Your Image Description Your Image Description

ലോകത്തെ അതിവേഗം വളരുന്ന വലിയ സമ്പദ്‍വ്യവസ്ഥയെന്ന നേട്ടം ഇന്ത്യ നിലനിർത്തുമെന്ന് രാജ്യാന്തര നാണയനിധിയുടെ (IMF) റിപ്പോർട്ട്. 2024-25ലും 2025-26ലും 2026-27ലും ഇന്ത്യ തന്നെയായിരിക്കും ഒന്നാമത്. രാഷ്ട്രീയ, സാമ്പത്തികരംഗത്ത് ഇന്ത്യയുടെ ശത്രുവായ ചൈനയ്ക്കോ ഏറ്റവും വലിയ സമ്പദ്ശക്തിയായ അമേരിക്കയ്‌ക്കോ ഇന്ത്യയുടെ തൊട്ടടുത്ത് പോലും എത്താനാകില്ല. അമേരിക്കയും ജർമ്മനിയും യുകെയും ജപ്പാനും ഉൾപ്പെടെ ലോകത്തെ വൻ സാമ്പത്തികശക്തികളുടെ വളർച്ചനിരക്ക് 2.5 ശതമാനത്തിൽ കൂടില്ലെന്നും റിപ്പോർ‌ട്ടിലുണ്ട്.

2024-25 മുതൽ 2026-27 വരെ ഓരോ സാമ്പത്തിക വർഷവും ഇന്ത്യക്ക് 6.5 ശതമാനം ജിഡിപി വളർച്ചനിരക്കാണ് ഐഎംഎഫ് പ്രവചിക്കുന്നത്

ആഗോള സമ്പദ്‍വ്യവസ്ഥ 2024ൽ 3.2% വളരുമെന്ന് വിലയിരുത്തിയ ഐഎംഎഫ്, തുടർന്നുള്ള രണ്ടുവർഷങ്ങളിലും 3.3 ശതമാനം വീതം വളർച്ചനിരക്ക് പ്രതീക്ഷിക്കുന്നു. രാജ്യാന്തരതലത്തിൽ പണപ്പെരുപ്പം 2025ൽ 4.2 ശതമാനത്തിലേക്കും 2026ൽ 3.5 ശതമാനത്തിലേക്കും കുറയും. അതേസമയം, പണനയം സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നത് തിരിച്ചടിയാണ്. ഇതു തരണംചെയ്യാൻ മികച്ച നയങ്ങളും സാമ്പത്തിക പരിഷ്കാരങ്ങളും വേണമെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു.
2024 മുതൽ 2026 വരെ ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‍വ്യവസ്ഥയായി ഇന്ത്യ തുടരും.

അമേരിക്കയുടെ വളർച്ചനിരക്ക് 2024ൽ 2.8%, 2025ൽ 2.7%, 2026ൽ 2.1% എന്നിങ്ങനെയായിരിക്കും. ജർമ്മനി 2024ൽ നെഗറ്റീവ് 0.2%, 2025ൽ 0.3%, 2026ൽ 1.1% എന്നിങ്ങനെയാകും വളർന്നേക്കുക. ചൈന 2024ൽ 4.8%, 2025ൽ‌ 4.6%, 2026ൽ 4.5% എന്നിങ്ങനെയുമാകും വളരുക. സ്പെയിൻ, യുകെ, റഷ്യ, ബ്രസീൽ, മെക്സിക്കോ, സൗദി അറേബ്യ, നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നിവയ്ക്കും 4.1 ശതമാനത്തിലധികം വളർച്ചനിരക്ക് ഐഎംഎഫ് വിലയിരുത്തുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *