Your Image Description Your Image Description

ഹൈദരാബാദ്: സ്വകാര്യ വ്യക്തി ഭൂമി പാട്ടത്തിന് എടുത്ത് ആരംഭിച്ച ഡെക്കാന്‍ കിച്ചണ്‍ എന്ന റെസ്റ്റോറന്റ് പൊളിച്ച കേസില്‍ ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് നടന്‍ വെങ്കിടേഷ് ദഗ്ഗുബതി, അദ്ദേഹത്തിന്റെ അനന്തരവനും നടനുമായ റാണാ ദഗ്ഗുബതി, നിര്‍മ്മാതാവ് ഡി.സുരേഷ് ബാബു, മകന്‍ ഡി.അഭിറാം എന്നിവര്‍ക്കും എതിരെ കേസ് എടുത്ത് ഹൈദരാബാദ് ഫിലിംനഗര്‍ പോലീസ്.

നന്ദകുമാര്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് കേസ്. പ്രതികളായവര്‍ തന്റെ റസ്റ്റോറന്റ് പൊളിച്ചുനീക്കിയെന്നും ഇതിലൂടെ തനിക്ക് കാര്യമായ സാമ്പത്തിക നഷ്ടം സംഭവിച്ചുവെന്നുമാണ് നന്ദകുമാര്‍ പറയുന്നത്. ദഗ്ഗുബതി കുടുംബത്തിന്റെ കൈയ്യിലുള്ള ജൂബിലി ഹില്‍സിലെ ഫിലിംനഗര്‍ റോഡ് നമ്പര്‍ 1-ലെ പ്ലോട്ട് നമ്പര്‍ 2, 3 എന്നീ സ്ഥലങ്ങള്‍ പാട്ടത്തിനെടുത്ത് റസ്റ്റോറന്റ് നടത്തിവരുകയായിരുന്നു പരാതിക്കാരന്‍.

ഡെക്കാന്‍ കിച്ചന്‍ എന്ന റെസ്റ്റോറന്റ് ആരംഭിക്കുന്നതിന് 20 കോടി രൂപയുടെ ഗണ്യമായ നിക്ഷേപങ്ങളാണ് 2014 ലെ പാട്ടക്കരാറിലൂടെ വാടകയ്ക്ക് എടുത്ത സ്ഥലത്ത് താന്‍ നടത്തിയത് എന്നാണ് നന്ദകുമാര്‍ പറയുന്നത്. എന്നാല്‍ 2018-ല്‍ ഈ കരാര്‍ തര്‍ക്കമാവുകയും ഇത് നിയമയുദ്ധത്തിലേക്ക് നീങ്ങുകയും ചെയ്തു. ഹൈദരാബാദിലെ സിറ്റി സിവില്‍ കോടതിയിലെ അഡീഷണല്‍ ചീഫ് ജഡ്ജിയുടെ നിലവിലുള്ള ഇടക്കാല ഉത്തരവ് അവഗണിച്ച് 2022 നവംബറില്‍ ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ജിഎച്ച്എംസി) പാട്ടത്തിന് എടുത്ത വസ്തുവിലെ ഹോട്ടലിന്റെ ഭാഗങ്ങള്‍ പൊളിക്കാന്‍ ശ്രമിച്ചുവെന്ന് പരാതിക്കാരന്‍ ആരോപിച്ചു.

‘കോടതി ഈ പൊളിക്കല്‍ നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ 2022 നവംബര്‍ 13-ന് വൈകുന്നേരം പ്രതികള്‍ റസ്റ്റോറന്റ് പൊളിക്കാനും വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കാനും 50 മുതല്‍ 60 വരെ വ്യക്തികളെ വെച്ച് ശ്രമം നടത്തി’ എന്നാണ് കുമാര്‍ പറയുന്നത്.
പിന്നീട് 2024 ജനുവരിയില്‍ ദഗ്ഗുബതി കുടുംബം കെട്ടിടം പൂര്‍ണമായും പൊളിച്ചുമാറ്റിയെന്നും കുമാര്‍ പറയുന്നത്. കോടതി ഉത്തരവുകള്‍ ലംഘിച്ചാണ് ഈ നീക്കം എത്തതിനാല്‍ നന്ദകുമാര്‍ കോടതിയെ സമീപിച്ചു, വിഷയം അന്വേഷിക്കാന്‍ കോടതി പോലീസിനോട് ഉത്തരവിട്ടു. കേസില്‍ നടപടികള്‍ തുടരുകയും ശനിയാഴ്ച കോടതി ദഗ്ഗുബതി കുടുംബത്തിലെ പരാതിയില്‍ പറയുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *