Your Image Description Your Image Description

ചെന്നൈ: പക്ഷാഘാതം വന്നവരെ കൈകളുടെ ചലനശേഷി വീണ്ടെടുക്കാന്‍ സഹായിക്കുന്ന ചെലവുകുറഞ്ഞ യന്ത്രമനുഷ്യനെ വികസിപ്പിച്ച് മദ്രാസ് ഐ.ഐ.ടി.യും വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജും (സി.എം.സി.). ഈ റോബോട്ട് സാങ്കേതിക വിദ്യാ കൈമാറ്റത്തിലൂടെ നിര്‍മിച്ചു വിതരണംചെയ്യുന്നത് ചെന്നൈ ആസ്ഥാനമായുള്ള ത്രൈവ് റിഹാബ് സൊലൂഷന്‍സാണ്.

ഒരൊറ്റ മോട്ടോറിന്റെ കറക്കം ഉപയോഗപ്പെടുത്തി കൈകളുടെ വിവിധ ചലനങ്ങള്‍ അനുകരിക്കുന്ന യന്ത്രമനുഷ്യന് പ്ലഗ് ആന്‍ഡ് ട്രെയിന്‍ റോബോട്ട് ഫോര്‍ ഹാന്‍ഡ് ന്യൂറോ റിഹാബിലിറ്റേഷന്‍ (പ്ലൂട്ടോ) എന്നാണ് പേരിട്ടിരിക്കുന്നത്. ഫിസിയോ തെറാപ്പിസ്റ്റിന്റെ ജോലി ചെയ്യുന്ന കുഞ്ഞന്‍ റോബോട്ട് കൈകളുടെ ചലനശേഷി കുറഞ്ഞവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സഹായിക്കും.

സി.എം.സി. ബയോ എന്‍ജിനിയറിങ് വിഭാഗത്തിലെ പ്രൊഫ. ശിവകുമാര്‍ ബാലസുബ്രഹ്‌മണ്യന്റെയും ഐ.ഐ.ടി. മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തിലെ പ്രൊഫ. സുജാതാ ശ്രീനിവാസന്റെയും നേതൃത്വത്തിലാണ് പ്ലൂട്ടോ വികസിപ്പിച്ചത്. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ വിവിധ സംസ്ഥാനങ്ങളിലെ 11 ക്ലിനിക്കുകളിലായി ആയിരത്തിലേറെ രോഗികളില്‍ പരീക്ഷിച്ച ശേഷമാണ് പ്ലൂട്ടോ വിപണിയിലിറക്കുന്നത്. ആശുപത്രികളിലും റിഹാബിലിറ്റേഷന്‍ സെന്ററുകളിലും വീടുകളിലും ഇത് ഉപയോഗിക്കാന്‍ കഴിയും. ഫിസിയോ തെറാപ്പിക്കായി വീടുകളില്‍ പരീക്ഷിക്കപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ നിര്‍മിത റോബോട്ടാണ് പ്ലൂട്ടോയെന്ന് പ്രൊഫ. ശിവകുമാര്‍ ബാലസുബ്രഹ്‌മണ്യന്‍ പറഞ്ഞു.

പക്ഷാഘാതം, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ രോഗങ്ങള്‍ കൊണ്ടോ ശസ്ത്രക്രിയക്കു ശേഷമോ കൈകളുടെ ചലനശേഷി കുറഞ്ഞവര്‍ക്ക് പ്ലൂട്ടോ ഉപകരിക്കും. കൈകള്‍ ചലിപ്പിക്കുന്നതിനും ചലന രീതികള്‍ വിലയിരുത്തുന്നതിനുമുള്ള സംവിധാനം ഇതിലുണ്ട്. ഫിസിയോ തെറാപ്പിയില്‍ സഹായിക്കുന്നതിന് നേരത്തേതന്നെ റോബോട്ടുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അവയെല്ലാം വളരെ ചെലവുകൂടിയതും സങ്കീര്‍ണ സങ്കേതങ്ങളെ ആശ്രയിക്കുന്നതുമാണ്. എന്നാല്‍, ലളിതവും കുറഞ്ഞ ചെലവില്‍ നിര്‍മിക്കാവുന്നതും കൊണ്ടുനടക്കാന്‍ പറ്റിയ വലുപ്പം മാത്രമുള്ളതുമാണ് പ്ലൂട്ടോ.

Leave a Reply

Your email address will not be published. Required fields are marked *