Your Image Description Your Image Description

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍.എം വിജയന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണത്തിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അവസരം നോക്കി നടക്കുന്ന ചോരക്കൊതിയനായ കുറുക്കന്റെ സ്വഭാവം സിപിഐഎം സംസ്ഥാന സെക്രട്ടറി കാട്ടരുതെന്ന് കെ സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും കുറ്റവാളികളുടെ സംരക്ഷണം കോണ്‍ഗ്രസ് രീതിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കുടുംബനാഥന്‍ നഷ്ടപ്പെട്ട വീട്ടില്‍ പോയി രാഷ്ട്രീയ ലാഭത്തിന് സിപിഐഎം ശ്രമിക്കുന്നുവെന്നും സുധാകരന്‍ ആരോപിച്ചു.
തന്റെ ജീവിത സമ്പാദ്യമത്രയും സിപിഎം നേതാക്കള്‍ കട്ട് കൊണ്ട് പോയി ആര്‍ഭാട ജീവിതം നയിക്കുന്നത് കണ്ട് ജീവിതമവസാനിപ്പിച്ച കട്ടപ്പനയിലെ സാബു തോമസിന്റെ വീട്ടിലേക്കാണ് വയനാട് ചുരം കയറുന്നതിന് മുന്നേ ഗോവിന്ദന്‍ പോകേണ്ടിയിരുന്നത്. എന്‍ എം വിജയന്റെ കുടുംബത്തിനൊപ്പമാണ് കോണ്‍ഗ്രസെന്ന് സുധാകരന്‍ വ്യക്തമാക്കി.

കെ സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എന്‍.എം വിജയന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം അവരെ സംരക്ഷിക്കും എന്ന് എംവി ഗോവിന്ദന്‍ പറഞ്ഞതായിട്ടുള്ള മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടു. അവസരം നോക്കി നടക്കുന്ന ചോരക്കൊതിയനായ കുറുക്കന്റെ സ്വഭാവം സിപിഎം സംസ്ഥാന സെക്രട്ടറി കാട്ടരുത് എന്നാണ് എനിക്ക് അഭ്യർത്ഥിക്കാൻ ഉള്ളത്.

അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ടു ഉണ്ടായ വിവാദങ്ങളിൽ കോൺഗ്രസ്‌ പാർട്ടി ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. സിപിഎമ്മിനെ പോലെ കുറ്റവാളികളുടെ സംരക്ഷണം ഞങ്ങളുടെ രീതിയോ ലക്ഷ്യമോ അല്ല. കുടുംബനാഥൻ നഷ്ടപ്പെട്ട ഒരു വീട്ടിൽ പോയി രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ നോക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി നെറികെട്ട രാഷ്ട്രീയമാണ് കളിക്കുന്നത്.

തന്റെ ജീവിത സമ്പാദ്യമത്രയും സിപിഎം നേതാക്കൾ കട്ട് കൊണ്ട് പോയി ആർഭാട ജീവിതം നയിക്കുന്നത് കണ്ട് ജീവിതമവസാനിപ്പിച്ച കട്ടപ്പനയിലെ സാബു തോമസിന്റെ വീട്ടിലേക്കാണ് വയനാട് ചുരം കയറുന്നതിന് മുന്നേ ഗോവിന്ദൻ പോകേണ്ടിയിരുന്നത്.

എം വി ഗോവിന്ദന്റെ ജീവിത പങ്കാളി ഭരണം നിയന്ത്രിച്ചിരുന്ന ആന്തൂർ മുനിസിപ്പാലിറ്റിയിൽ ആണ് സിപിഎം പ്രവർത്തകൻ കൂടിയായ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്തത് എന്ന് ഗോവിന്ദൻ മറക്കരുത്. ഒരാളുടെ മരണത്തിനു കാരണക്കാരി ആയ ജീവിതപങ്കാളിയെ ന്യായീകരിക്കൂന്ന ഗോവിന്ദൻ കോൺഗ്രസിനെ ഉപദേശിക്കാൻ ബുദ്ധിമുട്ടേണ്ട കാര്യമില്ല.

ആർ.എസ്.എസ് കാപാലികർ ബോംബ് എറിഞ്ഞു കൊല്ലാൻ നോക്കിയ അസ്ന എന്ന കുഞ്ഞു ബാലികയെ ചോരയിൽ നിന്നും പൊക്കി എടുത്തു ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌. അവൾ ഇന്നൊരു ഡോക്ടർ ആയി കണ്ണൂരിൽ പാവങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു. അവളെ ബോംബ് എറിഞ്ഞ ആർ.എസ്.എസ് നേതാവ് ഇന്ന് സിപിഎം നേതാവാണ്. ഇതാണ് കോൺഗ്രസ്‌ പാർട്ടിയും സിപിഎമ്മും തമ്മിൽ ഉള്ള വ്യത്യാസം.

എൻ എം വിജയന്റേത് കോൺഗ്രസ്‌ കുടുംബമാണ്. അവർക്കൊപ്പം തന്നെയാണ് കോൺഗ്രസ്‌ പാർട്ടിയും അണികളും നേതൃത്വവും. നുണ പറഞ്ഞത് കൊണ്ട് വസ്തുതകൾ ഇല്ലാതാകില്ലെന്ന് ക്രിമിനലുകൾക്കൊപ്പം പ്രാതൽ കഴിച്ചും തട്ടിപ്പുകാർക്ക് ഒപ്പം ഉച്ചഭക്ഷണം കഴിച്ചും കൊള്ളക്കാർക്കൊപ്പം അത്താഴം കഴിച്ചും ഉറങ്ങുന്ന എം.വി ഗോവിന്ദൻ ഓർത്താൽ നന്ന്.

Leave a Reply

Your email address will not be published. Required fields are marked *