Your Image Description Your Image Description

മുംബൈ: തുടര്‍ച്ചയായ തോല്‍വികള്‍ക്ക് പിന്നാലെ പരിശീലകന്‍ ഗൗതം ഗംഭീറും ഇന്ത്യന്‍ ടീമിലെ മുതിര്‍ന്ന താരങ്ങളും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്‌. ടീമിലെ പ്രശ്‌നങ്ങളടക്കം ചര്‍ച്ച ചെയ്തുകൊണ്ടുള്ള ബിസിസിഐയുടെ അവലോകന യോഗം ഇതിനോടകം തന്നെ ചേര്‍ന്നിരുന്നു. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ചില സീനിയര്‍ താരങ്ങള്‍ ഹോട്ടലുകളെക്കുറിച്ചും പരിശീലന സമയത്തെക്കുറിച്ചും പ്രത്യേക ഡിമാന്‍ഡുകള്‍ വെച്ചതില്‍ മുഖ്യ പരിശീലകന്‍ തൃപ്തനല്ലെന്നാണ് വിവരം.

അതേസമയം ഗംഭീറിന്റെ ഭാഗത്ത്‌ നിന്ന് കൃത്യമായ ആശയവിനിമയം ഉണ്ടായിട്ടില്ലെന്നാണ് സീനിയര്‍ താരങ്ങൾ പറയുന്നത്. ഇതു കൂടാതെ ദേശീയ സെലക്ഷന്‍ കമ്മിറ്റിയും ഗംഭീറുമായി അത്ര രസത്തിലല്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സെലക്ഷന്‍ കാര്യങ്ങളില്‍ ഹെഡ് കോച്ചായിട്ടുള്ള ഗംഭീര്‍ കൂടുതല്‍ അഭിപ്രായം പറയേണ്ടതില്ലെന്നാണ് ഇവരുടെ നിലപാട്.

മുന്‍ ഇന്ത്യന്‍ ടീം പരിശീലകന്‍ ഗ്രെഗ് ചാപ്പലിന്റെ ശൈലിയിലേക്ക് ഗംഭീര്‍ പോകുന്നതായി ഒരു മുന്‍സെലക്ടറെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ചാപ്പലിന്റെ ശൈലിയെത്തുടര്‍ന്ന് ടീമില്‍ വലിയ അസ്വാരസ്യങ്ങള്‍ രൂപപ്പെട്ടിരുന്നു. ചാപ്പല്‍ ശൈലി ഇന്ത്യയില്‍ നടപ്പിലാകില്ലെന്ന് മുന്‍ സെലക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഗംഭീറിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ഓസ്ട്രേലിയയില്‍ ടീമിനൊപ്പം ഇടപെടലുകള്‍ നടത്തിയതിലും ബിസിസിഐ കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്.അഡ്‌ലെയ്ഡില്‍ ബിസിസിഐയുടെ വിഐപി ബോക്‌സില്‍ ഇയാള്‍ ഇടം നേടിയതും മറ്റും ബോര്‍ഡ് ഭാരവാഹികളെ പ്രകോപിപ്പിച്ചിട്ടുണ്ട്. ടീം അംഗങ്ങള്‍ക്കായി മാത്രം ഒരുക്കിയിട്ടുള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ ഇയാള്‍ താമസിച്ചതിന്റെയും മറ്റും റിപ്പോര്‍ട്ട് ബിസിസിഐക്ക് ലഭിച്ചിരുന്നു. അടുത്തിടെ നടന്ന ബിസിസിഐ അവലോകന യോഗത്തില്‍ ഗംഭീറിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റിന് വിലക്കേർപ്പെടുത്താൻ ധാരണയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *