും കോവിഡ് കാലത്ത് പോലും ഇത്തരത്തിലുള്ള ഭീതിയും മരണങ്ങളും കണ്ടിട്ടില്ലെന്നും ഗ്രാമീണര്‍ പറയുന്നു. മരണകാരണം എന്താണെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുമ്പോള്‍, തൽക്കാലം വിവാഹംപോലെ ആളുകള്‍ ഒരുമിച്ച് കൂടുന്ന പരിപാടികളൊന്നും സംഘടിപ്പിക്കരുതെന്ന് അധികൃതര്‍ ഗ്രാമീണര്‍ക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *