Your Image Description Your Image Description

പത്തനംതിട്ട : കഴിഞ്ഞ എട്ടരവര്‍ഷത്തിനിടെ സംസ്ഥാനത്ത് ആരോഗ്യരംഗം ഏറെ മെച്ചപ്പെട്ടെന്നും സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓതറ കുടുംബാരോഗ്യ കേന്ദ്രം പുതിയ ഒ പി ബ്ലോക്ക് നിര്‍മാണോദ്ഘാനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി 43 ലക്ഷം ഉപയോഗിച്ചാണ് ഒ പി ബ്ലോക്ക് നിര്‍മാണം. 4900 ചതുരശ്രഅടി കെട്ടിടം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 46 കോടിയുടെ നിര്‍മാണം പുരോഗമിക്കുന്നു. പുതിയ വാര്‍ഡിനായി രണ്ട് കോടി രൂപ അനുവദിച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 30 കോടിയുടെ നിര്‍മാണം നടക്കുന്നു. ഏപ്രില്‍- മെയ് മാസത്തോടെ പൂര്‍ത്തിയാകും. പത്തനംതിട്ട മെഡിക്കല്‍ കൊളജിന്റെ പ്രവര്‍ത്തനവും മികച്ച നിലയിലാണ് പുരോഗമിക്കുന്നത്. ആറന്മുളയില്‍ സഹകരണ എഞ്ചിനീയറിംഗ് കൊളജുമായി ബന്ധപ്പെട്ട് പുതിയ നേഴ്സിംഗ് കൊളജ് അനുവദിച്ചിട്ടുണ്ട്. അടൂര്‍, റാന്നി താലൂക്ക് ആശുപത്രികളില്‍ 15 കോടി രൂപയുടെ വികസനം നടപ്പിലാക്കുകയാണ്.

സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിന്റെ പാശ്ചാത്തലമാണിത്. ലാബ് പരിശോധന എളുപ്പമാക്കുന്ന ‘നിര്‍ണയ’ പദ്ധതി ഈ വര്‍ഷത്തോടെ സംസ്ഥാനമൊട്ടാകെ നടപ്പാക്കും. തിരുവനന്തപുരം ആര്‍സിസിയില്‍ റോബോട്ടിക് സര്‍ജറിയുണ്ട്. കരള്‍, മജ്ജ മാറ്റിവയ്ക്കല്‍ സൗകര്യം കോട്ടയത്തും മലബാര്‍ കാന്‍സര്‍ സെന്ററിലും സജ്ജമാക്കി. ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി നാല് മുതല്‍ മാര്‍ച്ച് എട്ടു വരെ 30 കഴിഞ്ഞ സ്ത്രീകള്‍ക്ക് ബ്രെസ്റ്റ്, സെര്‍വിക്കല്‍ കാന്‍സര്‍ സ്‌ക്രീനിങ്ങ് ടെസ്റ്റ് നടത്താന്‍ ഉദ്ദേശിക്കുന്നു. ആരോഗ്യരംഗത്ത് കേരളത്തിന്റെ പ്രവര്‍ത്തനം വികസിത രാജ്യങ്ങള്‍ക്ക് തുല്യമാണെന്ന് മന്ത്രി വ്യക്തമാക്കി.

ഇരവിപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരന്‍പിള്ള അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതാകുമാരി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ് ശ്രീകുമാര്‍, ആര്‍ദ്രം മിഷന്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. അംജിത്ത് രാജീവന്‍, ഓതറ കുടംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. റ്റിറ്റു ജി സക്കറിയ, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *