Your Image Description Your Image Description

കൊല്‍ക്കത്ത: കൊല്‍ത്തയിലെ ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജിലെ ഡ്യൂട്ടി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. സമാനതകളില്ലാത്ത ക്രൂര കൊലപാതകത്തില്‍ രാജ്യവ്യാപകമായി തെരുവില്‍ പ്രതിഷേധമുയര്‍ന്നത് മമത ബാനര്‍ജി സര്‍ക്കാറിനെ വെള്ളം കുടിപ്പിച്ചിരുന്നു. കൂടുതല്‍ പേര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന നിലപാടില്‍ കൊല്ലപ്പെട്ട ട്രെയിനി ഡോക്ടറുടെ കുടുംബം ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. ഇന്ന് സീല്‍ദാ കോടതിയിലെ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി വിധി പറയുന്നത്.

2024 ആഗസ്റ്റ് 9 നാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂര കൊലപാതകം നടന്നത്. കൊല്‍ക്കത്ത ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജിലെ നാലാം നിലയില്‍ കൊല്ലപ്പെട്ട ട്രെയിനി ഡോക്ടറായ 31 കാരിയായ യുവതിയുടെ മൃതദേഹം പിറ്റേന്ന് രാവിലെയാണ് കണ്ടത്. ആന്തരികാവയവങ്ങള്‍ക്ക് വരെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി. എന്നാല്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ 14 മണിക്കൂര്‍ വൈകിയതടക്കം സംസ്ഥാന സര്‍ക്കാറിന്റെ നടപടികളില്‍ ആദ്യഘട്ടത്തില്‍തന്നെ സംശയങ്ങളുയര്‍ന്നിരുന്നു.

ആശുപത്രിയിലെ സെമിനാര്‍ മുറിയില്‍ നിന്ന് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയതിന് തൊട്ടു പിന്നാലെ 10 നാണ് കൊല്‍ക്കത്ത പോലീസ് റോയിയെ അറസ്റ്റ് ചെയ്തത്. പിന്നീട് അന്വേഷണം കല്‍ക്കട്ട ഹൈകോടതി സി.ബി.ഐ യ്ക്ക് കൈമാറുകയും വധശിക്ഷ നല്‍കണെമെന്ന് ഏജന്‍സി ആവശ്യപ്പെടുകയും ചെയ്തു. നവംബര്‍ 12 ന് ആരംഭിച്ച വിചാരണയില്‍ 50 സാക്ഷികളെ വിസ്തരിച്ചു. ജനുവരി 9 നാണ് വിചാരണ അവസാനിച്ചത്. കുറ്റകൃത്യത്തില്‍ മറ്റുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നതിനാല്‍, അവരെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ വിചാരണ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ഇരയുടെ മാതാപിതാക്കള്‍ പറഞ്ഞു. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഇവര്‍ കോടതിയില്‍ അപേക്ഷയും നല്‍കിയിട്ടുണ്ട്.ഡോക്ടറുടെ കൊലപാതകം, രാജ്യ വ്യാപകമായ രോഷത്തിനും ഇരയ്ക്ക് നീതി ലഭിക്കണമെന്നും ആശുപത്രികളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കണമെന്നും ആവശ്യപ്പെട്ട് കൊല്‍ക്കത്തയിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ നീണ്ട പ്രതിഷേധത്തിനും കാരണമായിരുന്നു.

ആര്‍ ജി കാര്‍ ആശുപത്രിയിലെ ബലാത്സംഗവും കൊലപാതകവും സംബന്ധിച്ച് സ്വമേധയാ കേസ് എടുത്ത സുപ്രീം കോടതി, രാജ്യത്തുടനീളമുള്ള ഡോക്ടര്‍മാരുടെയും മറ്റ് മെഡിക്കല്‍ പ്രൊഫഷണലുകളുടെയും സുരക്ഷയ്ക്കായി പ്രോട്ടോക്കോള്‍ നിര്‍ദ്ദേശിക്കുന്നതിനായി ദേശീയ ടാസ്‌ക് ഫോഴ്സ് (എന്‍ടിഎഫ്) രൂപീകരിച്ചു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് എന്‍ടിഎഫ് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *